കൊവിഡ് 19ന് പുതിയ ലക്ഷണങ്ങൾ കൂടി കണ്ടെത്തിയതായി യു.എസ്. ആരോഗ്യ വിദ​ഗ്ധർ. യുഎസ് ആസ്ഥാനായി പ്രവർത്തിക്കുന്ന 'സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് (സിഡിസ)' പുതിയ ലക്ഷണങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. 

 രാജ്യാന്തര തലത്തില്‍ രോഗികളെ നിരീക്ഷിക്കുകയും രോഗാവസ്ഥ വിലയിരുത്തുകയും ചെയ്യുന്ന സിഡിസിയിലെ ഗവേഷകര്‍ പുതിയ ചില രോഗലക്ഷണങ്ങള്‍ കൂടി അവരുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.കുളിര്‍, ഇടവിട്ടുള്ള വിറയലും കുളിരും, പേശികള്‍ക്ക് വേദന, തലവേദന, മണവും രുചിയും നഷ്ടമാകല്‍ എന്നിവയാണ് പുതിയതായി തിരിച്ചറിഞ്ഞ രോഗലക്ഷണങ്ങള്‍.

കൊവിഡ് 19; രോഗികളില്‍ രക്തം കട്ടപിടിക്കുന്നത് പുതിയ വെല്ലുവിളിയാകുമോ? ...

എന്നാല്‍ ഈ രോഗ ലക്ഷണങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ വെബ് പേജില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പനി, വരണ്ട ചുമ, ക്ഷീണം, തൊണ്ടവേദന, മൂക്കൊലിപ്പ്, വയറിളക്കം എന്നിവയാണ് കൊവിഡ് ലക്ഷണങ്ങളായി ലോകാരോഗ്യ സംഘടനയുടെ വെബ്പേജില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.

 അസുഖം ബാധിച്ചവര്‍ക്ക് മിതമായ ലക്ഷണങ്ങള്‍ മുതല്‍ കഠിനമായ ലക്ഷണങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും വൈറസ് ബാധിച്ച് 2-14 ദിവസത്തിന് ശേഷം ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്നും സിഡിസി അതിന്റെ വെബ്സൈറ്റില്‍ പറയുന്നു. 

കൊവിഡ്: ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും പകരുന്നു; ചൈനയുടെ പഠനം പറയുന്നത്....

വൈറസ് ബാധിക്കുന്ന 80 ശതമാനം പേര്‍ക്കും ചെറിയതോതില്‍ മാത്രമേ ലക്ഷണങ്ങള്‍ പ്രകടമാകുകയുള്ളു. ഭൂരിപക്ഷം പേര്‍ക്കും പെട്ടെന്നു തന്നെ രോഗം ഭേദമാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അഞ്ചില്‍ ഒരാള്‍ക്ക് മാത്രമേ രോഗം വഷളാകുകയും ശ്വാസതടസം നേരിടുകയും ചെയ്യുകയുള്ളുവെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു. 

പ്രായമായവർ, ഉയർന്ന രക്തസമ്മർദ്ദം, ശ്വാസകോശ സംബന്ധമായ പ്രശ്നമുള്ളവർ, പ്രമേഹം അല്ലെങ്കിൽ ക്യാൻസർ തുടങ്ങിയ രോഗമുള്ളവർക്ക് കൊവിഡ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.