കൊവിഡ് ബാധിച്ച ഒരു കൂട്ടം പേരുടെ ആരോഗ്യമാറ്റങ്ങള്‍ മാസങ്ങളുടെ ഇടവേളകളില്‍ വിലയിരുത്തി, അവയെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്.
കൊവിഡ് 19ന്‍റെ ഭീഷണിയില്‍ നിന്ന് ഏറെക്കുറെ നാം മോചിതരായി എന്ന ആശ്വാസത്തിലാണ് ഇപ്പോള്‍ നാം മുന്നോട്ടുപോകുന്നത്. എന്നാല്‍ കൊവിഡുണ്ടാക്കിയ പ്രതിസന്ധികളെയൊന്നും തരണം ചെയ്തുവെന്ന് പറയാൻ സാധിക്കില്ല. പ്രത്യേകിച്ച് സാമ്പത്തിക- തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍. അത് മാറ്റിനിര്‍ത്തി, ആരോഗ്യത്തിന്‍റെ കാര്യത്തിലേക്ക് വന്നാല്‍ കൊവിഡ് ഉയര്‍ത്തുന്ന ഏറ്റവും വലിയ വെല്ലുവിളി അതിന്‍റെ പരിണിതഫലങ്ങളാണ്.
ഇത് സംബന്ധിച്ച് പല പഠനങ്ങളും റിപ്പോര്‍ട്ടുകളും നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. കൊവിഡ് - ഹൃദയം അടക്കം പല അവയവങ്ങളെയും ബാധിക്കാം. ദീര്‍ഘകാലത്തേക്ക് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളോ പ്രയാസങ്ങളോ കൊവിഡ് ഉണ്ടാക്കാം (ലോംഗ് കൊവിഡ്) എന്നെല്ലാം പഠനങ്ങള്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.
ഇതുമായെല്ലാം ചേര്‍ത്തുവായിക്കാവുന്നൊരു പഠനത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കൊവിഡ് വന്ന് ഭേദമായി ഒരു വര്‍ഷമൊക്കെ കഴിഞ്ഞാണ് ഇതിന്‍റെ പരിണിതഫലങ്ങള്‍ നേരിട്ടുതുടങ്ങുകയെന്നാണ് ഈ പഠനം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. യുഎസില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് പഠനത്തിന് പിന്നില്‍.
'സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രവൻഷൻ' (യുഎസ്) പുറത്തിറക്കുന്ന 'മോര്‍ബിഡിറ്റി ആന്‍റ് മോര്‍ട്ടാലിറ്റി വീക്കിലി റിപ്പോര്‍ട്ട്'ലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. മുമ്പ് വന്ന പല പഠനങ്ങളെയും അപേക്ഷിച്ച് കൂടുതല്‍ വിശദമായും ആധികാരികമായുമാണ് ഈ പഠനം വിഷയത്തെ അപഗ്രഥിച്ചിരിക്കുന്നത്.
കൊവിഡ് ബാധിച്ച ഒരു കൂട്ടം പേരുടെ ആരോഗ്യമാറ്റങ്ങള്‍ മാസങ്ങളുടെ ഇടവേളകളില്‍ വിലയിരുത്തി, അവയെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്.
'കൊവിഡ് വന്നുപോയതിന് ശേഷം അതിന്‍റെ അനുബന്ധപ്രശ്നങ്ങള്‍ ദീര്‍ഘകാലത്തേക്ക് നില്‍ക്കും.ചിലരില്‍ ലക്ഷണങ്ങള്‍ ഇടയ്ക്ക് പോകും. വീണ്ടും വരും. ഒരു വര്‍ഷം കഴിഞ്ഞ് നോക്കുമ്പോഴും ഇവരില്‍ കൊവിഡ് പോസിറ്റീവായ രോഗികളില്‍ കാണുന്നത് പോലുള്ള അതേ പ്രശ്നങ്ങള്‍ കാണുന്നു. തീര്‍ച്ചയായും എല്ലാവരുടെ കേസും അങ്ങനെയല്ല. ഇത് കുറെക്കൂടി ഗൗരവമുള്ള വിഷയമാണ്. കൊവിഡ് എത്തരത്തില്‍ ദീര്‍ഘകാലത്തേക്ക് നമ്മെ ബാധിക്കുന്നു. അതുപോലെ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍, ആരോഗ്യപരമായ പ്രതിസന്ധികള്‍ കൊവിഡ് സൃഷ്ടിക്കുന്നു എന്നതിനെക്കുറിച്ചെല്ലാം വ്യക്തതയുണ്ടാക്കുന്നതിലേക്കായി ഈ പഠനം വെളിച്ചം വീശും...'- പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് ഏറെ കാലത്തേക്ക് മനുഷ്യരെ വലയ്ക്കും എന്ന വാദത്തിന് അടിവരയിടുകയാണ് ഈ പഠനവും. എങ്ങനെയെല്ലാം കൊവിഡ് മനുഷ്യരെ ദുരിതത്തിലാക്കാം, എങ്ങനെയെല്ലാം ബാധിക്കാം, എത്രമാത്രം അപകടം, എങ്ങനെ ഇതൊഴിവാക്കാം എന്നതെല്ലാം സംബന്ധിച്ച സൂക്ഷ്മമായ പഠനങ്ങളും ഗവേഷണങ്ങളും ഇനിയും നടന്നുവരികയാണ്.
തളര്‍ച്ച, ജലദോഷം, തലവേദന, ശ്വാസതടസം, നെഞ്ചപവേദന, വയറിന് പ്രശ്നം, വയറിളക്കം, മറവിയും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയുമടക്കമുള്ള തലച്ചോറിനുള്ള പ്രശ്നങ്ങള്‍ (ബ്രെയിൻ ഫോഗ്) എന്നിവയെല്ലാമാണ് കാര്യമായും കൊവിഡിന് ശേഷം നീണ്ടുനില്‍ക്കുന്ന പ്രശ്നങ്ങള്‍. ഇവയെല്ലാം എത്രകണ്ട് അപകടകരമാണ്, എന്തുമായെല്ലാം ഇവ ബന്ധപ്പെട്ട് കിടക്കുന്നു എന്ന കാര്യങ്ങളെല്ലാം ഇനിയും വ്യക്തത വരാത്ത ഏരിയകളാണ്. എന്തായാലും ആശങ്കയുണ്ടാക്കുന്നൊരു പഠനറിപ്പോര്‍ട്ട് തന്നെയാണിതെന്ന് ചുരുക്കം.
Also Read:- ഡിപ്രഷന് കഴിക്കുന്ന മരുന്നുകള്‍ക്ക് സൈഡ് എഫക്ട്സ് 'ഉണ്ട്'; അറിയാം ഇവ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
