ലോകമൊട്ടാകെ, കൊവിഡ് 19നെതിരായ പോരാട്ടത്തിലാണ്. ഓരോ ദിവസവും ആശങ്കയോടെയും പേടിയോടെയുമാണ് കൊവിഡുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളെയെല്ലാം നാം കാണുന്നത്. ഇത്തരത്തില്‍ ഏറെ ഗൗരവമുള്ള ഒരു പഠനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ 'ദ ലാന്‍സെറ്റ്'ലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. ആഗോളതലത്തില്‍ തന്നെ അഞ്ചിലൊരാള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഉണ്ടെന്നും ഇവരില്‍ കൊവിഡ് 19 ബാധിച്ചാല്‍ അത് രൂക്ഷമായേക്കും എന്നുമാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

ലോകത്തെ ആകെ ജനസംഖ്യയുടെ 20 ശതമാനത്തിലധികം വരുന്നവര്‍ ഇത്തരത്തില്‍ വെല്ലുവിളി നേരിടുന്നവരാണെന്നും 'ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപിക്കല്‍ മെഡിസിന്‍' വിദഗ്ധര്‍ നടത്തിയ പഠനം പറയുന്നു. 

ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗം എന്നീ അസുഖങ്ങളുള്ളവരാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇതിന് പുറമെ വൃക്ക സംബന്ധമായ രോഗങ്ങളുള്ളവര്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍, പഴക്കം ചെന്ന മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവരും ഭീഷണി നേരിടുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. 

പ്രായമായവരില്‍ അസുഖങ്ങള്‍ കാണാനുള്ള സാധ്യതകള്‍ കൂടുതലായതിനാല്‍ കൊവിഡ് 19ന്റെ കാര്യത്തിലും ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടുന്നത് അവര്‍ തന്നെ. പ്രായമായവരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യൂറോപ്പ് കൊവിഡ് മൂലം നേരിട്ട തിരിച്ചടി ഇതിന് ഉദാഹരണമാണ്. രോഗികളുടെ എണ്ണമായാലും മരണനിരക്കായാലും യൂറോപ്യന്‍ രാജ്യങ്ങളില്‍ അവ കൂടുതലായിരുന്നു. 

Also Read:- കൊവിഡ് 19 പൂർണ്ണാരോഗ്യവാന്മാരിൽ പ്രമേഹത്തിന് കാരണമായേക്കാം എന്ന് പഠനം...

അതേസമയം ചെറുപ്പക്കാരുടെ എണ്ണം കൂടുതലായ ആഫ്രിക്ക പോലുള്ളയിടങ്ങളിലെ മരണ നിരക്ക് വളരെ കുറവായതിന് കാരണവും ഇതുതന്നെയെന്ന് പഠനം സ്ഥിരീകരിക്കുന്നു.