സതാംപ്ടൺ സ്വദേശിയായ ഇരുപത്തഞ്ചുകാരി ടാഷ് യങ് തന്റെ വിവാഹം കഴിഞ്ഞ് കൃത്യം ഒരുമാസം പൂർത്തിയാകുന്നതിനിടെ രോഗം മൂർച്ഛിച്ച് മരിച്ചുപോയി. ഫൈനൽ സ്റ്റേജ് കാൻസർ ആയിരുന്നു അവൾക്ക്. സ്പിൻഡിൽ സെൽ സർക്കോമ എന്ന കണക്ടീവ് ടിഷ്യൂകളെ നശിപ്പിക്കുന്ന അപൂർവയിനം കാൻസർ ആണ് ആ യുവതിയെ ബാധിച്ചത്. 

കഴിഞ്ഞ ഡിസംബറിൽ, വീട്ടിൽ ഒരു ചെറിയ പെട്ടി പൊക്കുന്നതിനിടെ വാരിയെല്ലിൽ അനുഭവപ്പെട്ട വേദനയായിരുന്നു ആദ്യത്തെ ലക്ഷണം. എന്നാൽ, ആശുപത്രിയിൽ കാണിച്ച് ദിവസങ്ങൾക്കകം രോഗം വഷളായി. വേദന താങ്ങാനാവുന്നതിലും അധികമായി മാറി. സ്നേഹിതൻ സൈമൺ ആശുപത്രി സന്ദർശനങ്ങളിൽ വിടാതെ ടാഷിന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു ഇപ്പോഴും. കഴിഞ്ഞ മെയിൽ ഇരുവരെയും ഒന്നിച്ചിരുത്തിയാണ് ഡോക്ടർ ബയോപ്സി ഫലം അറിയിച്ചത്. അവൾക്ക് കാൻസറാണ്. 

ഇരുവർക്കും ആ വാർത്ത ഉള്ളിലേക്കെടുക്കാൻ സ്വകാര്യനിമിഷങ്ങൾ അനുവദിച്ചുനൽകി ഡോക്ടർ പുറത്തേക്കിറങ്ങി. നിറകണ്ണുകളോടെ തന്നെ നോക്കിയ ടാഷിനോട് സൈമൺ ആ നിമിഷം ചോദിച്ചത് "വിൽ യു മാരി മി..?" എന്നു മാത്രമായിരുന്നു. സൈമണെ വിവാഹം ചെയ്ത് അവന്റെ കുഞ്ഞുങ്ങളുടെ അമ്മയായി ഏറെക്കാലം സന്തോഷത്തോടെ കഴിയണം എന്ന് അവർക്കിടയിലെ പ്രണയസല്ലാപങ്ങൾക്കിടയിൽ ടാഷ് പലവട്ടം പറഞ്ഞിട്ടുണ്ട്. സൈമണും അതിനായി ഏറെ കൊതിച്ചിരുന്നതാണ്. ഇനി ഒട്ടും വൈകിച്ചു കൂടാ എന്ന് അവർക്ക് തോന്നി. കാരണം, ടാഷിന്റെ കേസ് ടെർമിനൽ ആണെന്നും, അവൾ കീമോയോട് പ്രതികരിക്കുന്നില്ല, ഇനി ഏറിവന്നാൽ ആഴ്ചകൾ മാത്രമേ അവൾ ജീവനോടിരിക്കൂ എന്നും ഡോക്ടർ അവനെ അറിയിച്ചിട്ടുണ്ടായിരുന്നു. 

 

 

അന്നേക്ക് നാലാം ദിവസം അതേ ആശുപത്രിയിൽ സജ്ജീകരിച്ച വിവാഹവേദിയിൽ അവരിരുവരും വിവാഹിതരായി. ഉത്തരധ്രുവത്തിൽ നിന്നുയരുന്ന നോർത്തേൺ ലൈറ്റ്‌സ് കാണാൻ കൊണ്ടുപോകാമോ ഹണിമൂണിൽ എന്ന് മുമ്പെപ്പോഴോ ടാഷ് ചോദിച്ചപ്പോൾ "അതിനെന്താ..." എന്ന് വാക്കുകൊടുത്തിരുന്നു സൈമൺ. ടാഷിനെ നോർത്തേൺ ലൈറ്റ്‌സിന്റെ കൺവെട്ടത്തേക്ക് കൊണ്ടുപോകാൻ പറ്റാത്തതുകൊണ്ട്, ആ വെളിച്ചത്തെ അവളുടെ ആശുപത്രി മുറിക്കുള്ളിലേക്ക് കൊണ്ടുവന്നു സൈമൺ. അവർ ഇരുവരും ഒരേ കിടക്കയിൽ കൈകോർത്തുപിടിച്ചു മലർന്നുകിടന്ന് ആ മുറിയുടെ സീലിങ്ങിലേക്ക് പ്രോജക്റ്റ് ചെയ്ത നോർത്തേൺ ലൈറ്റ്‌സിന്റെ ദൃശ്യങ്ങൾ കണ്ടു. 

"ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ്" എന്ന് ടാഷ് പറഞ്ഞപ്പോൾ, നിറകണ്ണുകളോടെ സൈമണും തലകുലുക്കി. ആ ഒരൊറ്റ ദിവസത്തേക്ക് ഇരുവരും തങ്ങളുടെ ജീവിതത്തിലേക്ക് ഒരശനിപാതമായി ഇറങ്ങിവന്ന ആ കാൻസർ ഡയഗ്നോസിസിനെ മറന്നു. പരസ്പരം ആശ്ലേഷിച്ചു കിടന്ന് ഒരു രാത്രി പങ്കിട്ടു. 

 

 

ഒരു ബ്ലൈൻഡ് ