Asianet News MalayalamAsianet News Malayalam

കൊവിഡ് ഭേദമായവര്‍ക്ക് തല്‍ക്കാലം ഒരു ഡോസ് വാക്സിന്‍ മതിയാകുമെന്ന് പഠനം

ഇത്തരക്കാരിലെ ആന്‍റിബോഡിയുടെ പ്രതികരണം ഉയർത്തിക്കാട്ടി ഹൈദരാബാദിലെ എഐജി ആശുപത്രി നടത്തിയ പഠനമാണ്​ ഇത്​ സൂചിപ്പിക്കുന്നത്​. ഇന്‍റർനാഷനൽ ജേണൽ ഓഫ്​ ഇൻഫെക്​ഷ്യസ് ഡിസീസസിലാണ്​​ പഠനം പ്രസിദ്ധീകരിച്ചത്. 

study says Single dose of vaccine sufficient for Covid recovered patients
Author
Thiruvananthapuram, First Published Jun 15, 2021, 2:36 PM IST

കൊവിഡ് ഭീതിയിൽ നിന്നും രക്ഷ നേടുന്നതിന് ലോകം മുഴുവനും വാക്സിനിൽ അഭയം തേടുന്ന ഈ സമയത്ത്, വാക്സിനുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. പലതും അത്ര ആഴത്തിലുള്ള പഠനമല്ല എന്നും പഠനത്തിന് നിരീക്ഷണ സ്വഭാവമാണുള്ളതെന്നും വിദഗ്ധര്‍ പോലും വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് 18ന് വയസിന് മുകളിലുള്ള എല്ലാവരെയും വാക്​സിനേഷന്​ വിധേയമാക്കാനാണ്​ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. 

ഇതിനിടെ കൊവിഡ് ഭേദമായവര്‍ക്ക് തല്‍ക്കാലം ഒരു ഡോസ് വാക്സിന്‍ മതിയാകുമെന്നാണ് പുതിയൊരു പഠനം സൂചിപ്പിക്കുന്നത്. ഇത്തരക്കാരിലെ ആന്‍റിബോഡിയുടെ പ്രതികരണം ഉയർത്തിക്കാട്ടി ഹൈദരാബാദിലെ എഐജി ആശുപത്രി നടത്തിയ പഠനമാണ്​ ഇത്​ സൂചിപ്പിക്കുന്നത്​. ഇന്‍റർനാഷനൽ ജേണൽ ഓഫ്​ ഇൻഫെക്​ഷ്യസ് ഡിസീസസിലാണ്​​ പഠനം പ്രസിദ്ധീകരിച്ചത്. 

ജനുവരി 16നും ഫെബ്രുവരി അഞ്ചിനും ഇടയിൽ കൊവിഷീൽഡ്​ വാക്​സിൻ സ്വീകരിച്ച 260 ആരോഗ്യപ്രവർത്തകരിലാണ്​ പഠനം നടത്തിയത്​. ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച കൊവിഡ് മുക്തരായവർ കൊവിഡ്​ ബാധിക്കാത്തവരെ അപേക്ഷിച്ച് കൂടുതൽ ആന്‍റിബോഡി പ്രതികരണം കാണിക്കുന്നുവെന്നാണ് പഠനം പറയുന്നത്. 

'കൊവിഡ് ബാധിച്ച ആളുകള്‍ക്ക് ഒരു ഡോസ് ഉപയോഗിച്ച് തന്നെ രണ്ട് ഡോസുകൾക്ക് തുല്യമായി ശക്തമായ ആന്‍റിബോഡിയും മെമ്മറി സെൽ പ്രതികരണവും വികസിപ്പിക്കാൻ കഴിയും'- എ.ഐ.ജി ഹോസ്​പിറ്റൽസ് ചെയർമാൻ ഡോ. ഡി. നാഗേശ്വർ റെഡ്ഡി പറഞ്ഞു. സാമൂഹിക പ്രതിരോധം കൈവരിക്കാൻ ആവശ്യമായ ആളുകളെ വാക്​സിനേഷന്​ വിധേയമാക്കിയ ശേഷം രോഗ മുക്തരായവർക്ക്​​ രണ്ടാം ഡോസ്​ വാക്​സിൻ എടുക്കാമെന്നും ഡോ. റെഡ്ഡി കൂട്ടിച്ചേര്‍ത്തു. 

Alsoa Read: കൊവിഡ് വാക്സിനുകൾ മിക്സ് ചെയ്താൽ കൂടുതൽ പ്രതിരോധശേഷിയെന്ന് പഠനം...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios