മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എത്ര ബോധവത്കരണം നടത്തിയാലും, അത് അപകടമാണെന്ന് തിരിച്ചറിഞ്ഞാല്‍ പോലും നിര്‍ത്താന്‍ കഴിയാത്ത എത്രയോ പേരുണ്ട്. ഏതായാലും കുടിച്ച് നശിക്കാന്‍ തീരുമാനിച്ചു. അപ്പോള്‍പ്പിന്നെ അതിന് തെരഞ്ഞെടുക്കുന്നത് അല്‍പം 'സ്റ്റാന്‍ഡേര്‍ഡ്' കൂടിയ മദ്യം തന്നെയാകട്ടെ, എന്നാണത്രേ ഇപ്പോള്‍ ഇന്ത്യക്കാരുടെ തീരുമാനം. 

അമേരിക്കയിലെ ഒരു മള്‍ട്ടിനാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് നടത്തിയ പഠനമാണ് ഇക്കാര്യം പറയുന്നത്. അതായത്, ലോകത്തേറ്റവുമധികം വിസ്‌കി ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍. ഓരോ വര്‍ഷവും കോടിക്കണക്കിന് ലിറ്റര്‍ വിസ്‌കിയാണത്രേ ഇന്ത്യയിലൊഴുകുന്നത്.

'ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച്' ആണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. സമ്പന്നരാജ്യമായ അമേരിക്ക പോലും ഇക്കാര്യത്തില്‍ എത്രയോ പിറകിലാണെന്നാണ് പഠനം പറയുന്നത്. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമധികം വിസ്‌കി ഉപയോഗിക്കുന്നത് അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളാണത്രേ. എന്നാല്‍ ഇവരെല്ലാം ലക്ഷക്കണക്കിന് ലിറ്ററിലൊതുങ്ങുമ്പോള്‍ നമ്മള്‍ കോടിക്കണക്കിന് ലിറ്ററില്‍ മുങ്ങിപ്പോകുന്നുവെന്ന് പഠനം അവകാശപ്പെടുന്നു.

എന്തായാലും മറ്റ് മദ്യങ്ങളെ അപേക്ഷിച്ച്, അല്‍പം മെച്ചപ്പെട്ട് നില്‍ക്കുന്ന മദ്യമായത് കൊണ്ടുതന്നെ വിസ്‌കിയുടെ ഉപഭോഗം, താല്‍പര്യമില്ലെങ്കില്‍ പോലും സ്വാഗതം ചെയ്യേണ്ടിവരുമെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്. വിസ്‌കിയേക്കാള്‍ നിലവാരം കുത്തനെ കുറഞ്ഞ മദ്യം കുടിച്ച് പെട്ടെന്ന് രോഗബാധിതരാകുന്നതിനേക്കാള്‍ ഭേദമല്ലേ, വിസ്‌കി പോലുള്ള 'നല്ല മദ്യം' കുടിച്ച് പതിയെ രോഗബാധിതരാകുന്നത് എന്നാണ് ഇവരുടെ പരിഹാസം കലര്‍ന്ന ചോദ്യം.