Asianet News MalayalamAsianet News Malayalam

6 കോടി ​ഗുളികകൾ, 4.5 കോടി ക്യാപ്‌സ്യൂളുകൾ, 37 ലക്ഷം ഇൻട്രാവണസ് മരുന്നുകൾ; 231 കോടിയുടെ നിക്ഷേപം, വലിയ ലക്ഷ്യം

സാമൂഹിക നേട്ടങ്ങൾക്ക് ഊന്നൽ നൽകി പ്രാരംഭ ഘട്ടത്തിൽ ഉയർന്ന ഡിമാൻഡുള്ള ഓങ്കോളജി ഡ്രഗ് ഫോർമുലേഷനുകൾ നിർമ്മിക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

State Public Sector Undertaking KSDP is all set to undertake a major initiative to increase availability of cancer drugs btb
Author
First Published Dec 19, 2023, 12:55 AM IST

തിരുവനന്തപുരം: കാൻസർ മരുന്നുകളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന സംരംഭം ഏറ്റെടുക്കാനൊരുങ്ങുകയാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്ഡിപിയെന്ന് മന്ത്രി പി രാജീവ്. ഇതിനായി ആലപ്പുഴ കലവൂരിലെ ഓങ്കോളജി ഫാർമ പാർക്കിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുകയാണ്. സാമൂഹിക നേട്ടങ്ങൾക്ക് ഊന്നൽ നൽകി പ്രാരംഭ ഘട്ടത്തിൽ ഉയർന്ന ഡിമാൻഡുള്ള ഓങ്കോളജി ഡ്രഗ് ഫോർമുലേഷനുകൾ നിർമ്മിക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഗണ്യമായ ഡിമാൻഡുള്ള 20 ഓങ്കോളജി മരുന്നുകൾ കമ്പനി കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാരന് താങ്ങാനാവുന്ന വിലയിൽ മരുന്നുകളുടെ ഉത്പാദനം നടത്തുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനെയും (ഐസിഎംആർ) സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനെയും (സിഡിഎസ്‌സിഒ) സമീപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്ത ഓങ്കോളജിസ്റ്റുകളുമായി കമ്പനി നിരവധി റൗണ്ട് ചർച്ചകൾ നടത്തുകയും ചെയ്തു. അവശ്യ മരുന്നുകൾ തിരിച്ചറിയുന്നതിനും അവയുടെ ഉൽപ്പാദനം സുഗമമാക്കുന്നതിനും റീജിയണൽ കാൻസർ സെന്ററുമായും മലബാർ കാൻസർ സെന്ററുമായും കെ.എസ്.ഡി.പി സജീവമായി സഹകരിക്കുന്നുണ്ട്.

ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ക്യാൻസർ രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് സാംക്രമികേതര രോഗങ്ങളെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി കൂടുതലാണ് കാൻസർ പരിചരണത്തിന്റെ ചെലവ്. കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് മുഖേനയുള്ള ഫണ്ട് ഉപയോഗിച്ച് ഏകദേശം 231 കോടി രൂപയുടെ മൊത്തം നിക്ഷേപത്തിൽ കലവൂരിലെ 6.38 ഏക്കർ സ്ഥലത്താണ് കാൻസർ മരുന്ന് ഉൽപ്പാദന കേന്ദ്രം ആരംഭിക്കുന്നത്. ഉൽപ്പാദന കേന്ദ്രത്തിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ടിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകുകയും ചെയ്തു.

പ്രവർത്തനസജ്ജമാകുന്നതോടെ, പ്രതിവർഷം ആറ് കോടി ഗുളികകളും 4.5 കോടി ക്യാപ്‌സ്യൂളുകളും 37 ലക്ഷം ഇൻട്രാവണസ് മരുന്നുകളും നിർമ്മിക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. 2020-21 സാമ്പത്തിക വർഷത്തിൽ 122 കോടി രൂപയുടെ വരുമാനം കമ്പനി നേടിയിരുന്നു. പ്രധാനമായും കോവിഡ് പകർച്ചവ്യാധിയുടെ കാലത്ത് സാനിറ്റൈസർ നിർമ്മാണത്തിലൂടെയാണ് കമ്പനി നേട്ടം കൈവരിച്ചത്. വെല്ലുവിളികൾക്കിടയിലും ഈ സാമ്പത്തിക വർഷം 100 കോടി രൂപയുടെ വിറ്റുവരവാണ് കെഎസ്ഡിപി ലക്ഷ്യമിടുന്നത്.

കേരള സർക്കാരിന് മരുന്നുകൾ എത്തിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ 1971-ൽ സ്ഥാപിതമായ കെഎസ്ഡിപി, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലേക്കും സ്ഥാപനങ്ങളിലേക്കും വൈവിധ്യമാർന്ന മരുന്നുകൾ എത്തിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എന്തിനെന്ന് പോലും അറിയില്ല! 2 പാവങ്ങളോട് അടിച്ച് പൂസായി ചെയ്ത ക്രൂരത, വെന്ത് മരിച്ചത് നായക്കുട്ടി; അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios