പോര്‍ട്ടബിള്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് പതിനഞ്ചുകാരന് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. കാലിഫോര്‍ണിയയിലാണ് സംഭവം. പ്രാദേശിക മാധ്യമങ്ങളിലും ചില അന്താരാഷ്ട്ര മാധ്യമങ്ങളിലുമാണ് ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. 

പോര്‍ട്ടബിള്‍ ചാര്‍ജര്‍ വച്ച് ബാറ്ററി ചാര്‍ജ്ജ് ചെയ്യാനിട്ട് ഉറങ്ങാന്‍ കിടന്നതായിരുന്നു കാള്‍ട്ടന്‍ പിംഗ്രീ എന്ന പതിനഞ്ചുകാരന്‍. ചാര്‍ജര്‍ കിടക്കയില്‍ തന്നെയായിരുന്നു വച്ചിരുന്നത്. പുലര്‍ച്ചെയോടെ മുതുകില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ കാള്‍ട്ടന്‍ ഉറക്കത്തില്‍ നിന്നുമുണര്‍ന്ന് നോക്കിയപ്പോഴാണ് ചാര്‍ജര്‍ പൊട്ടിത്തെറിച്ച് കിടക്കയിലും തലയിണയിലുമെല്ലാം തീ പടര്‍ന്നിരിക്കുന്നതായി കണ്ടതത്രേ. 

ഉടന്‍ തന്നെ അവന്‍ സ്വയം തീയണയ്ക്കാന്‍ ശ്രമിച്ചുവെന്നും അത് വിജയിച്ചതോടെ ചാര്‍ജറെടുത്ത് ടോയ്‌ലറ്റില്‍ കൊണ്ടുപോയി ഇട്ടതിനാല്‍ വലിയ അപകടമാണ് ഒഴിവായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുതുകിലേറ്റ പൊള്ളിയ പാടിന്റെ ചിത്രങ്ങള്‍ സഹിതം സംഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് കാള്‍ട്ടന്റെ അമ്മ ഷാറി പിംഗ്രീ ആണെന്നും ഇവരുടെ പോസ്റ്റ് വ്യാപകമായി ശ്രദ്ധിക്കപ്പെട്ടതോടെയാണ് സംഭവം വാര്‍ത്തയായതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

Also Read:- ചാര്‍ജ്ജിലിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പതിനാലുകാരിക്ക് ദാരുണാന്ത്യം...