ഇന്ന് റോസാപ്പൂക്കളുടെ ദിനമായിരുന്നുവെന്ന് നിങ്ങളില്‍ എത്ര പേര്‍ അറിഞ്ഞു? ഇനി, അതാര്‍ക്ക് വേണ്ടയാണെന്നറിയാമോ? റോസാപ്പൂക്കളെ കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ പെട്ടെന്ന് പ്രണയമായിരിക്കും നമ്മുടെയെല്ലാം മനസിലോടിവരുന്നത്. പ്രണയത്തിന്റെ ചിഹ്നമായി നമ്മള്‍ റോസാപ്പൂക്കളെ കണക്കാക്കുന്നത് കൊണ്ടാണിത്. 

എന്നാല്‍ രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രണയത്തേക്കാളൊക്കെ അനശ്വരമായ മറ്റൊരു പ്രണയത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് റോസാപ്പൂക്കളുടെ ദിനം. എന്തെന്നല്ലേ? 

വര്‍ഷങ്ങള്‍ക്ക് മുമ്പ് കാനഡയില്‍ മിടുക്കിയായ ഒരു പെണ്‍കുട്ടി ജീവിച്ചിരുന്നു. മെലിന്‍ഡ റോസ് എന്നായിരുന്നു അവളുടെ പേര്. പന്ത്രണ്ടാം വയസില്‍ റോസിന് അപൂര്‍വ്വയിനത്തില്‍പ്പെട്ട രക്താര്‍ബുദമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. അധികകാലമൊന്നും റോസ് ഇനി ജീവിച്ചിരിക്കില്ലെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ജീവിതത്തോടുള്ള പ്രണയം റോസിനെ പിന്നെയും മാസങ്ങളോളും ജീവിപ്പിച്ചു. 

ഇതിനിടെ അവള്‍ തന്നെപ്പോലെ രോഗം വന്ന് അവശരായവര്‍ക്ക് വേണ്ടി കത്തുകളെഴുതി. കവിതകളെഴുതിയയച്ചു. സ്‌നേഹത്തിന്റെ നറുമണം കലര്‍ന്ന ആ വാക്കുകള്‍ നിരവധി പേരെ തളര്‍ച്ചയില്‍ നിന്നും വേദനകളില്‍ നിന്നും ഉണര്‍ത്തി. ജീവിക്കാനുള്ള പ്രത്യാശയും, ജീവിച്ചിരിക്കുന്ന കാലം വരെ ജീവിതത്തെ സ്‌നേഹപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തുന്നതിനും റോസിന്റെ അക്ഷരങ്ങള്‍ അവരെ പ്രേരിപ്പിച്ചു. 

മരിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് വരെയും ചിരിച്ച മുഖവുമായി ഇരുന്ന റോസ് ഡോക്ടര്‍മാര്‍ക്കെല്ലാം അത്ഭുതമായിരുന്നു. മരണശേഷം അവളെ ജീവിതത്തിന്റെ അടയാളമായി രേഖപ്പെടുത്താന്‍ അവളുടെ പ്രിയപ്പെട്ടവര്‍ ആഗ്രഹിച്ചു. അങ്ങനെ റോസിന്റെ ഓര്‍മ്മയ്ക്കായാണ്, സെപ്തംബര്‍ 22 റോസാപ്പൂക്കളുടെ ദിനമായി ആഘോഷിച്ചുതുടങ്ങിയത്. 

അതെ, രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രണയത്തെക്കാള്‍ അനശ്വരമായ പ്രണയം ജീവിതത്തോട് തന്നെയുള്ളതാണെന്ന് കാണിച്ചുതന്ന റോസിനോടുള്ള ആദരവിന്റെ പ്രതീകമാണീ ദിവസം.

ക്യാന്‍സര്‍ രോഗികള്‍ക്ക് സ്‌നേഹവും കരുതലും പ്രതീക്ഷകളുമറിയിച്ച് റോസാപ്പൂക്കള്‍ നല്‍കുന്ന ദിനമാണിന്ന്. റോസാപ്പൂക്കളുടെ ചിത്രമുള്ള കാര്‍ഡുകളും ബൊക്കെകളും ക്യാന്‍സര്‍ തളര്‍ത്തിയ മനുഷ്യരെ ആശ്വാസത്തിലേക്കെത്തിക്കുന്ന ദിവസം. രോഗം ഒരു കുറ്റമല്ലെന്നും, ചികിത്സയ്‌ക്കൊപ്പം നില്‍ക്കേണ്ടത് സ്വന്തം മനസാണെന്നും അവരെ അറിയിക്കാനുള്ള ദിവസം.

സമ്മാനങ്ങളുമായി റോസാപ്പൂക്കളുടെ അകമ്പടിയോടെ നിരവധി പേരാണ് ലോകമൊട്ടാകെയുള്ള ആശുപത്രികളിലും ക്യാന്‍സര്‍ വാര്‍ഡുകളിലും ഇന്നെത്തിയത്. ഇനിയും ഈ ദിവസത്തിന്റെ പ്രത്യേകതയറിയാത്തവര്‍ ഏറെയാണ്. എങ്കിലും അടുത്ത സെപ്തംബര്‍ 22നെങ്കിലും രോഗത്തോട് പോരാടി, തളര്‍ന്നുപോയ ഒരാള്‍ക്ക് ഒരു പൂവെങ്കിലും നല്‍കി 'ഞാനുണ്ട് കൂടെ'യെന്ന് പറയാന്‍ മെലിന്‍ഡ റോസ് എന്ന പന്ത്രണ്ടുകാരിയുടെ കഥ നമ്മളറിയണം.