നമ്മള്‍ എന്ത് കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു എന്നത് തന്നെയാണ് വയറിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കുന്ന വലിയൊരു ഘടകം. 

വയറിന്‍റെ ആരോഗ്യം നല്ല രീതിയില്‍ ആയാല്‍ ആകെ ആരോഗ്യം മെച്ചപ്പെടും. നമ്മള്‍ എന്ത് കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു എന്നത് തന്നെയാണ് ഇതിനെ സ്വാധീനിക്കുന്ന വലിയൊരു ഘടകം. നിരന്തരമായി ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹന സംവിധാനം അവതാളത്തിലായതിന്‍റെ കൃത്യമായ സൂചനയാണ്. 

വയറിന്‍റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ പരമാവധി ഡയറ്റില്‍ നിന്ന് ഒഴിവാക്കുക. പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, കൃത്രിമ നിറങ്ങൾ അല്ലെങ്കിൽ പ്രിസർവേറ്റീവുകൾ തുടങ്ങിയ നിരവധി ചേരുവകൾ അടങ്ങിയ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ വയറിന്‍റെ മാത്രമല്ല ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതല്ല. 

രണ്ട്...

വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ 'പ്രോബയോട്ടിക്സ്' എന്നാണ് വിളിക്കുന്നത്. കുടലിലെ സൂക്ഷമജീവികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കുന്നവയാണ് പ്രോബയോട്ടിക്കുകള്‍. അതിനാല്‍ തൈര്, പനീര്‍, ബട്ടര്‍മില്‍ക്ക്, ഉപ്പിലിട്ട വിഭവങ്ങള്‍ തുടങ്ങിയ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

മൂന്ന്...

വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളുടെ നിലനില്‍പിന് അത്യാവശ്യമായ പ്രീബയോട്ടിക് ഭക്ഷണങ്ങള്‍ ഡയറ്റില്‍ കുറയുന്നതും വയറിന്റെ ആരോഗ്യം നശിപ്പിച്ചേക്കാം. അതിനാല്‍ നേന്ത്രപ്പഴം, ഉള്ളി, വെളുത്തുള്ളി, ആപ്പിള്‍ എന്നിവയെല്ലാം കഴിക്കാം. 

നാല്...

ഭക്ഷണം നല്ല ചവച്ച് തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. ദഹനം എളുപ്പമാകാന്‍ അത് സഹായിക്കും. 

അഞ്ച്...

വയറിന്‍റെ ആരോഗ്യത്തിന്റെ അടിസ്ഥാനമാണ് ഉറക്കം. ശരിയായ ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ അതും വയറിന്റെ ആരോഗ്യത്തെ ബാധിക്കും. ഉറക്കം നഷ്ടമാകുമ്പോള്‍ ക്ഷീണം, അസ്വസ്ഥത, ശരീര ഭാരം കുറയുക എന്നിവയ്‌ക്കൊപ്പം തന്നെ അസിഡിറ്റിയും വര്‍ധിക്കുന്നു. 

ആറ്...

വെള്ളം ധാരാളം കുടിക്കുന്നതും വയറിന്‍റെ ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കും. 

ഏഴ്...

സ്ട്രെസും വയറിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ സ്ട്രെസ് കുറയ്ക്കാന്‍ യോഗ പോലെയുള്ള കാര്യങ്ങള്‍ ചെയ്യാം. 

Also Read: മഞ്ഞുകാലത്ത് ശ്വസനപ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...