ശരീരം എത്ര 'ഫിറ്റ്' ആയി സൂക്ഷിച്ചാലും പ്രായം ചെല്ലും തോറും മുഖത്ത് അതിന്റെ ലക്ഷണങ്ങള്‍ കാണാതിരിക്കില്ല, അല്ലേ? മുഖത്തെ ചര്‍മ്മം ചുളിയുന്നതോ, പേശികള്‍ അയയുന്നതോ മാത്രമാണോ ഇതിന് കാരണം! 

കണ്ണ്, ചൂണ്ട്, മൂക്ക് തുടങ്ങി മുഖത്തെ ഏതെങ്കിലും അവയവവും പ്രായവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? എന്തായാലും മൂക്കിന് പ്രായവുമായി ഒരു ബന്ധമുണ്ടെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. 

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നിലുള്ളത്. 'മെഷീന്‍ ലേണിംഗ്' എന്ന 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഗവേഷകര്‍ പഠനം നടത്തിയത്. 

പല പ്രായത്തിലുള്ള നൂറ് സ്ത്രീകളെയാണ് ഇവര്‍ ഇതിനായി തെരഞ്ഞെടുത്തത്. ഇവരെല്ലാം തന്നെ 'റിനോപ്ലാസ്റ്റി' എന്ന കോസ്‌മെറ്റിക് ശസ്ത്രക്രിയ നടത്തിയവരായിരുന്നു. മൂക്കിന്റെ ഘടനയില്‍ വ്യത്യാസം വരുത്തുന്നതിനുള്ള ശസ്ത്രക്രിയയാണ് 'റിനോപ്ലാസ്റ്റി'. ഇന്ത്യയില്‍ തന്നെ നിരവധി സിനിമാതാരങ്ങളും പ്രമുഖരായ വ്യക്തികളുമൊക്കെ ചെയ്തിട്ടുള്ള ഒരു ശസ്ത്രക്രിയയാണിത്. 

'റിനോപ്ലാസ്റ്റി' നടത്തിയ സ്ത്രീകള്‍ക്ക് മൂന്ന് മുതല്‍ ഏഴ് വയസ് വരെ കുറവ് പ്രായം തോന്നിക്കുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. 

'റിനോപ്ലാസ്റ്റി സാധാരണഗതിയില്‍ ഒരു കോസ്‌മെറ്റിക് സര്‍ജറി, അഥവാ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ഒരുപാധി മാത്രമായിട്ടാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ പ്രായം കുറവ് തോന്നിക്കാനുള്ള മികച്ച ടെക്‌നോളജി കൂടിയാണിത്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. റോബര്‍ട്ട് ഡോര്‍ഫ്മാന്‍ പറയുന്നു. 

ഇനി പ്രായവും മൂക്കും തമ്മിലെങ്ങനെ ബന്ധപ്പെടുന്നുവെന്ന് നോക്കാം. 

'നമുക്ക് പ്രായം കൂടുംതോറും മൂക്കിന്റെ ഘടന മാറിരുന്നുണ്ട്. വളരെ ബലം കുറഞ്ഞ എല്ലുകളാണ് മൂക്കിനെ സപ്പോര്‍ട്ട് ചെയ്ത് നിര്‍ത്തുന്നത്. അതിനാല്‍ മുഖത്തിന് അയവ് വരുന്നതിന് അനുസരിച്ച് മൂക്കും അയഞ്ഞുതൂങ്ങാന്‍ തുടങ്ങും. ഇത് വളരെ പതിയെ നടക്കുന്ന മാറ്റമാണ്. അതോടൊപ്പം തന്നെ പ്രായമാകുമ്പോള്‍ കവിളിലെ തുടുപ്പ് മാഞ്ഞുകൊണ്ടിരിക്കും, അങ്ങനെ കവിളുകള്‍ തൂങ്ങും. ഇതോടെ മൂക്ക് കൂടുതല്‍ വ്യക്തമായി കാണപ്പെടുകയും ചെയ്യും. അപ്പോള്‍ നമ്മള്‍ സാധാരണഗതിയില്‍ കാണുകയും അളക്കുകയും ചെയ്യുന്ന ഒന്നുമല്ല പ്രായത്തെ നിര്‍ണയിക്കുന്നത് എന്ന് സാരം...'- ഗവേഷകരിലൊരാളായ ഡോ. റൂസ്‌റ്റെയിന്‍ പറയുന്നു. 

സൗന്ദര്യത്തിന്റെ കാര്യത്തില്‍ മൂക്കിന് ഇത്രയും പങ്ക് ഉള്ളതിനാലാണത്രേ റിനോപ്ലാസ്റ്റിയോടെ പ്രായം കുറവ് തോന്നിക്കാന്‍ സാധിക്കുന്നത്. മുമ്പ് ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇത്രയും വ്യക്തമായ തെളിവുകള്‍ ഒരു പഠനത്തിലും ലഭിച്ചിരുന്നില്ലെന്നും 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' ഉപയോഗിച്ച് നടത്തിയ ഈ പഠനം വളരെ കൃത്യമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.