കൊവിഡ് 19, മറ്റ് അസുഖങ്ങളുള്ളവരില്‍ കൂടുതല്‍ ഗൗരവമായേക്കുമെന്ന് നേരത്തേ മുതല്‍ തന്നെ ആരോഗ്യ വിദഗ്ധര്‍ സൂചന നല്‍കുന്നതാണ്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍, പ്രമേഹരോഗികള്‍, രക്തസമ്മര്‍ദ്ദമുള്ളവര്‍ എല്ലാം ഇക്കൂട്ടത്തിലുള്‍പ്പെടുന്നവരാണ്. ഇത്തരം രോഗാവസ്ഥകളുള്ളവര്‍ക്ക് അതിനെ നിയന്ത്രണത്തിലാക്കാനുള്ള മരുന്നുകളും കൊവിഡ് ചികിത്സയ്‌ക്കൊപ്പം തന്നെ കഴിക്കേണ്ടി വരും.

എന്നാല്‍ ഇങ്ങനെ മറ്റ് മരുന്നുകള്‍ കഴിക്കുന്നത് പലപ്പോഴും കൊവിഡിന്റെ രൂക്ഷതയെ വര്‍ധിപ്പിക്കുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന നിരീക്ഷണം. ഈ നിരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയാണ് യുകെയിലെ 'ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ വിപുലമായ ഒരു പഠനം ആരംഭിച്ചത്. 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് മരുന്ന് കഴിക്കുന്നവരില്‍ എത്തരത്തിലെല്ലാമാണ് കൊവിഡ് 19 ഗുരുതരമാകുന്നതെന്നും, എങ്ങനെയാണ് ഈ വിഭാഗത്തില്‍ പെടുന്ന രോഗികള്‍ക്കിടയിലെ മരണനിരക്ക് എന്നതുമായിരുന്നു ഗവേഷകരുടെ പ്രധാന അന്വേഷണ വിഷയങ്ങള്‍. 

അല്‍പം അതിശയപ്പിക്കുന്ന ചില നിഗമനങ്ങളിലേക്കാണ് പക്ഷേ, പഠനത്തിനൊടുവില്‍ ഗവേഷകരെത്തിയിരിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കഴിക്കുന്ന പല ഗുളികകളും കൊവിഡ് ഗുരുതരമാകുന്നതും തമ്മില്‍ പ്രാഥമികമായി ബന്ധങ്ങളൊന്നുമില്ലെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നുമാത്രമല്ല, മിക്ക രോഗികളിലും കൊവിഡ് രൂക്ഷമാകാതെ മടങ്ങിയതും, മരണം ഒഴിവായിപ്പോയതും ഈ മരുന്നുകള്‍ കഴിച്ചിരുന്നത് മൂലമാണെന്നും ഇവര്‍ കണ്ടെത്തിയിരിക്കുന്നു. 

പല പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണങ്ങളിലും യുകെ ഗവേഷകരുടെ ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ എത്രമാത്രം ആധികാരികമായി ഇതിനെ ഉള്‍ക്കൊള്ളാമെന്ന്  ഇപ്പോഴും നമുക്ക് പറയവയ്യ. ഏതാണ്ട് 28,000ത്തോളം കൊവിഡ് രോഗികളുടെ കേസ് സ്റ്റഡിയും ഇതുവരെ നടന്ന പത്തൊമ്പതോളം മറ്റ് പഠനങ്ങളും ഉപയോഗിച്ചാണത്രേ ഗവേഷകര്‍ ഈ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏതായാലും വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായേക്കുമെന്ന് തന്നെ ഈ ഘട്ടത്തില്‍ നമുക്ക് പ്രതീക്ഷിക്കാം.

Also Read:- പ്രമേഹരോഗിയായ പതിനെട്ടുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു; പരാതിയുമായി മാതാപിതാക്കള്‍...