കൊവിഡ് 19 ഓരോരുത്തരേയും അവരുടെ ആരോഗ്യാവസ്ഥയ്ക്കും പ്രായത്തിനുമെല്ലാം അനുസരിച്ച് വ്യത്യസ്തമായ രീതിയിലാണ് പിടികൂടുന്നത്. ചിലരില്‍ രോഗം ലക്ഷണങ്ങളോടെ പ്രകടമാകുന്നു. മറ്റ് ചിലരിലാണെങ്കില്‍ യാതൊരു ലക്ഷണവും കാണിക്കാതെ തന്നെ രോഗം അതിന്റെ വേരുറപ്പിക്കുന്നു. 

പൊതുവേ പ്രായമായവരിലും, ജീവിതശൈലീ രോഗങ്ങളുള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിക്കപ്പെട്ടവരിലുമാണ് കൊവിഡ് തീവ്രമാകുന്നതെന്ന് നാം കണ്ടു. എന്നാല്‍ കൊവിഡ് ഭേദമായ ശേഷവും ദീര്‍ഘകാലത്തേക്ക് ശാരീരിക-മാനസിക പ്രയാസങ്ങള്‍ തുടരുന്ന കാര്യത്തില്‍ പ്രായമോ, മറ്റ് ആരോഗ്യാവസ്ഥകളോ ഘടകമാകുന്നില്ല. 

ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നൊരു പുതിയ പഠന റിപ്പോര്‍ട്ടാണ് ബ്രിട്ടനില്‍ നിന്ന് പുറത്തുവരുന്നത്. കൊവിഡ് നീണ്ട സമയത്തേക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ചെറുപ്പക്കാരില്‍ ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം പ്രശ്‌നത്തിലാകാമെന്നാണ് പഠനത്തിന്റെ പ്രധാന കണ്ടെത്തല്‍. 

ഇതിന്റെ ഭാഗമായാകാം കൊവിഡ് വന്ന് ഭേദമായി, മാസങ്ങള്‍ക്ക് ശേഷവും ശ്വാസതടസം, ക്ഷീണം, തലകറക്കം, വേദന തുടങ്ങിയവ അനുഭവപ്പെടുന്നതെന്നും പഠനം വ്യക്തമാക്കുന്നു. ഹൃദയം, ശ്വാസകോശം, കരള്‍, പിത്താശയം എന്നീ അവയവങ്ങളാണ് പ്രധാനമായും ബാധിക്കപ്പെടുന്നതത്രേ. 

കൊവിഡിന് ശേഷം കാണപ്പെടുന്ന ശാരീരിക- മാനസിക പ്രയാസങ്ങളെ കുറിച്ച് പഠിക്കുകയെന്നതായിരുന്നു ഗവേഷകസംഘത്തിന്റെ ലക്ഷ്യം. ഇതിനായി എംആര്‍ഐ സ്‌കാന്‍, രക്ത പരിശോധന, ശരീരത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ തുടങ്ങിയ മാനദണ്ഡങ്ങളും ചോദ്യാവലിയും ഉപയോഗിച്ചാണ് കൊവിഡ് അതിജീവിച്ച ഒരു കൂട്ടം ചെറുപ്പക്കാരില്‍ ഗവേഷകര്‍ പഠനം നടത്തിയത്. 

ചെറുപ്പക്കാരില്‍ ഇത്തരത്തില്‍ കൊവിഡാനന്തരം കാണപ്പെടുന്ന 'മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍ ഡാമേജ്' കാര്യമായി പരിഗണനയിലെടുക്കണമെന്നും കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നത് മുതല്‍ യുവാക്കള്‍ക്ക് നല്‍കിവരുന്ന ചികിത്സ ഇക്കാര്യം കൂടി കണക്കിലെടുത്ത് വേണം തീരുമാനിക്കാനെന്നും പഠനം ആവശ്യപ്പെടുന്നു. 

Also Read:- വാക്‌സിന്‍ എത്തിയാലും കൊവിഡ് തീരില്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന മേധാവി...