രോഗിക്കൊപ്പം തന്നെ രോഗിയുടെ പങ്കാളിക്കും സിഫിലിസ് ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് സിഫിലിസ് പകരുന്നത്. കോണ്ടം ഉപയോഗിക്കുന്നതും, വിശ്വാസമുള്ള ലൈംഗിക പങ്കാളിയെ തെരഞ്ഞെടുക്കുന്നതുമെല്ലാം സിഫിലിസ് രോഗത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്താം. 

ലൈംഗികരോഗമായ സിഫിലിസിനെ കുറിച്ച് കേട്ടിട്ടില്ലേ? ഇന്നും പലര്‍ക്കും ഇതിനെ കുറിച്ച് ആവശ്യമായ അവബോധമില്ല എന്നതാണ് സത്യം. പൊതുവില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോടുള്ള വിമുഖത തന്നെയാണ് ലൈംഗികരോഗങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനും തടസമാകുന്നത്. 

സിഫിലിസ് ലൈംഗികബന്ധത്തിലൂടെ പകരുന്ന ബാക്ടീരിയല്‍ അണുബാധയാണ്. ആദ്യഘട്ടത്തില്‍ ഇത് അത്ര വലിയ ഗുരുതരമായി രോഗിയെ വലയ്ക്കാറില്ലെങ്കിലും പിന്നീട് ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലേക്ക് ഇത് മാറാം. ഇത്തരത്തില്‍ വിവധ ഘട്ടങ്ങളിലായാണ് സിഫിലിസ് പുരോഗമിക്കുന്നത്. 

സിഫിലിസ് രോഗബാധയുടെ തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങളില്‍ ജനനേന്ദ്രിയം, മലദ്വാരം എന്നിവിടങ്ങള്‍ക്കൊപ്പം വായിലും ചെറിയ കുമിളകള്‍ പോലെയുള്ള മുറിവുകള്‍ വരാം. അതുപോലെ തന്നെ നാവില്‍ വെളുത്ത വരകള്‍ കാണുന്നതും സിഫിലിസിന്‍റെ ആദ്യ ലക്ഷണങ്ങളാകാം. 

നാവിലെ ഈ നിറവ്യത്യാസം വേറെയും ചില അസുഖങ്ങളുടെ ഭാഗമായി വരാറുണ്ട്. അതിനാല്‍ ഇത് സിഫിലിസ് ആണെന്ന് സ്വയം നിര്‍ണയിക്കാതിരിക്കുക. ചാരനിറത്തിലോ വെളുത്ത നിറത്തിലോ ആണ് കുമിളകള്‍ പോലുളള മുറിവുകള്‍ ഉണ്ടാവുക. 

മുടിയിലും സിഫിലിസിന്‍റെ ലക്ഷണങ്ങള്‍ കാണാം. മുടി കൊഴിച്ചിലാണ് ഇതിന്‍റെ ലക്ഷണമായി വരുന്നത്. പ്രത്യേകരീതിയിലുള്ള മുടി കൊഴിച്ചിലാണ് സിഫിലിസില്‍ സംഭവിക്കുന്നത്. ഒരു ഭാഗത്ത് മാത്രമായി മുടി കൊഴിച്ചിലുണ്ടാവുക, അതുപോലെ ഇടവിട്ട് ഓരോ ഭാഗങ്ങളിലും ചെറിയ കൂട്ടമായി മുടി കൊഴിച്ചില്‍ എന്നിവയാണ് ഇതിന്‍റെ സവിശേഷത. 

രോഗത്തിന്‍റെ ആദ്യഘട്ടത്തില്‍ സ്വകാര്യഭാഗ്യങ്ങളില്‍ കാണുന്ന ചെറിയ മുറിവുകള്‍ കണ്ടെത്തപ്പെടാതെ പോകുന്നത് രോഗനിര്‍ണയം വൈകുന്നതിലേക്ക് നയിക്കുന്നു. ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍ വരുന്നതും സിഫിലിസ് ലക്ഷണമായി വരാറുണ്ട്. ഇതും ആദ്യസമയത്ത് കണ്ടെത്തപ്പെടാതെ പോകാം. പിന്നീട് കൈപ്പത്തി, കാല്‍പാദം പോലെ പരസ്യമായ ഇടങ്ങളിലും വരാം. ഇതില്‍ ചൊറിച്ചിലോ വേദനയോ ഒന്നും അനുഭവപ്പെടില്ല. 

ഈ ലക്ഷണങ്ങള്‍ക്ക് പുറമെ സിഫിലിസ് അധികരിക്കുംതോറും പനി, തളര്‍ച്ച, തൊണ്ടവേദന പോലുള്ള പ്രശ്നങ്ങള്‍ വരാം. ഗ്രന്ഥികളില്‍ നീര്, ശരീരവേദന, തലവേദന എന്നിവയും അനുഭവപ്പെടാം. രോഗത്തിന് ചികിത്സയെടുത്തില്ലെങ്കില്‍ ഈ വിഷമതകളെല്ലാം രോഗിയെ വേട്ടയാടിക്കൊണ്ടിരിക്കും. സിഫിലിസ് അവസാനഘട്ടത്തിലേക്ക് എടുക്കാൻ പലപ്പോഴും വര്‍ഷങ്ങളെടുക്കും. അവസാനത്തില്‍ ഇത് തലച്ചോറിനെയും നാഡികളെയും കണ്ണുകളെയും ഹൃദയത്തെയുമെല്ലാം അപകടത്തിലാക്കുന്നു. അങ്ങനെ മരണം വരെയും സംഭവിക്കാം. 

രോഗിക്കൊപ്പം തന്നെ രോഗിയുടെ പങ്കാളിക്കും സിഫിലിസ് ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് സിഫിലിസ് പകരുന്നത്. കോണ്ടം ഉപയോഗിക്കുന്നതും, വിശ്വാസമുള്ള ലൈംഗിക പങ്കാളിയെ തെരഞ്ഞെടുക്കുന്നതുമെല്ലാം സിഫിലിസ് രോഗത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്താം. 

Also Read:- ലിംഗത്തെ ബാധിക്കുന്ന അപൂര്‍വ്വമായ രോഗാവസ്ഥ; മുപ്പതുകളിലെ പുരുഷന്മാരില്‍ സാധ്യതകളേറെ