ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്ത്രീകള്‍ പല തരത്തിലുളള മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോയേക്കാം. ഗര്‍ഭകാലത്ത് അമ്മ അനുഭവിക്കുന്ന മാനസികസമ്മര്‍ദ്ദം ഗര്‍ഭസ്ഥ ശിശുവിനെ പല രീതിയില്‍ ബാധിക്കാം. ഗര്‍ഭിണിയുടെ മാനസികസമ്മര്‍ദ്ദം  കുഞ്ഞിന്‍റെ മസ്തിഷ്‌കവികാസത്തെ ബാധിക്കുമെന്നാണ് ഒരു പഠനം പറയുന്നത്. ഗർഭകാലത്തെ അമ്മയുടെ മാനസികാരോഗ്യം കുഞ്ഞിനെയും ബാധിക്കുമെന്ന് അറിയാമെങ്കിലും ഏറ്റവും പുതിയ പഠനം പറയുന്നത് വളരെ വിചിത്രമായ കാര്യമാണ്. 

ഗർഭകാലത്ത് ശാരീരികവും മാനസികവുമായ സമ്മർദം അനുഭവിക്കുന്ന സ്ത്രീകൾക്ക് ആണ്‍കുട്ടി ജനിക്കാനുള്ള സാധ്യത കുറവായിരിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. യുഎസിലെ കൊളംബിയ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. 

പിഎൻഎഎസ് ജേണലിൽ ആണ്  പഠനം പ്രസിദ്ധീകരിച്ചത്. 18 നും 45 നും ഇടയിൽ പ്രായമുള്ള 187 ഗർഭിണികളിലാണ് പഠനം നടത്തിയത്. ചോദ്യവലിയിലൂടെയാണ് അവരുടെ മാനസികാരോഗ്യത്തെ കുറിച്ചുളള  വിവരങ്ങള്‍ ശേഖരിച്ചത്.  

17 ശതമാനം സ്ത്രീകളില്‍ വിഷാദം,  മാനസികസമ്മര്‍ദ്ദം എന്നിവ അനുഭവപ്പെട്ടതായി പഠനം പറയുന്നു. അതുപോലെ തന്നെ സമ്മര്‍ദ്ദം ഇല്ലാത്ത സ്ത്രീകളെ വെച്ച് സമ്മര്‍ദ്ദം അനുഭവിക്കുന്ന സ്ത്രീകള്‍ മാസം തികയാതെ പ്രസവിക്കാന്‍ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.