എല്ലാവരും ഭയക്കുന്ന രോഗമാണ് ക്യാന്‍സര്‍. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍  ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വെച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തതാണ്.

ചിലര്‍ രോഗ നിര്‍ണ്ണയം നടത്തുന്നതില്‍ പോലും പരാചയപ്പെടുന്നുണ്ട്. ശ്വാസകോശ ക്യാന്‍സര്‍ അല്ലെങ്കില്‍ ശ്വാസകോശാര്‍ബുദത്തിന്‍റെ ചില ലക്ഷണങ്ങളും തെറ്റിദ്ധരിക്കപ്പെടാറുണ്ട്.  Globocan-ന്‍റെ പഠനം അനുസരിച്ച് ഇന്ത്യയിലെ പുരുഷന്മാരില്‍ ഏറ്റവും അധികം കാണപ്പെടുന്ന രണ്ടാമത്തെ ക്യാന്‍സറാണ് ശ്വാസകോശാര്‍ബുദം. ഏകദേശം 48,698 പേര്‍ക്കാണ് 2018ല്‍ രോഗം സ്ഥിരീകരിച്ചത്. 19,097 സ്ത്രീകളിലും ശ്വാസകോശാര്‍ബുദം കണ്ടെത്തി.  പുകവലി തന്നെയാണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം.

ശ്വാസകോശത്തിന്‍റെ പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ടതില്ല. എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ അതിന് സംഭവിച്ചാല്‍ രോഗം കണ്ടെത്താനും ചികിത്സിക്കാനും കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടന പോലും പറയുന്നത്. 

താഴെ പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ വേണ്ട രീതിയിലുളള വൈദ്യ സഹായം തേടണം എന്നാണ്  മുംബൈയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെ Thoracic Surgical Oncology വിഭാഗത്തിലെ ഡോ. കമറാന്‍ അലി പറയുന്നത്. 

1. നിര്‍ത്താതെയുളള അതിഭയങ്കരമായ ചുമ നിസാരമായി കാണരുത്. അതും ചിലപ്പോള്‍ ശ്വാസകോശാര്‍ബുദത്തിന്‍റെയാവാം എന്നാണ് ഡോക്ടര്‍ പറയുന്നത്.  

2. ചുമയ്ക്കുമ്പോള്‍ രക്തം വരുന്നത് പ്രത്യേകം ശ്രദ്ധിക്കണം. തുപ്പുമ്പോള്‍ നിറവ്യത്യാസം ഉണ്ടെങ്കിലും പരിശോധന നടത്തണം. 

3. ശ്വസിക്കാനുളള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ചെറുതായിട്ട് ഒന്ന് നടക്കുമ്പോള്‍ പോലും ഉണ്ടാകുന്ന കിതപ്പ് പ്രത്യേകം ശ്രദ്ധിക്കണം. 

4. ശ്വാസതടവും ചുമയും മൂലം നെഞ്ചുവേദന ഉണ്ടാകുന്നതും ശ്വാസകോശാര്‍ബുദംത്തിന്‍റെ ഒരു ലക്ഷണമാണ്. 

5. ഒരു കാരണവും ഇല്ലാതെ ശരീരഭാരം പെട്ടെന്ന് കുറയുന്നതും രോഗ ലക്ഷണമാകാം. 
 
6. ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുന്നതും ശ്രദ്ധിക്കാതെ പോകരുത്. 

7.  എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും ശ്രദ്ധിക്കണം. 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ ഡോക്ടറെ കാണിക്കണം.