ഓരോ ദിവസവും നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കൂടിവരികയാണ്. എത്ര നിയന്ത്രണങ്ങളുണ്ടെങ്കിലും ഇതുണ്ടാക്കുന്ന മലിനീകരണത്തിന് കയ്യും കണക്കുമില്ല. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് വാഹനങ്ങളില്‍ നിന്ന് പുറത്തെത്തുന്ന പുകയുണ്ടാക്കുന്നത്. 

ഈ വിഷയത്തെ കുറിച്ച് 'ദ ലാന്‍സറ്റ്' എന്ന ആരോഗ്യപ്രസിദ്ധീകരണം വിശദമായ പഠനം നടത്തിയിരുന്നു. പഠനത്തില്‍ ചൈനയിലാണ് വാഹനങ്ങളുടെ പുക ഏറ്റവുമധികം കുഞ്ഞുങ്ങളെ രോഗിയാക്കിയതെന്ന് കണ്ടെത്തി. ചൈനയ്ക്ക് പിന്നാലെ ഇന്ത്യയുമുണ്ട്. 

ഇന്ത്യയില്‍ വാഹനങ്ങളുണ്ടാക്കുന്ന മലിനീകരണം കുട്ടികളിലുണ്ടാക്കുന്ന രോഗം പ്രധാനമായും ആസ്ത്മയാണത്രേ. 3,50,000 കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ രോഗബാധയുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2015ലെ കണക്കാണിത്. ചൈനയിലാണെങ്കില്‍ 7,60,000 കുട്ടികളെയും ആസ്ത്മ ബാധിച്ചു. 

കുട്ടികളുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളായതിനാലാകാം ചൈനയും ഇന്ത്യയും ഈ പട്ടികയില്‍ മുന്നില്‍ വന്നതെന്ന് വിദഗ്ധര്‍ പറയുന്നു. 

'നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇത്രയും കുഞ്ഞുങ്ങള്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു...'- യുഎസിലെ ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറായ സൂസന്‍.സി. ആന്‍ബര്‍ഗ് പറയുന്നു. ഇനിയും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും സൂസന്‍ പറയുന്നു.