ശ്വാസതടസം നേരിടുന്ന കൊവിഡ് ഭേദമായ ആളുകളില്‍ ശ്വാസകോശത്തിന് പ്രശ്‌നങ്ങള്‍ കണ്ടെത്തിയേക്കാമെന്നാണ് പഠനം പറയുന്നത്. സാധാരണഗതിയില്‍ നാം നടത്തുന്ന സിടി സ്‌കാനിലോ മറ്റോ ഈ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിക്കുകയില്ലെന്നതാണ് ഏറ്റവും വലിയ സങ്കീര്‍ണതയെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു

കൊവിഡ് 19 അടിസ്ഥാനപരമായി ( Covid 19 Disaese ) ഒരു ശ്വാസകോശരോഗമാണെന്ന് ( Lung Disease ) നമുക്കെല്ലാം അറിയാം. എങ്കിലും ഇത് മറ്റ് പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതും നാം കണ്ടു. എന്ന് മാത്രമല്ല, കൊവിഡ വന്ന് ഭേദമായതിന് ശേഷം ഏറെ നാളത്തേക്ക് പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുന്ന സാഹചര്യവും ഉണ്ട്. 

ഇത്തരത്തില്‍ കൊവിഡിന് ശേഷവും മാസങ്ങളോളം അതിന്റെ തിക്തഫലങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയെ 'ലോംഗ് കൊവിഡ്' എന്നാണ് വിളിക്കുന്നത്. കൊവിഡിനോട് അനുബന്ധമായി വരുന്ന തളര്‍ച്ച, ശ്വാസതടസം പോലുള്ള പ്രശ്‌നങ്ങള്‍ തന്നെയാണ് ലോംഗ് കൊവിഡിലും ഏറെയും കാണുന്നത്.

ഇങ്ങനെ കൊവിഡിന് ശേഷം ശ്വാസതടസം നേരിടുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് പുതിയൊരു പഠനം പറയുന്നത്. 'ഓക്‌സ്ഫര്‍ഡ്', 'ഷെഫീല്‍ഡ്', 'കാര്‍ഡിഫ്', 'മാഞ്ചസ്റ്റര്‍' എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ സംയുക്തമായാണ് പഠനം നടത്തിയത്. 

ശ്വാസതടസം നേരിടുന്ന കൊവിഡ് ഭേദമായ ആളുകളില്‍ ശ്വാസകോശത്തിന് പ്രശ്‌നങ്ങള്‍ കണ്ടെത്തിയേക്കാമെന്നാണ് പഠനം പറയുന്നത്. സാധാരണഗതിയില്‍ നാം നടത്തുന്ന സിടി സ്‌കാനിലോ മറ്റോ ഈ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിക്കുകയില്ലെന്നതാണ് ഏറ്റവും വലിയ സങ്കീര്‍ണതയെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

'ഹൈപ്പര്‍ പോളാറൈസ്ഡ് ക്‌സെനോണ്‍ എംആര്‍ഐ സ്‌കാന്‍' ഉപയോഗിച്ചാണ് തങ്ങള്‍ ഇത് കണ്ടെത്തിയതെന്നും ഗവേഷകര്‍ പറയുന്നു. ലോംഗ് കൊവിഡ് നേരിടുകയും തുടര്‍ന്ന് സിടി സ്‌കാന്‍ എടുത്തപ്പോള്‍ 'നോര്‍മല്‍' ആയി കാണിക്കുകയും ചെയ്തവര്‍, കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുകയും ഡിസ്ചാര്‍ജ് ചെയ്ത് മൂന്ന് മാസമെങ്കിലും ആയവര്‍ ( ഇവരുടെയും സിടി സ്‌കാന്‍ 'നോര്‍മല്‍' അല്ലെങ്കില്‍ വലിയ പ്രശ്‌നം കാണിക്കാത്തതായിരുന്നു), കൊവിഡ് വന്നപ്പോള്‍ ലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും ആശുപത്രിയില്‍ ചികിത്സ തേടാതിരിക്കുകയും കൊവിഡിന് ശേഷം ലോംഗ് കൊവിഡ് ലക്ഷണങ്ങളും കാണിക്കാതിരിക്കുകയും ചെയ്തവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളെ കുറിച്ച് പഠനം വിശദമായി പറയുന്നു. 

പഠനത്തിനായി തെരഞ്ഞെടുത്തവരില്‍ ഈ മൂന്ന് വിഭാഗങ്ങളും ഉണ്ടായിരുന്നുവത്രേ. അതായത്, ഇത്തരത്തിലുള്ള ആളുകളിലെല്ലാം ഉള്ളില്‍ കൊവിഡ്, ശ്വാസകോശ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കാം എന്ന നിഗമനമാണ് പഠനം പങ്കുവയ്ക്കുന്നത്. എളുപ്പത്തില്‍ ഇത് കണ്ടെത്താന്‍ സാധിക്കുകയില്ലെന്ന മുന്നറിയിപ്പ് വലിയ ആശങ്ക തന്നെയാണ് സമ്മാനിക്കുന്നത്.

Also Read:- യുഎസിൽ ഒമിക്രോൺ അതിവേഗം പടരുന്നു; മരണനിരക്ക് ഡെൽറ്റയെക്കാളും ഉയർന്നത്