സ്ത്രീകളിലും ഇക്കാര്യങ്ങളെല്ലാം ബാധകമാണെന്നത് പ്രത്യേകം ശ്രദ്ധിക്കുക. പലപ്പോഴും നമ്മുടെ സാമൂഹിക-കുടുംബാന്തരീക്ഷങ്ങളില്‍ സ്ത്രീകള്‍ ദേഷ്യപ്പെടുന്നതില്‍ വലിയ വിലക്കുകളുണ്ട്. ഇത് പില്‍ക്കാലത്ത് ഇവരെയും കൂടെയുള്ളവരെയുമെല്ലാം ദോഷകരമായി ബാധിക്കുമെന്ന് മനസിലാക്കുക

'എന്തെങ്കിലും ചോദിച്ചാല്‍ ഉടനെ അങ്ങ് ദേഷ്യം വരും, എത്ര പറഞ്ഞാലും ഈ സ്വഭാവം തിരുത്തുകയും ഇല്ല...'- എപ്പോഴും ദേഷ്യം പ്രകടിപ്പിക്കുന്ന ആളുകളെ കുറിച്ച് പ്രിയപ്പെട്ടവരോ കൂടെയുള്ളവരോ നിരന്തരം പറയുന്ന പരാതിയാണിത്. ദേഷ്യപ്പെടുന്നത് വളരെ 'മോശം' സ്വഭാവമായാണ് പൊതുവേ നാം കണക്കാക്കുന്നത്. 

എന്നാല്‍ യഥാര്‍ത്ഥ്യത്തില്‍ ദേഷ്യം അത്ര മോശമായൊരു വികാരമാണോ? അല്ലെങ്കില്‍ ദേഷ്യം പ്രകടമാക്കുന്നത് അത്ര മോശം സ്വഭാവമാണോ? 

അല്ല എന്നാണ് ഉത്തരം. പൊതുവേ ദേഷ്യസ്വഭാവമില്ലാത്തവര്‍ പെട്ടെന്ന് ദേഷ്യപ്പെട്ട് തുടങ്ങുന്നത്, ഒരാള്‍ എപ്പോഴും ദേഷ്യപ്പെടുന്നത്, പെട്ടെന്ന് പൊട്ടിത്തെറിക്കുന്നത് എല്ലാം പരിശോധനാവിധേയമാക്കേണ്ട സാഹചര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ ദേഷ്യപ്പെടുന്നത് വ്യക്തിയുടെ പ്രകൃതമായിരിക്കെ അതിനെ നിരന്തരം വിമര്‍ശിക്കുന്നത് അത്ര നല്ലതല്ലെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. 

ദേഷ്യപ്പെടുന്നത് 'നോര്‍മല്‍' അല്ലേ? 

ദേഷ്യപ്പെടുന്നത് തീര്‍ത്തും 'നോര്‍മല്‍' ആയ കാര്യമാണ്. എന്നാല്‍ പലപ്പോഴും ഒരു വ്യക്തി ദേഷ്യപ്പെടുമ്പോഴോ ദേഷ്യം പ്രകടിപ്പിക്കുമ്പോഴോ അതൊരു 'അബ്‌നോര്‍മല്‍' (അസാധാരണമായ) അവസ്ഥയായി മറ്റുള്ളവര്‍ ചിത്രീകരിക്കാറുണ്ട്. ഇത് ശരിയായ രീതിയല്ല. 

സ്‌നേഹമോ, ദുഖമോ, ആശങ്കയോ എല്ലാം നാം പ്രകടിപ്പിക്കാറുണ്ട്. അത്ര തന്നെയാണ് ദേഷ്യത്തിന്റെയും പ്രാധാന്യം. എന്നാല്‍ അവനവനെയോ മറ്റുള്ളവരെയോ ദ്രോഹിക്കുന്ന രീതിയിലേക്കോ, അവരെ അപകടപ്പെടുത്തുന്ന അവസ്ഥയിലേക്കോ ദേഷ്യം പോകരുതെന്ന് മാത്രം. 

ദേഷ്യം പിടിച്ചുവയ്ക്കുന്നത്...

ആരെങ്കിലും ദേഷ്യപ്പെടുമ്പോള്‍ ഉടനെ അത് നിയന്ത്രിച്ചുനിര്‍ത്താന്‍ നിര്‍ദേശിക്കുന്നവരുണ്ട്. ഇതും ശരിയായ രീതിയല്ല. ദേഷ്യം പിടിച്ചുവയ്ക്കുന്നത് ചില വ്യക്തികള്‍ക്ക് കൂടുതല്‍ ദോഷകരമാവുകയേ ഉള്ളൂ. പിന്നീടെപ്പോഴെങ്കിലും പൊട്ടിത്തെറിയിലേക്ക് വരെ എത്തിക്കാന്‍ ഇത് നയിക്കാം. 

