വേനൽ കാലത്ത് അന്തരീക്ഷത്തിന്റെ ചൂട് ദിവസം തോറും വർധിച്ച് വരികയാണ്. അതുകൊണ്ട് തന്നെ കാലാവസ്ഥയ്ക്ക് അനുസരിച്ച് ആരോ​ഗ്യം പരിപാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. വേനൽക്കാലത്ത് പലതരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകാം.

കൂടുതൽ നേരം വെയിൽ കൊള്ളുമ്പോൾ തൊലിപ്പുറം ചുവക്കുക, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. തൊലി കൂടുതൽ പൊള്ളുമ്പോൾ കുമിളകൾ വരുകയും തൊലി അടർന്നുമാറുകയും ചെയ്യാം. പനി, ഛർദ്ദിൽ എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. കൂടുതൽ വിയർക്കുന്നതുകൊണ്ട് ചൂടുകുരുവും വരാം. വേൽക്കാലത്ത് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയേണ്ടേ...?

ഒന്ന്...

ഈ വേനൽക്കാലത്ത് കഴിയുന്നതും വെയിൽ കൊള്ളാതെ സൂക്ഷിക്കുക, സൺ സ്ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, കുട ഉപയോഗിക്കുക, ദിവസവും രണ്ടുതവണ കുളിക്കുക, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക എന്നീ പ്രതിരോധമാർഗങ്ങൾ ഉപയോഗിക്കാം.

രണ്ട്...

സൂര്യാഘാതം ഏറെനേരം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദിൽ, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ ഉണ്ടായാൽ അത് സൂര്യാഘാതം മൂലമാകാം. ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറിനെ കാണുക.

മൂന്ന്...

വേനൽക്കാലത്ത് വെള്ളം ധാരാളം കുടിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. സാധാരണ കുടിക്കുന്നതിനേക്കാള്‍ ഇരട്ടി വെള്ളം ദിവസവും കുടിക്കുക. വെള്ളം കുടിക്കാത്ത പക്ഷം നിങ്ങള്‍ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് അത് നയിക്കും.

നാല്...

‌പാകം ചെയ്ത ഭക്ഷണം അധിക സമയം കഴിയും മുൻപ് ഭക്ഷിക്കുക, ഹോട്ടൽ ഭക്ഷണം ഒഴിവാക്കുക. വയറിളക്കം പിടിപെട്ടാൽ ധാരാളം വെള്ളം കുടിക്കുക, ഉപ്പിട്ട് കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഒ.ആർ.എസ് എന്നിവ ഉപയോഗിച്ച് നിർജലീകരണം തടയുക.

അഞ്ച്...

വേനല്‍ക്കാലത്ത് ചൂടുകൊണ്ടുണ്ടാകുന്ന നേത്രരോഗങ്ങളും ഉണ്ടാകാം‍. കണ്ണിന് അലര്‍ജി, ബാക്ടീരിയ, വൈറസ് എന്നിവ വഴി പകരുന്ന ചെങ്കണ്ണ്, കണ്‍കുരു, കണ്ണിനുണ്ടാകുന്ന വരള്‍ച്ച എന്നിവയാണ് പ്രധാനമായും പിടിപെടുക. ഇതില്‍ വൈറസ് ബാധയാലുള്ള ചെങ്കണ്ണ് പിടിപെട്ടാല്‍ അത് രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കും.