ഇനി നായ്ക്കള്‍ മണത്ത് പറയും നിങ്ങള്‍ക്ക് അര്‍ബുദം ഉണ്ടൊയെന്ന്. മനുഷ്യരക്തം മണപ്പിച്ച് അര്‍ബുദത്തിന്‍റെ സാന്നിധ്യം കണ്ടെത്താന്‍ നായ്ക്കള്‍ക്ക് കഴിയുമെന്ന് പുതിയ പഠനം.  അമേരിക്കന്‍ കമ്പനിയായ ബയോസെന്‍റ്  ഡി.എക്സ് ആണ് പഠനം നടത്തിയത്.

മനുഷ്യൻ ഇണക്കി വളർത്തുന്ന ഒരു ഓമനമൃഗമാണ് നായ. മനുഷ്യരെക്കാള്‍ സ്നേഹവും നന്ദിയും അവയ്ക്കുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഇപ്പോഴിതാ മനുഷ്യരക്തം മണപ്പിച്ച് അര്‍ബുദത്തിന്‍റെ സാന്നിധ്യം കണ്ടെത്താന്‍ നായ്ക്കള്‍ക്ക് കഴിയുമെന്നാണ് പുതിയ പഠനം പറയുന്നത്. ആധുനിക പരിശോധന സംവിധാനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നതിനും ഒരു വര്‍ഷം മുമ്പുതന്നെ നായ്ക്കള്‍ക്ക് ഇതിന് സാധിക്കുമെന്നാണ് പഠനം പറയുന്നത്. പരിശോധനകളില്‍ 97 ശതമാനം കൃത്യതയും ഉണ്ടാകും.

അമേരിക്കന്‍ കമ്പനിയായ ബയോസെന്‍റ് ഡി.എക്സ് ആണ് പഠനം നടത്തിയത്. അമേരിക്കയിലെ ഫ്ലോറിഡയില്‍ നടക്കുന്ന യുഎസ് സൊസൈറ്റി ഫോര്‍ ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി വാര്‍ഷിക സമ്മേളനത്തിലാണ് കണ്ടെത്തല്‍ അവതരിപ്പിച്ചത്. 

രോഗം നേരത്തെ കണ്ടെത്തുന്നതുവഴി ചികിത്സയ്ക്ക് ഫലമുണ്ടാകുമെന്നാണ് ബയോസെന്‍റ് ഡി.എക്സ് കമ്പനിയുടെ മുഖ്യ ഗവേഷക ഹീതര്‍ ജുന്‍ക്വീറ പറയുന്നത്. ഇംഗ്ലണ്ടിലെ തനത് നായ് ഇനങ്ങളില്‍ പ്രമുഖമായ ബീഗിളിനാണ് ഇതുസംബന്ധിച്ച പരിശീലനം ആദ്യഘട്ടത്തില്‍ നല്‍കിയത്. നാല് നായ്ക്കള്‍ക്ക് ഇതിനുള്ള പൂര്‍ണ പരിശീലനം നല്‍കിക്കഴിഞ്ഞു. ഇതുവരെ ശ്വാസകോശ അര്‍ബുദമാണ് വിജയകരമായി നായ്ക്കള്‍ തിരിച്ചറിഞ്ഞത്. രോഗമുള്ളയാളുടെ രക്തവും അല്ലാത്ത രക്തവും വെച്ചുള്ള പരീക്ഷണത്തില്‍ 97.5 ശതമാനം വിജയമാണ് ബീഗിള്‍ നായ്ക്കള്‍ കൈവരിച്ചത്.