ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതോടെ തന്നെ ഇത്തരത്തില്‍ പിടിപെടുന്ന നടുവേദന പരിഹരിക്കാവുന്നതാണ്. അങ്ങനെ നടുവേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാനായി ശ്രദ്ധിക്കാവുന്ന ചിലതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

നിത്യജീവിതത്തില്‍ നാം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടാറുണ്ട്. ജീവിതരീതികളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാണ് ഇത്തരത്തില്‍ ഏറെയും അനുഭവപ്പെടാറ്. ഇവയെല്ലാം തന്നെ വലിയൊരു പരിധി വരെ ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ പരിഹരിക്കാനും സാധ്യമാണ്.

അത്തരത്തില്‍ ജീവിതരീതികളിലെ പോരായ്മ മൂലം പിടിപെടുന്നൊരു ആരോഗ്യപ്രശ്നമാണ് നടുവേദന. എല്ലായ്പോഴും ഇത് ലൈഫ്സ്റ്റൈല്‍ പോരായ്മ കൊണ്ട് തന്നെ വരണെമന്നില്ല. മറ്റ് കാരണങ്ങളും വരാം. എങ്കിലും ജോലി, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ശരീര ഘടന, അമിതവണ്ണം എന്നിങ്ങനെയുള്ള ജീവിതരീതികളുമായി ബന്ധപ്പെട്ടാണ് വരാറ്. 

ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതോടെ തന്നെ ഇത്തരത്തില്‍ പിടിപെടുന്ന നടുവേദന പരിഹരിക്കാവുന്നതാണ്. അങ്ങനെ നടുവേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാനായി ശ്രദ്ധിക്കാവുന്ന ചിലതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് അധികവും നടുവേദന കാണാറ്. ഇത്തരത്തിലുള്ള ജോലി ചെയ്യുന്നവര്‍ ഇടയ്ക്ക് സ്ട്രെച്ചിംഗ് ചെയ്യുന്നത് നടുവേദന ഒഴിവാക്കാൻ ഉപകരിക്കും. എല്ലാവരും ദിവസത്തിലൊരിക്കലെങ്കിലും സ്ട്രെച്ചിംഗ് ചെയ്യുന്നത് നിര്‍ബന്ധമാണ്.

രണ്ട്...

ഇരിക്കുമ്പോഴായാലും നടക്കുമ്പോഴായാലും നില്‍ക്കുമ്പോഴായാലും ശരീരഘടന കൃത്യമായി സൂക്ഷിക്കുക. ഇതും നടുവേദന കുറയ്ക്കാൻ സഹായകമാണ്. മടങ്ങിയിരിക്കുക, കുനിഞ്ഞുനടക്കുക എന്നിങ്ങനെയുള്ള ശീലങ്ങളെല്ലാം മാറ്റിവയ്ക്കുക.

മൂന്ന്...

എല്ലിന്‍റെ ബലക്ഷയവും നടുവേദനയിലേക്ക് ക്രമേണ നയിക്കാം. അതിനാല്‍ എല്ലിനെ ബലപ്പെടുത്താൻ കാത്സ്യം, വൈറ്റമിൻ-ഡി എന്നിവ എടുക്കുന്നത് കൂട്ടണം. ഇവ അടങ്ങിയ ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. 

നാല്...

സിരഗറ്റും നടുവേദനയും തമ്മിലും ബന്ധമുണ്ട്. അത് എന്താണെന്നല്ലേ? സിഗരറ്റിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ രക്തയോട്ടം പരിമിതപ്പെടുത്തുന്നു. സ്പൈനിലെ ഡിസ്കുകളിലേക്കുള്ള രക്തയോട്ടവും ഇതുപോലെ നിയന്ത്രിക്കപ്പെടുമ്പോള്‍ നടുവേദനയ്ക്ക് കാരണമാകുന്നു. ഇതിന് പുറമെ രക്തയോട്ടം കുറയുന്നത് മൂലം പോഷകങ്ങള്‍ വേണ്ടവിധം എല്ലായിടവും എത്താതിരിക്കുന്നതും നടുവേദനയ്ക്ക് കാരണമാകാം. 

അഞ്ച്...

ആരോഗ്യകരമായൊരു ശരീരഭാരം സൂക്ഷിച്ചില്ലെങ്കിലും നടുവേദനയുണ്ടാകാം. അതിനാല്‍ ശരീരഭാരം നിയന്ത്രിച്ചുനിര്‍ത്തുക. വയസിനും, ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ചുള്ള ശരീരഭാരമാണ് സൂക്ഷിക്കേണ്ടത്. 

Also Read:- മുട്ട് വേദന മാറുന്നേയില്ലെങ്കില്‍ നിങ്ങള്‍ പരിശോധിക്കണ്ട മറ്റ് മൂന്ന് കാര്യങ്ങള്‍...