Asianet News MalayalamAsianet News Malayalam

Summer Health : വേനലാണ്, ഓര്‍മ്മ വേണം; ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം...

കേരളത്തില്‍ ഇക്കുറിയും ചൂട് കൂടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പല നഗരങ്ങളും പട്ടണങ്ങളുമെല്ലാം ഇപ്പോള്‍ തന്നെ പകലുകളില്‍ വിയര്‍ത്തൊലിച്ച് തുടങ്ങിയിരിക്കുന്നു

symptoms of chronic dehydration and solution for this
Author
Trivandrum, First Published Mar 15, 2022, 5:14 PM IST

അങ്ങനെ ഇക്കുറിയും നാം വേനലിലേക്ക് ( Summer Climate ) കടന്നുകഴിഞ്ഞിരിക്കുകയാണ്. കേരളത്തില്‍ ഇക്കുറിയും ( Kerala Summer 2022 ) ചൂട് കൂടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പല നഗരങ്ങളും പട്ടണങ്ങളുമെല്ലാം ( Kerala Cities ) ഇപ്പോള്‍ തന്നെ പകലുകളില്‍ വിയര്‍ത്തൊലിച്ച് തുടങ്ങിയിരിക്കുന്നു. 

വേനലില്‍ നാം ഏറ്റവുമധികം ശ്രദ്ധിക്കേണ്ട സംഗതി, വെള്ളം കുടിക്കുന്നത് തന്നെയാണ്. വേനലിലാകുമ്പോള്‍ നിരന്തരം ദാഹം അനുഭവപ്പെടുകയും നമ്മള്‍ വെള്ളം കുടിക്കുകയും ചെയ്യും. എങ്കിലും ആവശ്യത്തിന് വെള്ളം ശരീരത്തിലെത്തുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കാത്തവര്‍ നിരവധിയാണ്. 

ശരീരത്തില്‍ ആവശ്യത്തിന് വെള്ളം എത്താത്തപക്ഷം ക്രമേണ 'ക്രോണിക് ഡീഹൈഡ്രേഷന്‍' എന്ന അവസ്ഥയിലേക്ക് നാം എത്തിയേക്കാം. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ പതിവായ നിര്‍ജലീകരണം മൂലമുണ്ടാകുന്ന അവസ്ഥ തന്നെയാണിത്. തളര്‍ച്ച, ഛര്‍ദ്ദി, വയറിളക്കം, പനി, കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത മാനസികാവസ്ഥ തുടങ്ങി പല പ്രശ്നങ്ങളും 'ക്രോണിക് ഡീഹൈഡ്രേഷ'ന്റെ ഭാഗമായി വരാം. 

നിര്‍ജലീകരണമുണ്ടാകുമ്പോള്‍ ശരീരത്തിലെ ജലം മാത്രമല്ല നഷ്ടമാകുന്നത്. വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ അളവില്‍ കൂടി ഗണ്യമായ കുറവ് സംഭവിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. ഇനി 'ക്രോണിക് ഡീഹൈഡ്രേഷ'ന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ കൂടി ഒന്ന് അറിഞ്ഞുവയ്ക്കൂ... 

ഒന്ന്...

നമ്മുടെ ഉമിനീരില്‍ ബാക്ടീരിയകള്‍ക്കെതിരായി പൊരുതുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ നിര്‍ജലീകരണം രൂക്ഷമായി വരുമ്പോള്‍ ഉമിനീര്‍ ഗ്രന്ഥി ആവശ്യത്തിന് ഉമിനീര്‍ ഉത്പാദിപ്പിക്കാതെയാകുന്നു.ഇതിന്റെ ഫലമായി വായ്ക്കകത്ത് ബാക്ടീരിയകള്‍ പെരുകുന്നു. ഇതോടെ വായ്ക്കകത്ത് വരള്‍ച്ച സംഭവിക്കുകയും വായ്‌നാറ്റമുണ്ടാവുകയുമെല്ലാം ചെയ്യുന്നു. ഒപ്പം തന്നെ ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നതിനും ഇത് കാരണമാകുന്നുണ്ട്.

രണ്ട്...

നിര്‍ജലീകരണം ചര്‍മ്മത്തിന്റെ ആകെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാം. ചര്‍മ്മത്തിന്റെ മൃദുലത നഷ്ടപ്പെടാനും ചര്‍മ്മം മുറുകി വരണ്ട് പൊട്ടാനുമെല്ലാം ഇത് കാരണമാകുന്നു. അതുപോലെ തന്നെ ചര്‍മ്മത്തില്‍ ചുവപ്പ് നിറം പടരുന്നതും 'ക്രോണിക്' നിര്‍ജലീകരണത്തിന്റെ ലക്ഷണമാകാം. 

മൂന്ന്...

ദാഹം മാത്രമല്ല, എപ്പോഴും വിശപ്പനുഭവപ്പെടുന്നതും നിര്‍ജലീകരണത്തിന്റെ ലക്ഷണമാകാം. ദാഹത്തെ ശരീരം വിശപ്പായി തെറ്റിദ്ധരിക്കുന്ന അവസ്ഥയുമുണ്ടാകാം. ഈ പ്രശ്നം നിര്‍ജലീകരണമുള്ളവരില്‍ സാധാരണമായിരിക്കും. അതിനാല്‍ ഭക്ഷണം കൂടുതലായി കഴിക്കുന്ന സാഹചര്യമുണ്ടാകുന്നു. ആവശ്യത്തിന് വെള്ളമെത്താതെ ഇത്തരത്തില്‍ ഭക്ഷണം അമിതമായി കഴിക്കുന്നത് ഗുരുതരമായ ദഹനപ്രശ്നങ്ങള്‍ തൊട്ട് പല വിഷമതകളിലേക്കും നയിക്കാം. 

നാല്...

ഇടവിട്ട് അസഹ്യമായ തലവേദനയും, മൈഗ്രേയ്നും അനുഭവപ്പെടുന്നതും സ്ഥിരമായ നിര്‍ജലീകരണത്തിന്റെ ലക്ഷണമാകാം.

അഞ്ച്...

മൂത്രം അസാധാരണമാം വിധത്തില്‍ മഞ്ഞ നിറമാകുന്നുണ്ടെങ്കിലും ശ്രദ്ധിക്കുക. ഇതും ഒരുപക്ഷേ 'ക്രോണിക് ഡീഹൈഡ്രേഷ'ന്റെ ലക്ഷണമാകാം. മൂത്രാശയ അണുബാധകള്‍ മുതല്‍ മഞ്ഞപ്പിത്തം വരെയുള്ള പല രോഗങ്ങളിലും മൂത്രത്തിന് നിറം വ്യ്ത്യാസമുണ്ടാകാം. അതിനാല്‍ പരിശോധന നിര്‍ബന്ധമാണ്. 

വെള്ളം കുടിച്ചുതുടങ്ങുന്നത് കൊണ്ട് മാത്രം 'ക്രോണിക് ഡീഹൈഡ്രേഷന്‍' മാറ്റാന്‍ നമുക്ക് സാധിക്കില്ല. ഇതിനൊപ്പം തന്നെ ധാരാളം പോഷകഗുണങ്ങളുള്ള പാനീയങ്ങളും ഡയറ്റിലുള്‍പ്പെടുത്തുക. ഇളനീര്‍, മോര്, പഴച്ചാറുകള്‍ എല്ലാം ഇതിലുള്‍പ്പെടും. അങ്ങനെ പതിയെ ശരീരത്തെ തിരിച്ചെടുക്കാന്‍ സാധിക്കും.

Also Read:- വേനൽക്കാലം കരുതലോടെ; ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങൾ

Follow Us:
Download App:
  • android
  • ios