കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ഇതുവരെ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ആദ്യത്തേത് കര്‍ണാടകയിലും രണ്ടാമത്തേത് ദില്ലിയിലും. ഇരുവരും അറുപത്തിയഞ്ച് വയസ് കടന്നതിനാലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലുമാണ് പെട്ടെന്ന് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തിയതെന്ന് ഡോക്ടര്‍മാര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. 

ഇതില്‍ ദില്ലിയില്‍ മരിച്ച അറുപത്തിയെട്ടുകാരിക്ക് വൈറസ് പകര്‍ന്നുകിട്ടിയത് മകനില്‍ നിന്നായിരുന്നു. നാല്‍പത്തിയാറുകാരനായ ഇദ്ദേഹം ഫെബ്രുവരി അഞ്ചിനും 22 നും ഇടയിലായി സ്വിറ്റ്‌സര്‍ലന്റ്, ഇറ്റലി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 

23ന് തിരിച്ച് നാട്ടിലെത്തിയ ശേഷം കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ ഇദ്ദേഹം കാണിച്ചിരുന്നില്ല. കൊവിഡ് 19ന്റെ കാര്യത്തില്‍ ചിലരിലെങ്കിലും തുടക്കത്തില്‍ പ്രത്യക്ഷ ലക്ഷണങ്ങള്‍ കാണാതിരിക്കുന്ന സാഹചര്യമുണ്ടാകുന്നുണ്ട്. അതിന് ഉദാഹരണമാണ് ഇവരുടെ കേസ്. 

ആദ്യം മുതല്‍ തന്നെ പനിയോ ചുമയോ ശ്വാസതടസമോ കാണുകയാണെങ്കില്‍ മാത്രമല്ലേ, ആശുപത്രിയില്‍ പോകാനും പരിശോധന നടത്താനുമാകൂ. എന്നാല്‍ ലക്ഷണങ്ങളില്ലെങ്കിലോ!  അതുതന്നെയാണ് ഇദ്ദേഹത്തിന്റെ കാര്യത്തിലും സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

പിന്നീട് ഇദ്ദേഹത്തിനും അമ്മയ്ക്കും ഒരുമിച്ചാണത്രേ പനി വന്നത്. തുടര്‍ന്ന് ഇരുവരും ഒപ്പം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. അന്ന് തന്നെ ഗുരുതരമായ ശ്വസതടസമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയും ഓകസിജന്‍ സപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. 

അതിന് ശേഷമാണ് അമ്മയുടെ നില പെട്ടെന്ന് വഷളായത്. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നതിനാലാണ് അവര്‍ക്ക് രോഗത്തെ അതിജീവിക്കാനാകാതെ പോയതെന്നും മകന്റെ നില ഇപ്പോള്‍ തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് ഇദ്ദേഹമുള്ളത്. ഐസിയുവില്‍ നിന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുമുണ്ട്. ചികിത്സയിലിരിക്കുന്നതിനാല്‍ അമ്മയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.