അന്തര്‍മുഖരായ ആളുകളെ സംബന്ധിച്ച് അവര്‍ക്ക് മറ്റേത് വികാരങ്ങളും അടക്കിനിര്‍ത്താന്‍ സാധിക്കുന്നത് പോലെ തന്നെ ദേഷ്യവും അടിച്ചമര്‍ത്താന്‍ സാധിക്കും. എന്നാല്‍ അല്ലാത്തവരെ സംബന്ധിച്ച് ഇത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അവരെ അതിന് നിര്‍ബന്ധിക്കാതിരിക്കുകയാണ് ഉത്തമം. 

സ്ത്രീകളിലും ഇക്കാര്യങ്ങളെല്ലാം ബാധകമാണെന്നത് പ്രത്യേകം ശ്രദ്ധിക്കുക. പലപ്പോഴും നമ്മുടെ സാമൂഹിക-കുടുംബാന്തരീക്ഷങ്ങളില്‍ സ്ത്രീകള്‍ ദേഷ്യപ്പെടുന്നതില്‍ വലിയ വിലക്കുകളുണ്ട്. ഇത് പില്‍ക്കാലത്ത് ഇവരെയും കൂടെയുള്ളവരെയുമെല്ലാം ദോഷകരമായി ബാധിക്കുമെന്ന് മനസിലാക്കുക. 

പ്രിയപ്പെട്ടവര്‍ രോഷാകുലരാകുമ്പോള്‍...

ദേഷ്യം പ്രകൃതമായിട്ടുള്ളൊരു വ്യക്തി അത് പ്രകടിപ്പിക്കുമ്പോള്‍ അതിന് സമാനമായി തന്നെ കൂടെയുള്ളവരും പെരുമാറരുത്. 

ആ സമയത്ത് അല്‍പം സംയമനത്തോടെയും ക്ഷമയോടെയും അത് കൈകാര്യം ചെയ്താല്‍ അല്‍പം കഴിയുമ്പോള്‍ ദേഷ്യപ്പെട്ടയാള്‍ക്കും അത് മനസിലാകാം. അവര്‍ പെട്ടെന്ന് തണുക്കാനും ഈ ക്ഷമ കാരണമാകും. 

ദേഷ്യം നിയന്ത്രിക്കാന്‍...

ആത്മസംഘര്‍ഷങ്ങളോ, ആശങ്കകളോ ദേഷ്യമോ എല്ലാം പ്രകടിപ്പിക്കേണ്ടതുണ്ട്. അത് ഒതുക്കുന്നത് ശരിയല്ല. എന്നാല്‍ ഇതിനെല്ലാം പരിധിയുണ്ടെന്ന് ഓരോ വ്യക്തിയും മനസിലാക്കേണ്ടതുണ്ട്. എന്താണ് ഈ 'പരിധി'യെന്നത് വിവേകപൂര്‍വം സ്വയം തിരിച്ചറിയേണ്ടതുമാണ്. 

വീട്, ജോലിസ്ഥലം, പൊതുവിടം, സൗഹൃദസദസ്- ഇങ്ങനെ നാം ഇടപഴകുന്ന ഓരോ ഇടവും വ്യത്യസ്തമാണ്. എല്ലായിടത്തും പെരുമാറുന്നതിന് ചില മാനദണ്ഡങ്ങള്‍ വയ്‌ക്കേണ്ടതുണ്ട്. ദേഷ്യം വരുമ്പോള്‍ അതിനെ പരിപൂര്‍ണമായി അടക്കിനിര്‍ത്തണമെന്നല്ല, മറിച്ച് നിയന്ത്രിക്കാന്‍ ഓരോരുത്തരും പരിശീലിക്കേണ്ടതുണ്ട്. 

അല്‍പനേരം ഇരിക്കുക, ദീര്‍ഘശ്വാസമെടുക്കുക, വെള്ളം കുടിക്കുക, പുറത്തിറങ്ങി ഒന്ന് നടക്കുക, ബോധപൂര്‍വം അല്‍പസമയം മിണ്ടാതിരിക്കുക തുടങ്ങി ദേഷ്യത്തെ നിയന്ത്രണത്തിലാക്കാന്‍ കരുതാവുന്ന മാര്‍ഗങ്ങള്‍ പലതാണ്. ഇതെല്ലാം തന്നെ സ്വന്തം നിലനില്‍പിന് ആവശ്യമാണെന്നും തിരിച്ചറിയുക. 

Also Read:- എപ്പോഴും ആത്മഹത്യാഭീഷണി മുഴക്കുന്നവര്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയോ?

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona