അമിതവണ്ണം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്ന് ഡോക്ടര്‍മാര്‍ എപ്പോഴും സൂചിപ്പിക്കാറുണ്ട്. എന്നാല്‍ അമിതമായി ശരീരവണ്ണം കൂടുന്നത് നമ്മുടെ ഏത് അവയവത്തെയാണ് പെട്ടെന്ന് ബാധിക്കുകയെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഈ വിഷയത്തില്‍ സ്വീഡനില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ പഠനം നടത്തി. അമിതവണ്ണമുള്ളവര്‍ അല്‍പം ജാഗ്രത കാണിച്ചേ തീരൂവെന്ന് ആവശ്യപ്പെടുന്ന കണ്ടെത്തലാണ് പഠനത്തിനൊടുവില്‍ ഉണ്ടായിരിക്കുന്നത്. 

അതായത്, അമിത ശരീരവണ്ണം ഹൃദയത്തെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന പല അസുഖങ്ങള്‍ക്കും ഇടയാക്കുന്നുവെന്നാണ് പഠനത്തിന്റെ നിഗമനം. 'എയറോട്ടിക് വാള്‍വ് സ്‌റ്റെനോസിസ്' എന്ന അസുഖത്തിനാണ് സാധ്യതകളേറെയും കൂടുതല്‍. ഹൃദയ വാള്‍വ് നല്ലരീതിയില്‍ തുറക്കാനാകാതെ രക്തയോട്ടത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണിത്. 

സൂക്ഷിച്ചില്ലെങ്കില്‍ വാള്‍വ് മാറ്റിവെക്കേണ്ട സാഹചര്യം വരെ ഇതില്‍ വന്നേക്കാം. ഇതിന് പുറമെ, 'ഹാര്‍ട്ട് ഫെയിലിയര്‍' ഉള്‍പ്പെടെ ഹൃദയസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും അമിതവണ്ണം കാരണമാകുന്നു. രക്തസമ്മര്‍ദ്ദം ഉയരാന്‍ ഇടയാക്കുന്നതും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെത്തന്നെ ബാധിക്കുന്നു.