Asianet News MalayalamAsianet News Malayalam

നിങ്ങളുടെ പ്രായത്തിന് എത്ര ഉറക്കം വേണം?; പ്രായവും ഉറക്കത്തിന്‍റെ കണക്കും...

സത്യത്തില്‍ ഉറക്കത്തെ കുറിച്ച് പറയുമ്പോള്‍ പ്രായത്തെ കുറിച്ചും പ്രതിപാദിക്കേണ്ടതുണ്ട്. എന്നുവച്ചാല്‍ ഓരോരുത്തരുടെയും പ്രായത്തിന് അനുസരിച്ചാണ് എത്ര സമയം ഉറങ്ങണമെന്ന് തീരുമാനിക്കേണ്ടത്. ഇത് വിശദമായി അറിയാം

sleeping hours must depends upon your age
Author
First Published Jan 25, 2024, 3:05 PM IST

ഉറക്കം ആരോഗ്യത്തിന്‍റെ അടിസ്ഥാനമാണ്. രാത്രിയില്‍ സുഖകരമായ ഉറക്കം കിട്ടിയില്ല എങ്കില്‍ അത് തീര്‍ച്ചയായും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മുതിര്‍ന്ന ഒരാള്‍ 7-8 മണിക്കൂര്‍ ഒരു രാത്രിയില്‍ ഉറങ്ങണമെന്നാണല്ലോ കണക്ക്. ഇതനുസരിച്ചാണ് മിക്കവരും അവരുടെ ഉറക്കം ക്രമീകരിക്കുന്നത്. 

എന്നാല്‍ സത്യത്തില്‍ ഉറക്കത്തെ കുറിച്ച് പറയുമ്പോള്‍ പ്രായത്തെ കുറിച്ചും പ്രതിപാദിക്കേണ്ടതുണ്ട്. എന്നുവച്ചാല്‍ ഓരോരുത്തരുടെയും പ്രായത്തിന് അനുസരിച്ചാണ് എത്ര സമയം ഉറങ്ങണമെന്ന് തീരുമാനിക്കേണ്ടത്. ഇത് വിശദമായി അറിയാം. 

0-3 മാസം...

നവജാതശിശുക്കള്‍, മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ ദീര്‍ഘസമയം ഉറങ്ങാറുണ്ട്. ഇവര്‍ 14-17 മണിക്കൂര്‍ വരെ ഉറങ്ങേണ്ടതുണ്ട്. പതിവായി ഉറക്കം കുറവായാല്‍ കുഞ്ഞുങ്ങളെ ഇത് ബാധിക്കാം. 

4-11 മാസം...

നാല് മാസം മുതല്‍ 11 മാസം വരെ, അതായത് ഒരു വയസ് തികയുന്നതിന് തൊട്ടുമുമ്പ് വരെയാണെങ്കില്‍ കുട്ടികള്‍ക്ക് 12-15 മണിക്കൂര്‍ ഉറക്കമാണ് വേണ്ടത്. ഇതിലും കുറവുണ്ടാകാൻ പാടില്ല.

1-2 വയസ്...

ഒരു വയസ് മുതല്‍ രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണെങ്കില്‍ ദിവസത്തില്‍ 11-14 മണിക്കൂര്‍ ഉറക്കം വേണം. ഇവരുടെ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക്- പ്രത്യേകിച്ച് തലച്ചോറിന് ഇത്രയും വിശ്രമം ആവശ്യമാണ്.

3-5 വയസ്...

സ്കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പുള്ള സമയമാണിത്. ഈ സമയത്ത് 10-13 മണിക്കൂര്‍ ഉറക്കമൊക്കെയാണ് കുട്ടികള്‍ക്ക് വേണ്ടത്. ഈ ഘട്ടത്തില്‍ കുട്ടികള്‍ ഏറെ കാര്യങ്ങള്‍ പഠിച്ചും മനസിലാക്കിയുമൊക്കെ വരികയാണ്. അപ്പോഴും മതിയായ വിശ്രമം നിര്‍ബന്ധമാണ്. 

6-12 വയസ്...

ആറ് വയസ് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്കാണെങ്കില്‍ 9-12 മണിക്കൂര്‍ നേരത്തെ ഉറക്കമാണ് ആവശ്യമായി വരുന്നത്. സ്കൂളില്‍ പോകുന്ന കുട്ടികളാണിത്. അതിനാല്‍ തന്നെ അവര്‍ക്ക് ആവശ്യമായ വിശ്രമം ഉറപ്പിക്കണം. 

13-18 വയസ്...

13-18 വരെയുള്ള പ്രായം എന്നാല്‍ അത് കൗമാരകാലമാണ് . ഈ സമയത്ത് 8-10 മണിക്കൂര്‍ ഉറക്കമാണ് കുട്ടികള്‍ക്ക് ആവശ്യമായി വരുന്നത്. കാര്യമായ മാറ്റങ്ങളിലൂടെ ശരീരവും മനസും കടന്നുപോകുന്ന സാഹചര്യമായതിനാല്‍ തന്നെ മതിയായ വിശ്രമം കുട്ടികള്‍ക്ക് ഈ ഘട്ടത്തില്‍ കിട്ടിയേ തീരൂ. 

18-60 വയസ്...

മുതിര്‍ന്നവര്‍ എന്ന് പറയുമ്പോള്‍ 18 മുതല്‍ 60 വയസ് വരെ പ്രായമുള്ളവര്‍ ഇതിലുള്‍പ്പെടുന്നു. ഇവര്‍ക്കെല്ലാം തന്നെ നമ്മള്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ 7-9 മണിക്കൂര്‍ ഉറക്കമാണ് വേണ്ടിവരുന്നത്. ഈ ഘട്ടത്തിലെ ഉറക്കമില്ലായ്മ ശാരീരിക-മാനസികാരോഗ്യത്തെ ഒരുപോലെ ബാധിക്കുന്നു. 

61ന് ശേഷം...

61 വയസിന് മുകളിലുള്ളവരാകട്ടെ ദിവസം 7-8 മണിക്കൂര്‍ ഉറക്കമാണ് നേടേണ്ടത്. പ്രത്യേകിച്ച് പ്രായമായവരില്‍ ഉറക്കം കുറയാറുണ്ട്. ഇതിനിടെ കൃത്യമായി ദിവസവും ഇത്രയും ഉറക്കം ഉറപ്പിക്കാൻ സാധിച്ചാല്‍ അത് മറ്റ് ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയുമെല്ലാം ചെറുക്കുന്നതിനും സഹായിക്കും. 

Also Read:- ദിവസത്തില്‍ എത്ര ഏമ്പക്കം വിടാറുണ്ട്? ഏമ്പക്കം കൂടിയാല്‍ അത് പ്രശ്നമാണോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios