ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും ജീവന് പോലും ഭീഷണിയാകുന്ന അവസ്ഥയിലേക്ക് വ്യക്തികളെ നയിക്കാറുണ്ട്. പ്രത്യേകിച്ച് ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെയുള്ള ഗുരുതരമായ പ്രശ്‌നങ്ങളിലേക്കെല്ലാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വഴിയൊരുക്കിയേക്കാം. 

തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇതിന് മരുന്നുകള്‍ എടുക്കുക തന്നെ വേണം. അതോടൊപ്പം തന്നെ ജീവിതരീതികളിലും കാര്യമായ ശ്രദ്ധ ചെലുത്തിയേ പറ്റൂ. ഇക്കൂട്ടത്തില്‍ ഭക്ഷണരീതിയില്‍ കരുതാനുള്ള ഒന്നിനെ പറ്റിയാണ് പറഞ്ഞുവരുന്നത്. 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഡയറ്റില്‍ കൂടുതല്‍ ഇലക്കറികള്‍- പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തണമെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. ഇതിനൊപ്പം ചെറിയ അളവില്‍ മാംസാഹാരവും ഉള്‍പ്പെടുത്തുക. ഇത്തരത്തിലൊരു ഡയറ്റ് രീതി- ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ഒരു പരിധി വരെ നമ്മെ സുരക്ഷിതരാക്കുമെന്നാണ് പഠനം അവകാശപ്പെടുന്നത്. 

യുകെയിലെ 'വാര്‍വിക് യൂണിവേഴ്‌സിറ്റി'ക്ക് കീഴിലുള്ള 'വാര്‍വിക് മെഡിക്കല്‍ സ്‌കൂളി'ല്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. മുമ്പ് നടന്നിട്ടുള്ള നാല്‍പതിലധികം പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ ഈ പഠനം നടത്തിയത്. ഏതാണ്ട് ഒമ്പതിനായിരത്തിനടുത്ത് ആളുകളെ പങ്കെടുപ്പിച്ചായിരുന്നു പഠനത്തിനുള്ള വിവരങ്ങള്‍ ശേഖരിച്ചത്. 

പച്ചക്കറിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഏഴ് തരം ഡയറ്റും രക്തസമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധമാണ് ഗവേഷകര്‍ പ്രധാനമായും പരിശോധിച്ചത്. ഇവയെല്ലാം തന്നെ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കുന്നതായാണ് പഠനം കണ്ടെത്തിയത്. അതുപോലെ തന്നെ രക്തസമ്മര്‍ദ്ദമുള്ളവര്‍ മാംസാഹാരം പൂര്‍ണ്ണമായി ഉപേക്ഷിക്കേണ്ടതില്ലെന്നും കുറഞ്ഞ അളവില്‍ അതും കഴിക്കാമെന്നും ഇവര്‍ കണ്ടെത്തിയിരിക്കുന്നു.

Also Read:- ഹൃദയത്തെ സംരക്ഷിക്കാന്‍ ചോക്ലേറ്റ് കഴിക്കാം; പഠനം...