തന്നെ ബാധിച്ച അസുഖത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് പ്രമുഖ ടെലിവിഷൻ താരം ശിവാംഗി ജോഷി. 'യേ രിഷ്താ ക്യാ കെഹല്‍ത്താ ഹേ', 'ബാലികാ വധു 2' തുടങ്ങിയ ജനപ്രിയ സീരിയലുകളിലൂടെ ശ്രദ്ധേയയായ താരമാണ് ശിവാംഗി. 

സെലിബ്രിറ്റികളെ സംബന്ധിച്ച് അവരുടെ ആരോഗ്യകാര്യങ്ങള്‍ പരസ്യപ്പെടുത്തുന്നത് പലപ്പോഴും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അത് ശാരീരികാരോഗ്യ കാര്യങ്ങളോ മാനസികാരോഗ്യ കാര്യങ്ങളോ ആകട്ടെ. എന്തായാലും ചില സെലിബ്രിറ്റികള്‍ തങ്ങളുടെ ആരോഗ്യകാര്യങ്ങളോ അസുഖങ്ങളെ കുറിച്ചോ എല്ലാം സധൈര്യം ആരാധകരടക്കമുള്ള പൊതുജനത്തോട് തുറന്നുപറയാറുണ്ട്. 

അത്തരത്തിലിപ്പോള്‍ തന്നെ ബാധിച്ച അസുഖത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് പ്രമുഖ ടെലിവിഷൻ താരം ശിവാംഗി ജോഷി. 'യേ രിഷ്താ ക്യാ കെഹല്‍ത്താ ഹേ', 'ബാലികാ വധു 2' തുടങ്ങിയ ജനപ്രിയ സീരിയലുകളിലൂടെ ശ്രദ്ധേയയായ താരമാണ് ശിവാംഗി. 

മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് ഫോളോവേഴ്സുമുണ്ട് ശിവാംഗിക്ക്. പേരുകേട്ട 'അഡ്വഞ്ചര്‍' ടിവി റിയാലിറ്റി ഷോ ആയ 'യേ ഖിലാഡി സീസണ്‍ 12'ലൂടെയും ഏറെ പേര്‍ക്ക് ശിവാംഗി സുപരിചിതയായി മാറിയിരുന്നു. 

ആശുപത്രിയില്‍ കിടക്കുന്ന തന്‍റെ ഫോട്ടോയാണ് ശിവാംഗി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇരുകൈകളിലും ഡ്രിപ്പ് ഇട്ടതായി കാണാം. ആശുപത്രി മുറിയിലെ കിടക്കയില്‍ കിടന്നിടത്ത് തന്നെ ചാരിയിരുന്ന് കൊണ്ട് കരിക്ക് കഴിക്കുകയാണ് ശിവാംഗി. ഇതാണ് ഫോട്ടോയില്‍ കാണുന്നത്. മറ്റ് ക്ഷീണമോ തളര്‍ച്ചയോ ഒന്നും താരത്തിന് തോന്നുന്നില്ല.

എന്നാല്‍ തനിക്ക് വൃക്കയില്‍ അണുബാധയുണ്ടായതാണെന്നും ഏതാനും ദിവസങ്ങളായി വലിയ പ്രയാസത്തിലാണെന്നുമാണ് ശിവാംഗി ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. നിലവില്‍ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും ഡോക്ടര്‍മാരുടെയും ഹോസ്പിറ്റല്‍ സ്റ്റാഫിന്‍റെയും സര്‍വോപരി ദൈവത്തിന്‍റെയും പിന്തുണ കൊണ്ട് താൻ രോഗത്തെ അതിജീവിച്ചുവരികയാണെന്നും ഇപ്പോള്‍ ഒരുപാട് ആശ്വാസം തോന്നുന്നുവെന്നും ശിവാംഗി കുറിച്ചിരിക്കുന്നു. 

ഒപ്പം തന്നെ ശാരീരിക- മാനസികാരോഗ്യ കാര്യങ്ങളില്‍ ഓരോരുത്തരും കാര്യമായ ശ്രദ്ധ പുലര്‍ത്തണമെന്നും മറക്കാതെ വെള്ളം കുടിക്കണമെന്നും ശിവാംഗി കൂട്ടിച്ചേര്‍ക്കുന്നു. 

സീരിയല്‍- ടെലിവിഷൻ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് ശിവാംഗിയുടെ ഫോട്ടോയ്ക്ക് താഴെ സൗഖ്യമാശംസിച്ച് എത്തിയിരിക്കുന്നത്. 

View post on Instagram

വൃക്കയിലെ അണുബാധ...

അധികവും ബാക്ടീരിയല്‍ ആക്രമണത്തിന് പിന്നാലെയാണ് വൃക്കയില്‍ അണുബാധയുണ്ടാവുക. ഏത് പ്രായക്കാരിലും എപ്പോള്‍ വേണമെങ്കിലും ഇതുണ്ടാകാം. വെള്ളം കുടിക്കുന്നതിന്‍റെ അളവ് കുറയുന്നത് വലിയ രീതിയില്‍ വൃക്കയിലെ അണുബാധയുടെ സാധ്യത വര്‍ധിപ്പിക്കാം. ശിവാംഗിയുടെ കേസില്‍ അങ്ങനെയാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് സൂചന. 

മൂത്രാശയസംബന്ധമായ വേദന, സ്വകാര്യഭാഗങ്ങളില്‍ വേദന, നടുവില്‍ ഏറ്റവും താഴെയായി വേദന, കടുത്ത പനി, കുളിര്, വിറയല്‍, തളര്‍ച്ച, വിശപ്പില്ലായ്മ, വയറിളക്കം പോലുള്ള പ്രശ്നങ്ങളാണ് വൃക്കയിലെ അണുബാധയില്‍ ലക്ഷണങ്ങളായി സാധാരണഗതിയില്‍ കാണാറ്. ആന്‍റി-ബയോട്ടിക്സ് കൊണ്ട് തന്നെ ഇത് ഭേദപ്പെടുത്താവുന്നതാണ്. എന്നാല്‍ ചില കേസുകളില്‍ ആശുപത്രിയില്‍ അഡ്‍മിറ്റ് ചെയ്ത് ചികിത്സ ചെയ്യേണ്ട അവസ്ഥയുമുണ്ടാകാം. 

Also Read:- മക്കളുടെ ചുണ്ടില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങള്‍ വിവാദത്തില്‍; മറുപടിയുമായി നടി

ഒമാനിലെ ആരോ​ഗ്യ പ്രവർത്തകർക്ക് ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത്കെയർ എക്സലൻസ് പുരസ്കാരം