രക്തത്തില്‍ 'ഗ്ലൂക്കോസി'ന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് 'പ്രമേഹം' എന്ന് പറയുന്നത്. ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനിയാണ് പ്രമേഹം. പ്രായഭേദമന്യേ ഇന്ന് മിക്കവരിലും പ്രമേഹം കണ്ടുവരുന്നു. ക്രമരഹിതമായ ഭക്ഷണക്രമം, പൊണ്ണത്തടി, വ്യായാമക്കുറവ് എന്നിവയൊക്കെയാണ് പ്രധാന കാരണങ്ങളും. 

ഇന്ന് മിക്കവരിലും 'ടൈപ്പ് 2' പ്രമേഹമാണ് കണ്ട് വരുന്നത്. ശരീരത്തില്‍ ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ' ടൈപ്പ് 2'  പ്രമേഹം. ഇത് കാലക്രമേണ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ത്തുകയും നിരവധി രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. 

നിരന്തരമായ വിശപ്പ്, ക്ഷീണം, അമിതമായ ദാഹം, ചൊറിച്ചില്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടർന്നാൽ പ്രമേഹത്തെ ചെറുക്കാൻ സാധിക്കും. പ്രമേഹ സാധ്യത കുറയ്ക്കുന്ന പ്രധാനപ്പെട്ട ആറ് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

1. പയർവർ​ഗങ്ങൾ...

ടൈപ്പ് 2 പ്രമേഹത്തെ തടയാൻ സഹായിക്കുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് 'പയർവർ​ഗങ്ങൾ'. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും പയർവർ​ഗങ്ങൾ കഴിക്കുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത 35 ശതമാനം കുറവാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പയർ, നിലക്കടല, ബീൻസ് എന്നിവയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു.

 

2. പച്ച ഇലക്കറികൾ...

ചീരയും മറ്റ് പച്ച ഇലക്കറികളും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ തടയാൻ സാധിക്കും. പച്ച ഇലക്കറികളിൽ വിറ്റാമിൻ സി, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ടൈപ്പ് 2 പ്രമേഹത്തെ തടയാൻ സഹായിക്കുന്നു. 

 

3. ധാന്യങ്ങൾ...

'ചെറുധാന്യങ്ങൾ' പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം തടയാൻ സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇവയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിശപ്പു കുറയ്‌ക്കാന്‍ സഹായിക്കുന്നു. 

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന നാല് തരം സ്‌നാക്‌സ്...

 

4. തെെര്...

തെെരിൽ കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്നു. തൈരിലെ 'പ്രോബയോട്ടിക്സ്' രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. (നല്ല ബാക്ടീരിയ അല്ലെങ്കില്‍ സഹായകരമായ ബാക്ടീരിയ എന്നറിയപ്പെടുന്നതാണ് 'പ്രോബയോട്ടിക്സ്'. കാരണം അവ നിങ്ങളുടെ കുടലിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു). എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിൽ തെെര് ഉൾ‌പ്പെടുത്തുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് മിക്ക പഠനങ്ങളും സൂചിപ്പിക്കുന്നു.

 

5. നട്സ്...

പ്രമേഹം ചെറുക്കാൻ ഏറ്റവും മികച്ചതാണ് 'നട്സ്'. പ്രമേഹരോ​ഗികൾ ദിവസവും അഞ്ചോ ആറോ നട്സ് കഴിക്കുന്നത് ശീലമാക്കണമെന്ന് വിദ​ഗ്ധർ പറയുന്നു. ( പിസ്ത, അണ്ടിപരിപ്പ്, വാള്‍നട്ട്‌സ്, ബദാം ഇങ്ങനെ ഏത് നട്സ് വേണമെങ്കിലും കഴിക്കാവുന്നതാണ്). 

 

6. ഉലുവ....

 പ്രമേഹനിയന്ത്രണത്തിന് ഏറ്റവും മികച്ച മറ്റൊരു ഭക്ഷണമാണ് 'ഉലുവ'.  ഉലുവയില്‍ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ദിവസവും ഉലുവ പൊടിച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഉലുവ തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹത്തെ ചെറുക്കാൻ മാത്രമല്ല ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റുന്നതിനും ഏറെ ​ഗുണം ചെയ്യുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

പ്രമേഹം ഹൃദയത്തെ ബാധിക്കാതിരിക്കാന്‍ നിര്‍ബന്ധമായും ചെയ്യേണ്ടത്...