ചുട്ടുപൊള്ളിച്ച വേനലിന് ആശ്വാസവുമായി മഴയെത്തി. ഇന്ന് സംസ്ഥാനത്തെ ഒട്ടുമിക്കയിടങ്ങളിലും മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളിലും വേനല്‍മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.

വേനലിനിടയിലുള്ള ഈ മഴയില്‍ ഡെങ്കിപ്പനിക്കുള്ള സാധ്യതകള്‍ കൂടുതലാകുന്നുവെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇക്കാര്യത്തില്‍ അല്‍പം ജാഗ്രത പുലര്‍ത്തണമെന്ന് മെഡി.കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗവും അറിയിച്ചു. 

ഇടവിട്ടുള്ള മഴയില്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകള്‍ കൂടുതലായി പെരുകുമത്രേ. വീടുകളും വീടിന്റെ പരിസരവുമെല്ലാം ശുചിയായി സൂക്ഷിക്കുക മാത്രമേ ഇതിനെ പ്രതിരോധിക്കാനുള്ള ഏകമാര്‍ഗമെന്നും ആരോഗ്യവിഭാഗം ഓര്‍മ്മിപ്പിക്കുന്നു. 

ഒരു കാരണവശാലും എവിടെയും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. ചിരട്ടകള്‍, ഉപയോഗശൂന്യമായ ടാങ്കുകള്‍, പൊട്ടിയ പാത്രങ്ങള്‍, ടെറസിന്റെ മുകള്‍ ഭാഗം ഇങ്ങനെ വീട്ടിലും പരിസരത്തുമായി മഴവെള്ളം കെട്ടിക്കിടക്കാന്‍ പല സാധ്യതകളുമുണ്ട്. ഇത് അനുവദിക്കാതിരിക്കുക. വേനല്‍മഴയുടെ തുടക്കത്തില്‍ തന്നെ വീട്ടിലും പരിസരങ്ങളിലും ഒരു സൂക്ഷമമായ പരിശോധനയാകാം. പറമ്പ്, വിറകുപുര, പുറമെയുള്ള കക്കൂസ്, ടെറസ് ഇങ്ങനെ എല്ലായിടങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താം. 

ഇതോടൊപ്പം തന്നെ ജോലിസ്ഥലങ്ങളിലും കൊതുകിന് വളരാനുള്ള സാഹചര്യങ്ങളില്ലെന്ന് ഉറപ്പുവരുത്താം. കാരണം വാട്ടര്‍ കൂളറുകളുടെ പരിസരവും, ഉപേക്ഷിച്ച തെര്‍മോകോള്‍, കുപ്പി തുടങ്ങിയവയിലുമെല്ലാം കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യതകല്‍ കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍, അത്രയും ചെറിയ സാധ്യതകള്‍ മതി അസുഖങ്ങള്‍ വരുത്താന്‍. 

അതുപോലെ, ഈ സമയത്തുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ നിസാരമായി കാണുകയും അരുത്. പനി, ജലദോഷം ഇങ്ങനെ എന്തുതന്നെയായാലും കൃത്യമായി ചികിത്സ തേടുകയും ആവശ്യമെങ്കില്‍ മറ്റ് പരിശോധനകള്‍ നടത്തുകയും ചെയ്യാം. 

ഇക്കുറി വേനലില്‍ ഏതാണ്ട് അറുപതോളം ഡെങ്കി കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ദില്ലിയില്‍ പേടിപ്പെടുത്തും വിധം ആയിരക്കണക്കിന് ഡെങ്കു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് വേനല്‍മഴയെത്തുമ്പോള്‍ കൂടുതല്‍ കരുതലെടുക്കണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.