1937ല്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലാണ് വെസ്റ്റ് നൈല്‍ പനി ആദ്യമായി സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രോഗകാരിയായ വൈറസ് ആദ്യഘട്ടത്തില്‍ പക്ഷികളിലാണ് കാണുകയെന്നും ഇത് പിന്നീട് കൊതുകിലേക്കും കൊതുകില്‍ നിന്ന് മനുഷ്യരിലേക്കും പകരുകയാണ് ചെയ്യുന്നത്.

വെസ്റ്റ് നൈൽ വൈറസ് (WNV) ഒരു വൈറൽ അണുബാധയാണ്. വെസ്റ്റ് നൈല്‍ വൈറസുകള്‍ പരത്തുന്ന രോഗമാണ് വെസ്റ്റ് നൈല്‍ പനി എന്ന് അറിയപ്പെടുന്നത്. കൊതുക് വഴിയാണ് ഈ രോഗം പകരുന്നത്. പനിയാണ് ഇതില്‍ പ്രധാന ലക്ഷണമായി വരുന്നത്. ഇത് പുതുതായി കണ്ടെത്തപ്പെട്ട ഒരു രോഗമല്ല. 1930കളില്‍ തന്നെ ഈ രോഗം കണ്ടെത്തപ്പെട്ടിട്ടുണ്ട്. 1937ല്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലാണ് വെസ്റ്റ് നൈല്‍ പനി ആദ്യമായി സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രോഗകാരിയായ വൈറസ് ആദ്യഘട്ടത്തില്‍ പക്ഷികളിലാണ് കാണുകയെന്നും ഇത് പിന്നീട് കൊതുകിലേക്കും കൊതുകില്‍ നിന്ന് മനുഷ്യരിലേക്കും പകരുകയാണ് ചെയ്യുന്നത്. 

രോഗം ബാധിച്ച അഞ്ചിലൊരാളിലാണ് ലക്ഷണങ്ങള്‍ പ്രകടമാവുക. 150ല്‍ ഒരാള്‍ക്ക് രോഗം ഗുരുതരമാകാം. ഇത്തരത്തില്‍ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളില്‍ മരണം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. വെസ്റ്റ് നൈല്‍ പനി ബാധിക്കാതിരിക്കുന്നതിന് വാക്സിനോ മറ്റോ ലഭ്യമല്ല. എന്നാല്‍ രോഗബാധയുണ്ടായാല്‍ അതിന് ഫലപ്രദമായ ചികിത്സ തേടാം. 

വെസ്റ്റ് നൈല്‍ പനിയുടെ ലക്ഷണങ്ങള്‍...

തീവ്രത കൂടിയ പനി, കഠിനമായ തലവേദന, ശരീര വേദന, സന്ധി വേദന, ഛർദ്ദി, വയറിളക്കം, കഴുത്ത് അനക്കാന്‍ സാധിക്കാതെ മുറുകിയിരിക്കുന്ന അവസ്ഥ, ചിന്തകളില്‍ അവ്യക്തത, ആശയക്കുഴപ്പം, പേശീവേദന, പേശികളില്‍ വിറയല്‍, അപസ്മാരം/ചുഴലി എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം വെസ്റ്റ് നൈല്‍ ലക്ഷണങ്ങളായി വരാറുണ്ട്. 

ചിലരില്‍ പേശികള്‍ തളര്‍ന്ന് പക്ഷാഘാതം പോലുള്ള അവസ്ഥകളുണ്ടാകാം. ചിലര്‍ കോമയിലേക്ക് പോകാം. എല്ലാ ലക്ഷണങ്ങളും രോഗബാധയേറ്റ എല്ലാവരിലും കാണാനും സാധിക്കില്ല. വെസ്റ്റ് നൈല്‍ പനിക്ക് നിലവില്‍ പ്രത്യേക വാക്‌സിന്‍ ലഭ്യമല്ല എങ്കിലും രോഗ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സ ഫലപ്ദമായി നടത്തനാകും. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതിനാല്‍ പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

രോഗപ്രതിരോധം...

കൊതുകളാണ് രോഗവാഹകര്‍ എന്നതിനാല്‍ ഏറ്റവും നല്ല പ്രതിരോധമാണ് കൊതുകുകളില്‍ നിന്നും രക്ഷനേടുക എന്നത്. വീടിന് ചുറ്റും വെള്ളം കെട്ടി നില്‍ക്കാതെ നോക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. സെപ്റ്റിക് ടാങ്കുകളും വെള്ളം സൂക്ഷിക്കുന്ന സംഭരണികളും എല്ലാം അടച്ചുവയ്ക്കണം. തുറന്നതും കുടിക്കാനും കുളിക്കാനും ഉപയോഗിക്കാത്തതുമായ ജലശേഖരങ്ങളിൽ കൊതുകിന്റെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവകളെ നശിപ്പിക്കാൻ മണ്ണെണ്ണയോ മറ്റു രാസലായനികളോ തളിക്കാം. കൊതുകുവലകൾ ഉപയോഗിച്ച് വാതിലും ജനലും മൂടുക. ജനലുകളും വാതിലുകളും സന്ധ്യയ്ക്കുമുമ്പ് അടച്ചിട്ട് അവ നേരിയ കമ്പിവലയുപയോഗിച്ചു മൂടണം. രാത്രി കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഏഴ് ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം