Asianet News MalayalamAsianet News Malayalam

പുരുഷന്മാരുടെ അരവണ്ണവും പ്രോസ്‌റ്റേറ്റ് ക്യാന്‍സറും തമ്മില്‍ ബന്ധമുള്ളതായി പഠനം...

യുകെയില്‍ ക്യാന്‍സര്‍ മൂലം മരണപ്പെടുന്ന പുരുഷന്മാരില്‍ രണ്ടാമതായി മുന്നിട്ടുനില്‍ക്കുന്ന ക്യാന്‍സറാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍. മൂത്രസഞ്ചിക്ക് മുമ്പിലായി കാണപ്പെടുന്ന പ്രോസ്‌റ്റേറ്റ് എന്ന ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദമാണിത്. പ്രതിവര്‍ഷം 12,000 പേരാണ് യുകെയില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ബാധിച്ച് മരണമടയുന്നത്

study says that men with larger waists more likely to die of prostate cancer
Author
UK, First Published Sep 2, 2020, 8:18 PM IST

പുരുഷന്മാരുടെ അരവണ്ണവും കുടവയറും പ്രോസ്‌റ്റേറ്റ് ക്യാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തി പുതിയ പഠനം. ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പത്ത് വര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

യുകെയില്‍ ക്യാന്‍സര്‍ മൂലം മരണപ്പെടുന്ന പുരുഷന്മാരില്‍ രണ്ടാമതായി മുന്നിട്ടുനില്‍ക്കുന്ന ക്യാന്‍സറാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍. മൂത്രസഞ്ചിക്ക് മുമ്പിലായി കാണപ്പെടുന്ന പ്രോസ്‌റ്റേറ്റ് എന്ന ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദമാണിത്. പ്രതിവര്‍ഷം 12,000 പേരാണ് യുകെയില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ബാധിച്ച് മരണമടയുന്നത്. 

വര്‍ധിച്ചുവരുന്ന ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് ലക്ഷത്തിലധികം പുരുഷന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓക്‌സ്ഫര്‍ഡ് ഗവേഷകരുടെ പഠനം ആരംഭിച്ചത്. 'ക്യാന്‍സര്‍ റിസര്‍ച്ച് യുകെ'യുടെ സഹായത്തോടെയായിരുന്നു പഠനം നടന്നത്. 

വയറിന് ചുറ്റും, അതുപോലെ അരയ്ക്ക് ചുറ്റും കൊഴുപ്പ് കൂടുതലായി അടിഞ്ഞുകിടക്കുന്ന പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ മൂലമുള്ള മരണത്തിന് സാധ്യതകള്‍ ഏറെയാണെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ എന്തുകൊണ്ടാണിത് സംഭവിക്കുന്നത് എന്ന കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ പഠനത്തിനായിട്ടില്ല. 

'എന്തുകൊണ്ടാണ് ഇത്തരത്തില്‍ അരവണ്ണവും കുടവയറുമുള്ളവരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ഗൗരവമാകുന്നത് എന്ന് കണ്ടെത്താന്‍ ഞങ്ങള്‍ക്കായിട്ടില്ല. പക്ഷേ മുമ്പ് നടന്ന പല പഠനങ്ങളിലേയും കണ്ടെത്തലുകളെ ശരിവയ്ക്കുന്ന നിഗമനത്തിലേക്ക് ഞങ്ങള്‍ വ്യക്തമായും എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇനി കാരണങ്ങളെ കൂടി വേര്‍തിരിച്ച് മനസിലാക്കാനുള്ള പഠനമാണ് നടക്കേണ്ടത്. അമിതവണ്ണമുള്ളവരെക്കാള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടത് അരവണ്ണം കൂടുതലുള്ളവര്‍ തന്നെയാണെന്നത് ഉറപ്പിച്ചുപറയാം. എന്നാല്‍ അമിതവണ്ണവും മറ്റ് പല അസുഖങ്ങളിലേക്കും നയിച്ചേക്കാം എന്നതിനാല്‍ അതും തീര്‍ച്ചയായും കണക്കിലെടുക്കേണ്ട വിഷയം തന്നെയാണ്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. പെരസ് കൊര്‍നാഗോ പറയുന്നു. 

പഠനം നടന്ന കാലയളവില്‍ ഇതില്‍ പങ്കെടുത്ത 571 പേരാണത്രേ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ മൂലം മരിച്ചത്. ഇവരുടെ ആരോഗ്യാവസ്ഥകളെ കൂടി പഠിച്ച ശേഷമാണ് ഈ നിഗമനത്തിലേക്ക് തങ്ങളെത്തിയിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

Also Read:- യുവാക്കളില്‍ മലാശയ ക്യാന്‍സര്‍ കൂടിവരുന്നു; അറിയാം ലക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios