ചിക്കുൻഗുനിയ എന്ന വൈറൽ പനി മഴക്കാലത്ത് പടർന്നു പിടിക്കാൻ സാധ്യത കൂടുതലാണ്. കൊതുക് പരത്തുന്ന രോഗങ്ങളിൽ പ്രധാനമായ ഒന്നാണ് ചിക്കുന്‍ഗുനിയ. ഈഡിസ് വിഭാഗത്തിൽപ്പെടുന്ന കൊതുകുകളാണ് രോഗാണുവാഹകർ.

രോഗാണുക്കളുള്ള കൊതുക് കടിച്ച് 2 മുതല്‍ 12 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. മഴക്കാലം ആയതുകൊണ്ടുതന്നെ നിരവധി രോഗങ്ങളുടെ കൂടി സമയമാണിത്. മാത്രവുമല്ല കൊവിഡ് 19 മഹാമാരിയെ ചെറുക്കാനുള്ള തീവ്ര ശ്രമത്തിലാണ് നാം. പനി വന്നാൽ പ്രത്യേകിച്ചും മഴക്കാലത്ത് പകർച്ചപ്പനി ആകാൻ സാധ്യത ഉള്ളതുകൊണ്ട് ഏതു തരം പനിയാണ് ബാധിച്ചിരിക്കുന്നത് എന്ന് പെട്ടെന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകാം.

മറ്റ് പനികളിൽ നിന്ന് ചിക്കുൻഗുനിയയെ വേർതിരിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

കഠിനമായ പനിയാണ് പ്രധാന ലക്ഷണം. ചിലര്‍ക്ക് നല്ല വിറയലും കാണാം. ചിലർക്ക് പനിയോടൊപ്പം ക്ഷീണം, ഛർദ്ദി  എന്നിവയും ഉണ്ടാവാം.

രണ്ട്....

സന്ധികളിൽ ഉണ്ടാവുന്ന വേദനയും നീർക്കെട്ടും ആണ് ചിക്കുന്‍ഗുനിയയുടെ മറ്റൊരു പ്രധാനപ്പെട്ട ലക്ഷണം. പനി മാറിയാലും ചിലർക്ക് സന്ധിവേദനയും നീർക്കെട്ടും കുറച്ചധികം നാള്‍ ഉണ്ടാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.  കണങ്കാല്‍, കാല്‍മുട്ട്, കൈകളിലെ സന്ധി എന്നിവിടങ്ങളിലാണ് വേദനയും വീക്കവും ഉണ്ടാകുന്നത്.

മൂന്ന്...

ചിലരില്‍ കണ്ണിന് ചുവപ്പ് നിറം വരാനുള്ള സാധ്യതയുമുണ്ട്.

നാല്...

ശരീരത്തില്‍ കാണപ്പെടുന്ന ചുവന്ന പാടുകള്‍, കുരുക്കള്‍ എന്നിവയും ലക്ഷണങ്ങളാകാം.

അഞ്ച്...

ചിലര്‍ക്ക് അതികഠിനമായ തലവേദനയും മൂക്കിൽ കൂടി രക്തസ്രാവവും ഉണ്ടാവാം.

ഈ ലക്ഷണങ്ങള്‍ എല്ലാം കണ്ടതുകൊണ്ട് രോഗം ഉണ്ടാകണമെന്ന് സ്വയം സ്ഥിരീകരിക്കരുത്. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്യണം.

ശ്രദ്ധിക്കേണ്ട ചിലത്...

പനിയുള്ളപ്പോള്‍ നിർജലീകരണം ഉണ്ടാവാതിരിക്കാൻ വെള്ളം ധാരാളം കുടിക്കണം. പനിക്ക് ശേഷം ഒന്നുരണ്ടാഴ്ചകൂടിയെങ്കിലും വിശ്രമം എടുക്കുന്നത് നന്നായിരിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

Also Read: ഡെങ്കിപ്പനി; ഈ ലക്ഷണങ്ങൾ ശ്ര​ദ്ധിക്കാതെ പോകരുത്...