സോഷ്യൽ മീഡിയയിലെ താരതമ്യങ്ങൾ, കരിയറിനെക്കുറിച്ചുള്ള അമിത ഉത്കണ്ഠ, ഒറ്റപ്പെടൽ 'ജെൻ സി' നേരിടുന്ന മാനസിക സമ്മർദ്ദങ്ങൾ ചെറുതല്ല. ഈ വെല്ലുവിളികളെ എങ്ങനെ ഫലപ്രദമായി നേരിടാം? മാനസികാരോഗ്യ വിദഗ്ധ ആനന്ദിത വഘാനി പങ്കുവെക്കുന്ന നിരീക്ഷണങ്ങൾ വായിക്കാം.

വളരെ ബിസി ആയിരിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ ജെൻസി തലമുറ. സോഷ്യൽ എക്സ്പെക്റ്റേഷൻസ്, കരിയർ ലക്ഷ്യങ്ങൾ, പഠനഭാരം എന്നിങ്ങനെ നീളുന്ന തിരക്കുകൾക്കിടയിൽ പലപ്പോഴും അവർ മറന്നുപോകുന്നത് സ്വന്തം മാനസികാരോഗ്യത്തെയാണ്.

മാനസികാരോഗ്യം എന്നത് എല്ലാ കാര്യങ്ങളും പെർഫെക്റ്റ് ആയി ചെയ്യുകയോ, എപ്പോഴും സ്ട്രോങ്ങ് ആയി ഇരിക്കുകയോ ചെയ്യുന്നതല്ല. മറിച്ച്, സമ്മർദ്ദങ്ങളെ തളരാതെ നേരിടാനും ജീവിതത്തിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്താനുമുള്ള കഴിവാണ്. ജെൻസികൾക്കിടയിൽ ഇങ്ങനെ ആവർത്തിച്ചുള്ള ചില പ്രശ്നങ്ങൾ കാണാറുണ്ടെന്നും അവ ആവർത്തിക്കുകയും ഉള്ളിലൊതുക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി മാനസികാരോഗ്യ വിദഗ്ധ ആനന്ദിത വഘാനി പറയുന്നു.

1. സോഷ്യൽ മീഡിയയും താരതമ്യങ്ങളും

ഓൺലൈനിൽ കാണുന്ന പല ചിത്രങ്ങളും എഡിറ്റ് ചെയ്തതാണെന്ന് ബോധ്യമുണ്ടെങ്കിലും, മറ്റുള്ളവരുടെ 'ഗ്ലാമർ' ജീവിതവുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യുന്നത് യുവാക്കളിൽ വലിയ നിരാശയുണ്ടാക്കുന്നു. സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നതിന് പകരം, പോസിറ്റീവ് ആയതും യാഥാർത്ഥ്യബോധമുള്ളതുമായ കണ്ടന്റുകൾ നൽകുന്ന അക്കൗണ്ടുകൾ മാത്രം ഫോളോ ചെയ്യുക. ഡിജിറ്റൽ ലോകത്ത് ബോധപൂർവ്വമായ നിയന്ത്രണം കൊണ്ടുവരിക എന്നിലയാണ് ഇതിനുള്ള പരിഹാരം എന്ന് ആനന്ദിത വഘാനി പറയുന്നു.

.2. കരിയറും ഭാവിയെക്കുറിച്ചുള്ള ഭയവും

ഒരു ചെറിയ തെറ്റായ തീരുമാനം തന്റെ കരിയർ തകർക്കുമോ എന്ന ഭയത്തിലാണ് പലരും. സാമ്പത്തിക അനിശ്ചിതത്വം ഈ പേടി വർദ്ധിപ്പിക്കുന്നു. ഇതിനുള്ള പരിഹാരം, വിജയത്തെ ഒരു നിശ്ചിത ലക്ഷ്യമായി കാണാതെ ഒരു തുടർച്ചയായ പ്രക്രിയയായി കാണുക. സ്വയം സമ്മർദ്ദത്തിലാക്കാതെ, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും വളരുന്നതിനും പ്രാധാന്യം നൽകുക എന്ന് ആനന്ദിത വഘാനി പറയുന്നു. .

3. ഡിജിറ്റൽ ലോകത്തെ ഒറ്റപ്പെടൽ

ഓൺലൈനിൽ ആയിരക്കണക്കിന് സുഹൃത്തുക്കളുണ്ടെങ്കിലും, ഒരു വിഷമം വരുമ്പോൾ ചേർത്തുപിടിക്കാൻ ആരുമില്ലാത്ത അവസ്ഥ പലർക്കുമുണ്ട്. വൈകാരികമായ പിന്തുണ ഡിജിറ്റൽ ബന്ധങ്ങളിൽ നിന്ന് ലഭിക്കണമെന്നില്ല. അർത്ഥവത്തായ സൗഹൃദങ്ങൾ വളർത്തിയെടുക്കുക. വികാരങ്ങൾ തുറന്നു സംസാരിക്കാനും മറ്റുള്ളവരോട് സഹായം ചോദിക്കാനും മടിക്കരുത് ഇതു വഴി ഒറ്റപ്പെടൽ ഉണ്ടാകുന്നത് കുറയ്ക്കാം എന്ന് ആനന്ദിത വഘാനി പറയുന്നു.

4. ആംഗ്‌സൈറ്റിയും ഡിപ്രഷനും (Anxiety & Depression)

മൾട്ടിടാസ്കിംഗും ടെക്നോളജിയുടെ അമിത ഉപയോഗവും പലപ്പോഴും ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കും ഇവരെ നയിക്കുന്നു. മനസ്സ് തുറന്ന് സംസാരിക്കുക എന്നതാണ് ഏറ്റവും വലിയ മരുന്ന്. വൈകാരിക ബുദ്ധിമുട്ടുകൾ നിയന്ത്രിക്കാനും സ്വയം തിരിച്ചറിയാനും തെറാപ്പി വലിയ രീതിയിൽ സഹായിക്കും എന്ന് ആനന്ദിത വഘാനി വ്യക്തമാക്കി .

മാറ്റം നമ്മളിലൂടെ...

ജെൻസികൾ മാനസികാരോഗ്യത്തെക്കുറിച്ച് കൂടുതൽ അവബോധമുള്ളവരാണ്. അതുകൊണ്ടുതന്നെ, മാനസികാരോഗ്യത്തെക്കുറിച്ച് സമൂഹത്തിലുള്ള തെറ്റായ ധാരണകൾ തിരുത്താനും മറ്റുള്ളവർക്ക് മാതൃകയാകാനും അവർക്ക് സാധിക്കും. നിങ്ങളുടെ മനസ്സിന് വിശ്രമം നൽകേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.