സാധാരണഗതിയില്‍ പനി, ചുമ, തൊണ്ടവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങളും ഇതിനോടൊപ്പം രുചിയും ഗന്ധവും നഷ്ടമാകുന്ന അവസ്ഥ, ശരീരവേദന, ക്ഷീണം, ശ്വാസതടസം, തലവേദന, വയറുവേദന, ചെങ്കണ്ണിന് സമാനമായ അവസ്ഥ, വയറിളക്കം തുടങ്ങിയ ചില ലക്ഷണങ്ങളുമെല്ലാമാണ് കൊവിഡിനെ സൂചിപ്പിക്കുന്ന പ്രശ്‌നങ്ങളായി കണക്കാക്കപ്പെടുന്നത്

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം കനത്ത പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിനിടെ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. രോഗവ്യാപനം വര്‍ധിപ്പിക്കുന്നതും, മരണനിരക്ക് ഉയര്‍ത്താന്‍ സാധ്യതയുള്ളതുമായ ഇനത്തില്‍ പെടുന്ന വൈറസുകള്‍ ഇക്കൂട്ടത്തിലുണ്ട് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആശങ്ക. 

രാജ്യത്തും ഇത്തരത്തില്‍ ജനിതകമാറ്റം വന്നിട്ടുള്ള വൈറസുകളുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. യുകെ വൈറസ്, ബ്രസീല്‍ വൈറസ്, സൗത്താഫ്രിക്കന്‍ വൈറസ് തുടങ്ങി പല തരത്തിലുള്ള വൈറസുകളെ ഇന്ത്യയില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ കണ്ടെത്തി വരുന്നുണ്ട്. ഇതിനിടെ രണ്ടും മൂന്നും തവണ ജനിതകമാറ്റത്തിന് വിധേയമായ കൊറോണ വൈറസുകളാണ് രാജ്യത്ത് നിലവില്‍ സ്ഥിതിഗതികള്‍ മോശമാക്കിക്കൊണ്ടിരിക്കുന്നത് എന്ന തരത്തിലുള്ള നിരീക്ഷണങ്ങളും വ്യാപകമായി വരുന്നുണ്ട്. 

ഈ സാഹചര്യത്തില്‍ രോഗലക്ഷണവുമായി ബന്ധപ്പെട്ടും ധാരാളം ചോദ്യങ്ങളുയരുന്നുണ്ട്. സാധാരണഗതിയില്‍ പനി, ചുമ, തൊണ്ടവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങളും ഇതിനോടൊപ്പം രുചിയും ഗന്ധവും നഷ്ടമാകുന്ന അവസ്ഥ, ശരീരവേദന, ക്ഷീണം, ശ്വാസതടസം, തലവേദന, വയറുവേദന, ചെങ്കണ്ണിന് സമാനമായ അവസ്ഥ, വയറിളക്കം തുടങ്ങിയ ചില ലക്ഷണങ്ങളുമെല്ലാമാണ് കൊവിഡിനെ സൂചിപ്പിക്കുന്ന പ്രശ്‌നങ്ങളായി കണക്കാക്കപ്പെടുന്നത്. 

എന്നാല്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കും വിധേയമാക്കപ്പെട്ട വൈറസുകള്‍ വ്യാപകമാകുമ്പോള്‍ ലക്ഷണങ്ങളുടെ കാര്യത്തിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ മറ്റ് ചില ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി നിലവിലെ സാഹചര്യത്തില്‍ സൂക്ഷ്മമായി കരുതേണ്ടതുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 

നേരത്തേ സൂചിപ്പിച്ച ലക്ഷണങ്ങള്‍ക്ക് പുറമെ കടുത്ത ശ്വാസതടസം, നെഞ്ചുവേദന, മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും രക്തസ്രാവം, നഖങ്ങളില്‍ നീലനിറം എന്നിവയെല്ലാം കാണുന്നുവെങ്കില്‍ അത് കൊവിഡ് 19 ആകാനുള്ള സാധ്യതകളേറെയാണ്. ജനിതകമാറ്റം സംഭവവിച്ച വൈറസുകളാണെങ്കില്‍ സാരമായ രീതിയില്‍ ശ്വാസകോശത്തെ ബാധിച്ചേക്കുമെന്നും അതുവഴി രോഗിയുടെ ശരീരത്തിലെ ഓക്‌സിജന്‍ നില നല്ലരീതിയില്‍ കുറയാമെന്നും വിദഗ്ധര്‍ പറയുന്നു. 

ഇക്കാരണം കൊണ്ട് തന്നെയാണ് നിലവില്‍ കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ കൂടുതലായി ആവശ്യം വരുന്നതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. ആശങ്കപ്പെടുത്തുന്ന മറ്റൊരു വിവരം, ഇവ ചെറുപ്പക്കാരെ കൂടുതലായി അപകടപ്പെടുത്തുന്നു എന്നതാണ്. കൊവിഡിന്റെ ആദ്യതരംഗത്തില്‍ പ്രായമായവരെയാണ് രോഗം ഏറ്റവുമധികം പ്രശ്‌നത്തിലാക്കിയിരുന്നത്. ഇതില്‍ നിന്ന് വിരുദ്ധമായി കൂടുതല്‍ ചെറുപ്പക്കാരെ രോഗം ബാധിക്കുകയും ചെറുപ്പക്കാര്‍ക്കിടയിലെ കൊവിഡ് മരണനിരക്ക് ഉയര്‍ത്തുകയും ചെയ്യുന്ന സാഹചര്യമാണ് രണ്ടാം തരംഗത്തിലുള്ളത്.

Also Read:- ജനിതകമാറ്റം വന്ന വൈറസിനെ കണ്ടെത്താന്‍ ആര്‍ടിപിസിആര്‍ പോരെന്ന് വാദം; ആശയക്കുഴപ്പം ശക്തം...