പത്ത് വയസ് തൊട്ടുള്ളവരുടെ കാര്യമാണ് സര്‍വേയില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഡിസംബര്‍ ഏഴിനും ജനുവരി എട്ടിനും ഇടയ്ക്കുള്ള സമയത്താണ് ഐസിഎംആര്‍ സര്‍വേ നടത്തിയത്

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ നമ്മുടെ പോരാട്ടം ഒരു വര്‍ഷം തികയുകയാണ്. 2019 അവസാനത്തോടെയാണ് പല രാജ്യങ്ങളിലും കൊവിഡ് 19 സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയത്. ഇന്ത്യയിലും ഏതാണ്ട് ഇതേ സമയങ്ങളില്‍ തന്നെ രോഗമെത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും 2020 തുടക്കത്തിലാണ് ഔദ്യോഗികമായ സ്ഥിരീകരണം വരുന്നത്. 

ഇതിനോടകം എത്ര പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചുവെന്നതിനും എത്ര പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നതിനും കൃത്യമായ കണക്കുണ്ട്. എന്നാല്‍ ലക്ഷണങ്ങള്‍ കാണിക്കാതെ രോഗം പിടിപെട്ടവരില്‍ പലരും ഇപ്പോഴും അതെക്കുറിച്ച് അറിഞ്ഞുകാണില്ല. അത്തരത്തില്‍ വലിയൊരു വിഭാഗം തന്നെ രാജ്യത്ത് ഉണ്ടെന്ന് സൂചിപ്പിക്കുന്ന പല റിപ്പോര്‍ട്ടുകളും നേരത്തേ തന്നെ പുറത്തുവന്നിരുന്നു. 

ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു സര്‍വേ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 21 ശതമാനത്തിലധികം പേര്‍ക്ക് കൊവിഡ് വന്നുപോയിരിക്കാമെന്നാണ് ഐസിഎംആറിന്റെ (ദ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്) സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

പത്ത് വയസ് തൊട്ടുള്ളവരുടെ കാര്യമാണ് സര്‍വേയില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഡിസംബര്‍ ഏഴിനും ജനുവരി എട്ടിനും ഇടയ്ക്കുള്ള സമയത്താണ് ഐസിഎംആര്‍ സര്‍വേ നടത്തിയത്. വലിയൊരു വിഭാഗം പേരാണ് രോഗം വന്നുപോയത് അറിയാതെ കഴിയുന്നത് എന്ന് തന്നെയാണ് റിപ്പോര്‍ട്ട് അടിവരയിട്ട് പറയുന്നത്. 

നഗരങ്ങളിലെ ഇടുങ്ങിയ പ്രദേശങ്ങളും അല്ലാത്ത പ്രദേശങ്ങളുമാണ് കൊവിഡ് വ്യാപനത്തിന്റെയും രോഗികളുടെ എണ്ണത്തിന്റെയും കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്. ഗ്രാമങ്ങളില്‍ കൊവിഡ് കേസുകള്‍ താരതമ്യേന കുറവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെന്ന തരത്തിലുള്ള സൂചനകളും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. എങ്കിലും ഇനിയും വലിയൊരു വിഭാഗം പേരില്‍ കൂടി രോഗം വന്നുപോകാനുള്ള സാധ്യതയെയും അത് ചൂണ്ടിക്കാട്ടുന്നു.

Also Read:- ഓക്‌സ്ഫര്‍ഡ് വാക്‌സിന്‍ കൊവിഡ് വ്യാപനം തടയുന്നുവെന്ന് പഠനം...