Asianet News MalayalamAsianet News Malayalam

സ്കിൻ പ്രശ്നങ്ങളോ? പുരുഷന്മാര്‍ ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങള്‍ ഇവയാണ്...

കാലാവസ്ഥ, ജീവിതരീതികള്‍, ആരോഗ്യാവസ്ഥകള്‍ എന്നിവയെല്ലാം നമ്മുടെ ചര്‍മ്മത്തെ ബാധിക്കാറുണ്ട്. അതിനാല്‍ തന്നെ എത്തരത്തിലുള്ള പ്രശ്നങ്ങളാണോ നാം നേരിടുന്നത്, അതിന് അനുസരിച്ചുള്ള പരിഹാരങ്ങള്‍ കാണേണ്ടതുണ്ട്. 

skin care tips for men to keep their skin healthy hyp
Author
First Published May 26, 2023, 12:54 PM IST

സ്കിൻ കെയര്‍ എന്ന് പറഞ്ഞുകേള്‍ക്കുമ്പോള്‍ തന്നെ അത് സ്ത്രീകള്‍ക്കുള്ളതാണ് എന്ന ചിന്തയിലേക്കാണ് മിക്കവരും എത്തുക. എന്നാല്‍ സ്കിൻ കെയര്‍ എന്നത് പ്രായ-ലിംഗ ഭേദമെന്യേ ഏവരും ചെയ്യേണ്ടതാണ്.

കാലാവസ്ഥ, ജീവിതരീതികള്‍, ആരോഗ്യാവസ്ഥകള്‍ എന്നിവയെല്ലാം നമ്മുടെ ചര്‍മ്മത്തെ ബാധിക്കാറുണ്ട്. അതിനാല്‍ തന്നെ എത്തരത്തിലുള്ള പ്രശ്നങ്ങളാണോ നാം നേരിടുന്നത്, അതിന് അനുസരിച്ചുള്ള പരിഹാരങ്ങള്‍ കാണേണ്ടതുണ്ട്. 

പൊതുവെ സ്കിൻ കെയറിന്‍റെ കാര്യത്തില്‍ ഏറെ പിന്നിലാണ് പുരുഷന്മാര്‍. ഏറ്റവും സാധാരണമായി ശ്രദ്ധിക്കേണ്ടതും എന്നാല്‍ പുരുഷന്മാര്‍ ശ്രദ്ധിക്കാതെ നിസാരമാക്കി വിടുന്നതുമായ ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

സ്കിൻ കെയറില്‍ ഏറ്റവും അടിസ്ഥാനമായി വരുന്നൊരു സംഗതിയാണ് ക്ലെൻസിംഗ്. അത്ര തീവ്രതയില്ലാത്ത ഒരു ക്ലെൻസര്‍ ദിവസവും ഉപയോഗിച്ച് ശീലിക്കുക. ചര്‍മ്മത്തിലെ അഴുക്കും അനാവശ്യമായ എണ്ണമയവും എല്ലാം കളയാനാണ് ക്ലെൻസര്‍ ഉപയോഗിക്കുന്നത്. 

രണ്ട്...

മോയിസ്ചറൈസറിന്‍റെ ഉപയോഗമാണ് രണ്ടാമതായി പരിശീലിക്കേണ്ടത്. ഇതും മിക്ക  പുരുഷന്മാരും ചെയ്യാറില്ല. നിങ്ങളുടെ സ്കിൻ ടൈപ്പ് അനുസരിച്ചുള്ളൊരു മോയിസ്ചറൈസര്‍ വാങ്ങി പതിവായി ഉപയോഗിക്കുക. സ്കിൻ ജലാംശമുള്ളതാക്കി നിര്‍ത്താനും ഡ്രൈ ആകാതിരിക്കാനുമാണ് മോയിസ്ചറൈസര്‍ ഉപയോഗിക്കുന്നത്. വെളിച്ചെണ്ണയും ഇത്തരത്തില്‍ ഉപയോഗിക്കാവുന്നതാണ്. 

മൂന്ന്...

വെയിലേല്‍ക്കുന്നത് കൊണ്ടുണ്ടാകുന്ന ചര്‍മ്മപ്രശ്നങ്ങള്‍ ഏറ്റവുമധികം കാണപ്പെടുന്നത് പുരുഷന്മാരില്‍ തന്നെയാണ്. ഈ പ്രശ്നങ്ങളൊഴിവാക്കാൻ സണ്‍സ്ക്രീൻ ഉപയോഗം പതിവാക്കണം. ഇതും പുരുഷന്മാര്‍ ചെയ്യാൻ മടിക്കുന്ന കാര്യമാണ്. എന്നാല്‍ സണ്‍സ്ക്രീൻ ഉപയോഗം നിര്‍ബന്ധമാണ്. സ്കിൻ ചെറുപ്പമായിരിക്കാനും, കരുവാളിപ്പോ ചുളിവുകളോ പടരാതിരിക്കാനുമെല്ലാം ഇത് സഹായിക്കുന്നു. 

നാല്...

സ്കിൻ എക്സ്ഫോളിയേറ്റ് ചെയ്യുക- അഥവാ സ്കിന്നില്‍ അടിഞ്ഞുകൂടുന്ന നാശമായ കോശങ്ങളെ ഒഴിവാക്കുന്നതും നിര്‍ബന്ധമായി ചെയ്യേണ്ടതാണ്. ഇതിനായി സ്ക്രബ് ഉപയോഗിക്കാം. ആഴ്ചയിലൊരിക്കലെങ്കിലും സ്ക്രബ് ഉപയോഗിക്കുന്നതാണ് അഭികാമ്യം. 'നാച്വറല്‍' ആയ സ്ക്രബ്ബുകളും ഇതിനായി ഉപയോഗിക്കാം. 

അഞ്ച്...

സ്കിന്നിന്‍റെ ആരോഗ്യത്തിലേക്ക് വരുമ്പോള്‍ നാം എത്ര വെള്ളം കുടിക്കുന്നുവെന്നത് ഏറെ പ്രധാനമാണ്. പുരുഷന്മാര്‍ പൊതുവെ വെള്ളം കുടിക്കുന്നതും കുറവാകാറുണ്ട്. അതിനാല്‍ ദിവസവും ആവശ്യമായത്രയും വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. 

ആറ്...

ഷേവ് ചെയ്യുമ്പോള്‍ ചര്‍മ്മത്തിന് പരമാവധി പ്രശ്നമുണ്ടാകാതെ ശ്രദ്ധിക്കണം. ഇക്കാര്യവും പലരും നോക്കാറില്ലെന്നതാണ് സത്യം. ഉപയോഗിക്കുന്ന ബ്ലേഡ്, അത് എത്ര അകലത്തില്‍ വയ്ക്കുന്നു, ഏത് ദിശയിലാണ് ഷേവ് ചെയ്യുന്നത്, ക്രീം ഉപയോഗിക്കുന്നുവോ ഇല്ലയോ എന്നിങ്ങനെ എല്ലാ കാര്യങ്ങളും പ്രധാനം തന്നെയാണ്. 

Also Read:- വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് മല്ലിയില ഇങ്ങനെ ഉപയോഗിച്ചുനോക്കാം...

 

Follow Us:
Download App:
  • android
  • ios