പ്രായം കൂടുന്നത് മിക്കവരെയും ശാരീരികമായും മാനസികമായുമെല്ലാം ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ ചെറുപ്പം നിലനിര്‍ത്താന്‍ സഹായകമാകുന്ന മാര്‍ഗങ്ങളെല്ലാം പരീക്ഷിച്ച് നോക്കുന്നവരാണ് അധികവും. 

ഇന്ന് ലഭ്യമായ ഏത് മാര്‍ഗത്തിലൂടെ ആയാലും പ്രായം കുറവ് തോന്നിപ്പിക്കാന്‍ മാത്രമേ നമുക്കാവൂ. സര്‍ജറികളിലൂടെ പോലും പ്രായം കുറയ്ക്കുന്നതിന് പരിമിതികളേറെയാണ്. എന്നാല്‍ പരിമിതികളൊന്നുമില്ലാതെ നമുക്ക് നമ്മുടെ പ്രായം കുറയ്ക്കാന്‍ കഴിഞ്ഞാലോ! 

അതെ, അത്തരത്തിലൊരു പരീക്ഷണം നടത്തി വിജയിച്ചതായാണ് ഇസ്രയേലില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ അവകാശപ്പെടുന്നത്. ലോകത്തിന്റെ പലയിടങ്ങളിലായി ഈ മേഖലയില്‍ നിരവധി ഗവേഷണ- പരീക്ഷണങ്ങള്‍ നടന്നുവരുന്നുണ്ട്. 

ഇവയെ എല്ലാം വെല്ലുവിളിക്കുന്ന തരത്തില്‍ ശാസ്ത്രീയമായി തന്നെ പ്രായമായ ഒരു വ്യക്തിയുടെ വയസ് 25 വര്‍ഷത്തോളം കുറയ്ക്കാന്‍ കഴിയുമെന്നാണ് ഇസ്രയേലില്‍ നിന്നുള്ള ഗവേഷകര്‍ വാദിക്കുന്നത്. 

'ഓക്‌സിജന്‍ തെറാപ്പി' എന്ന ശാസ്ത്രീയമായ മാര്‍ഗത്തിലൂടെയാണത്രേ ഇത് സാധ്യമാകുന്നത്. 64ഉം അതിന് മുകളിലുമായി പ്രായം വരുന്ന മുപ്പത്തിയഞ്ച് പേരെ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയതെന്നും അത് വിജയകരമായി അവസാനിച്ചുവെന്നുമാണ് ഇവര്‍ പറയുന്നത്. 

പ്രത്യേകം സജ്ജീകരിച്ച ചേംബറിനുള്ളില്‍ 90 മിനുറ്റ് വീതം ആഴ്ചയില്‍ അഞ്ച് ദിവസം ചിലവിടണം. ഇത് മൂന്ന് മാസത്തേക്ക് തുടരണം. ഡിഎന്‍എയിലാണത്രേ പ്രധാനമായും ഈ ചികിത്സാരീതി മാറ്റം വരുത്തുക. ക്രമേണ വ്യക്തിയുടെ കോശങ്ങളുടെ ഘടന 25 വര്‍ഷം പിറകില്‍ എങ്ങനെയിരുന്നോ അതുപോലെ ആയി മാറുമത്രേ. 

'ഏജിംഗ്' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലും ബ്രിട്ടന്‍ മാധ്യമമായ 'മെയില്‍ ഓണ്‍ലൈന്‍'ലും ആണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. ഗവേഷകരുടെ അവകാശവാദം സത്യമെങ്കില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ കാല്‍വയ്പായിരിക്കും അതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also Read:- രാത്രിയില്‍ അധികനേരം ഫോണില്‍ കളിക്കല്ലേ; പ്രായം പെട്ടെന്ന് കൂടും...