'കൊറോണ'യുടെ ഉത്ഭവകേന്ദ്രമായി കരുതപ്പെടുന്ന ചൈനയിലെ, വുഹാന്‍ നഗരവാസിയായ ഒരു സ്ത്രീ പ്രസവിച്ച കുഞ്ഞിന് മണിക്കൂറുകള്‍ക്കകം തന്നെ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചിരുന്നു. സ്ത്രീക്ക് നേരത്തേ തന്നെ രോഗബാധയുള്ളതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രസവശേഷം കുഞ്ഞിലും വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു

ലോകരാജ്യങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തി ചൈനയില്‍ 'കൊറോണ' വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ പലതരം ആശങ്കകളാണ് ഓരോ ദിവസവും ഉയര്‍ന്നുവരുന്നത്. കഴിഞ്ഞ ദിവസം, 'കൊറോണ'യുടെ ഉത്ഭവകേന്ദ്രമായി കരുതപ്പെടുന്ന ചൈനയിലെ, വുഹാന്‍ നഗരവാസിയായ ഒരു സ്ത്രീ പ്രസവിച്ച കുഞ്ഞിന് മണിക്കൂറുകള്‍ക്കകം തന്നെ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചിരുന്നു. സ്ത്രീക്ക് നേരത്തേ തന്നെ രോഗബാധയുള്ളതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രസവശേഷം കുഞ്ഞിലും വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. 

ഈ സംഭവത്തോടെ ഗര്‍ഭാവസ്ഥയിലിരിക്കുന്ന സ്ത്രീയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്ക് വൈറസ് പകരുമോയെന്ന ആശങ്ക വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന പതിനായിരക്കണക്കിന് പേരിൽ നിരവധി ഗർഭിണികൾ ഉൾപ്പെടുന്നു എന്നതും ഈ ആശങ്കയെ ബലപ്പെടുത്തുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍. 

ഗര്‍ഭാവസ്ഥയുടെ അവസാന മൂന്ന് മാസങ്ങളില്‍ എപ്പോഴെങ്കിലുമാണ് അമ്മയ്ക്ക് 'കൊറോണ' വൈറസ് ബാധയുണ്ടാകുന്നത് എങ്കില്‍ അത് കുഞ്ഞിലേക്ക് പകരാന്‍ സാധ്യത വളരെ കുറവാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ 'നോര്‍മല്‍' പ്രസവത്തിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്നത് ഇത്തരം സാഹചര്യങ്ങളില്‍ വെല്ലുവിളിയാണെന്നും അതിനാല്‍ സിസേറിയന്‍ നിര്‍ബന്ധമാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

അതേസമയം ഗര്‍ഭാവസ്ഥയുടെ ആദ്യമാസങ്ങളിലാണ് അമ്മയ്ക്ക് വൈറസ് ബാധയുണ്ടാകുന്നതെങ്കില്‍ അത് കുഞ്ഞിലേക്ക് പകരരാനുള്ള സാധ്യത കൂടുതലാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വുഹാനില്‍ തന്നെയുള്ള രോഗബാധിതരായ ഗര്‍ഭിണികളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയിട്ടുള്ളത്. അതേസമയം, തങ്ങളുടെ നിഗമനങ്ങള്‍ നിശ്ചിതമായ സമയത്തിനുള്ളില്‍ കുറച്ച് രോഗികളുടെ നിലവിലെ സാഹചര്യങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണെന്നും. പരിപൂര്‍ണ്ണമായ ഉറപ്പ് ഈ നിഗമനങ്ങളുടെ മേല്‍ നല്‍കാനാകാത്ത അവസ്ഥയാണുള്ളതെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. 

ചൈനയില്‍ മാത്രം 'കൊറോണ' വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 1335 ആയിട്ടുണ്ട്. പതിനാലായിരത്തിലധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. കേരളമുള്‍പ്പെടെ പലയിടങ്ങളിലും 'കൊറോണ' ബാധിച്ചവര്‍ തിരിച്ച് ജീവിതത്തിലേക്ക് മടങ്ങുമ്പോള്‍ ചൈനയിലെ അവസ്ഥ, നാള്‍ക്കുനാള്‍ മോശമായി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെ 'കൊറോണ'യുടെ കാര്യത്തില്‍ മറ്റ് രാജ്യങ്ങള്‍ ജാഗ്രത തുടരണമെന്നാണ് ലോകാരോഗ്യസംഘടനയും നിര്‍ദേശിക്കുന്നത്.