തുടക്കത്തിൽ ഈ ലക്ഷണങ്ങൾ നിരുപദ്രവകരമായി തോന്നിയേക്കാം, പക്ഷേ അവ ശ്രദ്ധിക്കാതെ വിട്ടാൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.

വായയുടെ ആരോഗ്യം പലപ്പോഴും മൊത്തത്തിലുള്ള നമ്മുടെ ആരോഗ്യത്തിന്‍റെ പ്രതിഫലനമാണ്. ചുണ്ടുകളിലും മോണകളിലും നാവിനും ചുറ്റുമുള്ള ചെറിയ മാറ്റങ്ങൾ പോഷകാഹാരക്കുറവിന്റെ ചില ലക്ഷണങ്ങളാകാം. തുടക്കത്തിൽ ഈ ലക്ഷണങ്ങൾ നിരുപദ്രവകരമായി തോന്നിയേക്കാം, പക്ഷേ അവ ശ്രദ്ധിക്കാതെ വിട്ടാൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.

അത്തരത്തില്‍ വായില്‍ കാണുന്ന ചില ലക്ഷണങ്ങളെയും അവയുടെ കാരണങ്ങളെയും പരിശോധിക്കാം.

1. ചുണ്ടുകളുടെ കോണുകളിൽ വിള്ളലുകൾ

ചുണ്ടുകളുടെ കോണുകളിൽ ഉണ്ടാകുന്ന ചെറുതും എന്നാൽ മൃദുവായതുമായ വിള്ളലുകൾ വിറ്റാമിന്‍ ബി 12, ഇരുമ്പ്, സിങ്ക് തുടങ്ങിയവയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അതിനാല്‍ ഇത്തരം സൂചനകളെ അവഗണിക്കേണ്ട.

2. വായ്പ്പുണ്ണ്

വായിക്കുള്ളില്‍ അടിക്കടിയുണ്ടാകുന്ന നീർവീക്കം കാരണമുണ്ടാവുന്ന ഒരു അവസ്ഥയാണ് വായിലെ അള്‍സര്‍ അഥവാ വായ്‌പ്പുണ്ണ്. വായ്പുണ്ണ് പൊതുവേ വൃത്താകൃതിയിലും വെളുപ്പ്, തവിട്ട്, മഞ്ഞ നിറങ്ങളിലും അ​ഗ്രഭാ​ഗം ചുവപ്പുനിറത്തിലുമാണ് കാണുന്നത്. കവിൾ, ചുണ്ട്, നാവിന്റെ അടിഭാ​ഗം, അണ്ണാക്കിന്റെ ചില ഭാ​ഗങ്ങൾ എന്നിവിടങ്ങളിലെല്ലാം വായ്പുണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാം. അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്നതും വിറ്റാമിനുകളുടെ കുറവും പ്രതിരോധശേഷിയിലുള്ള കുറവും മാനസിക സമ്മർദ്ദവും ഉറക്കക്കുറവുമെല്ലാം വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് കാരണങ്ങളാണ്. വിറ്റാമിന്‍ ബി12-ന്‍റെ, ബി6 എന്നിവയുടെ കുറവ് മൂലം വായ്പുണ്ണ് ഉണ്ടാകാം.

3. മോണയില്‍ നിന്നും രക്തം വരുക

പല കാരണങ്ങള്‍ കൊണ്ട് മോണയില്‍ നിന്നും രക്തം വരാം. വിറ്റാമിന്‍ സിയുടെ കുറവ് മൂലവും മോണയില്‍ നിന്നും രക്തം ഉണ്ടാകാം.

4. നാവിലോ വായിലോ ഉണ്ടാകുന്ന എരിച്ചില്‍

നാവിലോ വായിലോ ഉണ്ടാകുന്ന എരിച്ചില്‍ വളരെ എളുപ്പത്തിൽ അവഗണിക്കപ്പെടും, പക്ഷേ അത് ഇരുമ്പിന്റെയോ ബി വിറ്റാമിനുകളുടെയോ കുറവിനെ സൂചിപ്പിക്കാം.

5. ദന്തക്ഷയ പ്രശ്നങ്ങൾ, ദുർബലമായ ഇനാമൽ

ഇടയ്ക്കിടെ ഉണ്ടാകുന്നതോ ആവർത്തിച്ചുവരുന്നതോ ആയ ദന്തക്ഷയ പ്രശ്നങ്ങൾ കാത്സ്യം, വിറ്റാമിൻ ഡി, ഫോസ്ഫറസ് എന്നിവയുടെ കുറവിനെ സൂചിപ്പിക്കാം. വിറ്റാമിൻ സിയുടെ കുറഞ്ഞ അളവ് പോലും മോണയുടെ ആരോഗ്യത്തെ ബാധിക്കും.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.