കൊവിഡ് 19 മഹാമാരി ഏറ്റവുമധികം ബാധിക്കുന്നത് പ്രായമായവരേയും ആരോഗ്യപ്രശ്‌നങ്ങളുള്ളവരേയും ആണെന്നത് നാം കണ്ടറിഞ്ഞു. കുട്ടികളില്‍ അത്ര ഗൗരവതരമായ പ്രശ്‌നങ്ങള്‍ കൊവിഡ് ഉണ്ടാക്കുന്നില്ല. എങ്കില്‍ക്കൂടിയും ഇത് തീര്‍ത്തും ആശ്വാസത്തിനുള്ള വകയൊരുക്കുന്നില്ല. 

കൊവിഡ് 19 പിടിപെടുന്ന കുട്ടികളില്‍ ചെറിയൊരു വിഭാഗത്തിനാണെങ്കിലും 'മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ളമാറ്ററി സിന്‍ഡ്രോം' (എംഐഎസ്-സി) എന്ന രോഗവസ്ഥയുണ്ടാകുന്നുവെന്നാണ് പുതുതായി പുറത്തിറങ്ങിയ ചില പഠനറിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നത്. 

പല വിദേശരാജ്യങ്ങളിലും നേരത്തേ തന്നെ ഇക്കാര്യം സംബന്ധിച്ചുള്ള മുന്നറിയിപ്പുകള്‍ ഡോക്ടര്‍മാര്‍ നല്‍കിവരുന്നുണ്ടായിരുന്നു. പിന്നീട് ഇന്ത്യയിലും സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊവിഡ് 19 ഗുരുതരമാവുകയും അത് ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് എംഐഎസ്-സിയില്‍ സംഭവിക്കുന്നത്.

ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകള്‍, വൃക്കകള്‍, ദഹനാവയവങ്ങള്‍, തലച്ചോറ്, ചര്‍മ്മം, കണ്ണുകള്‍ തുടങ്ങി ഏത് അവയവത്തെ വേണമെങ്കിലും ഇത് ബാധിക്കാം. ജീവന്‍ വരെ അപകടത്തിലാകുന്ന അവസ്ഥയും ഇതുമൂലം ഉണ്ടാകാം.  

ഈ അവസ്ഥയിലേക്കെത്തുന്ന കുട്ടികളില്‍ പ്രത്യേകമായി തന്നെ ചില ലക്ഷണങ്ങള്‍ കണ്ടേക്കാമെന്നാണ് 'ദ ന്യൂയോര്‍ക്ക് മെഡിക്‌സ്'ല്‍ നിന്നുള്ള ഗവേഷകര്‍ തങ്ങളുടെ പഠന റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. എംഐഎസ്-സി അഭിമുഖീകരിക്കേണ്ടി വന്ന കുട്ടികളുടെ സംഘത്തെ പഠനവിധേയമാക്കിയ ശേഷമാണ് ഗവേഷകര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

സാധാരണഗതിയില്‍ കൊവിഡ് രോഗികളില്‍ കണ്ടുവരുന്ന പല ലക്ഷണങ്ങളും കുട്ടികളിലും കാണാം. പനി, ചുമ, തൊണ്ടവേദന, ക്ഷീണം, പേശീവേദന അടക്കമുള്ള ശരീരവേദന, അസ്വസ്ഥത, രുചിയും ഗന്ധവും അനുഭവപ്പെടുന്ന അവസ്ഥ, ശ്വാസതടസം തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും.       

എന്നാല്‍ എംഐഎസ്-സിയില്‍ ഇവയെക്കാളധികമുള്ള ലക്ഷണങ്ങള്‍ കണ്ടേക്കാം. കഴുത്തിലെ ഗ്രന്ഥികള്‍ വീര്‍ക്കുക, ചുണ്ട് വരണ്ട് പൊട്ടുക, ചര്‍മ്മത്തില്‍ പാടുകള്‍ കാണുക, കാല്‍വിരലുകളിലും മറ്റും ചുവന്ന നിറം പടരുക, കണ്ണില്‍ അണുബാധ എന്നിവയാണ് എംഐഎസ്-സിയില്‍ കണ്ടേക്കാവുന്ന ലക്ഷണങ്ങളത്രേ. 

ഇതിന് പുറമെ ചില കുട്ടികളില്‍ എംഐഎസ്-സി പിടിപെടുന്നതോടെ കണ്ണുകള്‍ വീര്‍ത്തുവരികയും നാക്കും കവിളുകളും ചുണ്ടും ചുവന്ന് വരികയും ചെയ്യാറുണ്ടെന്നും ഗവേഷകര്‍ ലക്ഷണങ്ങളുടെ പട്ടികയില്‍ പ്രതിപാദിക്കുന്നു.

Also Read:- കൊവിഡ് വാക്‌സിന്‍ പരീക്ഷിച്ചവരില്‍ എച്ച്‌ഐവിക്കെതിരായ ആന്റിബോഡി; പരീക്ഷണം നിര്‍ത്തിവച്ചു...