ധാരാളം ആശങ്കകളും ആശയക്കുഴപ്പങ്ങളും എല്ലാക്കാലത്തും പങ്കുവയ്ക്കപ്പെട്ടിട്ടുള്ള ഒരു വിഷയമാണ് സ്വയംഭോഗം. ശാസ്ത്രം ഏറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടും, ശരീരത്തെക്കുറിച്ചും അതിന്റെ ധര്‍മ്മങ്ങളേയും ആവശ്യങ്ങളേയും കുറിച്ചും സൂക്ഷ്മമായ വിശകലനങ്ങളും ഗവേഷണങ്ങളും നടന്നിട്ടും പലപ്പോഴും ആരോഗ്യപരമായ ചര്‍ച്ചകള്‍ പോലും ഈ വിഷയത്തില്‍ സാധ്യമാകുന്നില്ല എന്നതാണ് ഇത്തരം അവ്യക്തതകളെയെല്ലാം പരിഹരിക്കപ്പെടാതെ നിലനിര്‍ത്തുന്നതും. 

വ്യക്തികളുടെ ചുറ്റുപാട്, അവര്‍ ജീവിക്കുന്ന സാമൂഹികാന്തരീക്ഷം, സദാചാരപരമായ കാഴ്ചപ്പാടുകള്‍ എന്നിവയെല്ലാം സ്വയംഭോഗം ചര്‍ച്ചകളില്‍ നിന്ന് തഴയപ്പെടാന്‍ കാരണമാക്കാറുണ്ട്. എന്നാല്‍ ശാരീരികവും മാനസികവുമായി ഏറെ ഗുണങ്ങള്‍ സ്വയംഭോഗത്തിനുള്ളതായി നിരവധി പഠനങ്ങളും ഗവേഷകരും അവകാശപ്പെടുന്നുണ്ട്. 

ഇതുമായി ചേര്‍ത്തുവായിക്കാവുന്ന പുതിയൊരു പഠനം കൂടി പുറത്തുവന്നിരിക്കുകയാണിപ്പോള്‍. ജര്‍മ്മനിയിലെ 'ജോണ്‍സ് ഗുട്ടന്‍ബര്‍ഗ്' യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 'ആര്‍ക്കൈവ്‌സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയര്‍' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് ഇതിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

സ്വയംഭോഗത്തില്‍ നിന്ന് ബോധപൂര്‍വ്വം ചില പുരുഷന്മാര്‍ വിട്ടുനില്‍ക്കുന്നുണ്ടെന്നും ഇതിന് അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണെന്നും ആയിരുന്നു ഗവേഷകരുടെ പഠനവിഷയം. മനശാസ്ത്രപരമായ കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കലായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. എന്നാല്‍ വളരെ ഗൗരവമുള്ള മറ്റ് ചില വസ്തുതകളായിരുന്നു ഇവര്‍ കണ്ടെത്തിയത്. 

ആളുകളുടെ രാഷ്ട്രീയ വീക്ഷണം, മതം ഉള്‍പ്പെടെയുള്ള വിശ്വാസങ്ങള്‍, സാമൂഹികാന്തരീക്ഷം, ശാസ്ത്രീവബോധമില്ലായ്മ, സദാചാര കാഴ്ചപ്പാടുകള്‍ എന്നിവയും സ്വയംഭോഗത്തെ കുറിച്ചുള്ള മിഥ്യാധാരണകളുമാണ് പലപ്പോഴും പുരുഷന്മാരെ നിര്‍ബന്ധപൂര്‍വ്വം ഇതില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത് എന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. 

Also Read:- ലോക്ക് ഡൗൺ കാലത്തെ ചിന്ത; സ്വയംഭോഗം ചെയ്യുന്നത് പ്രതിരോധശേഷി വർധിപ്പിക്കുമോ? ഡോക്ടർമാർ പറയുന്നത്...

ഓണ്‍ലൈനായി നടത്തിയ സര്‍വേയിലൂടെയാണ് ഗവേഷകര്‍ അവര്‍ക്കാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. പഠനത്തിന്റെ ഭാഗമായവരില്‍ 64 ശതമാനം പുരുഷന്മാരും ജീവിതത്തിലൊരിക്കലെങ്കിലും സ്വയംഭോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് തീരുമാനമെടുത്തവരാണെന്നും എന്നാല്‍ പലപ്പോഴും ഈ തീരുമാനം പ്രായോഗികമാക്കാന്‍ കഴിയാതെ വീണ്ടും ഇതിലേക്ക് തന്നെ തിരിച്ചുവന്നവരാണ് അധികവും എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 

'ഹൈപ്പര്‍ സെക്ഷ്വാലിറ്റി, ഇറക്ടൈല്‍ ഡിസ്ഫംഗ്ഷന്‍ തുടങ്ങിയ ലൈംഗികരോഗങ്ങളുള്ളവരല്ല സ്വയംഭോഗത്തെ പ്രശ്‌നമായി കാണുന്നവര്‍. വളരെ നോര്‍മല്‍ ആയിട്ടുള്ളവരിലാണ് ഈ പ്രവണത കൂടുതലും കാണുന്നത്. വ്യക്തി എന്ന നിലയ്ക്ക് ഒരു പോരായ്മയായിട്ടും പങ്കാളിയില്‍ നിന്നുള്ള കുറ്റപ്പെടുത്തല്‍ ഭയന്നും അനാരോഗ്യകരമാണെന്ന് ചിന്തിച്ചുമെല്ലാമാണ് ഇവര്‍ സ്വയംഭോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നത്...' പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ റോളണ്ട് ഇംഹോഫ് പറയുന്നു. 

തങ്ങള്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയതെന്നും ഈ വിഷയത്തില്‍ ഗൗരവപരമായ പരിശോധനകളും വിശകലനങ്ങളും ശാസ്ത്രീയമായിത്തന്നെ ഇനിയും നടക്കേണ്ടതുണ്ടെന്നും ഇംഹോഫ് വ്യക്തമാക്കുന്നു.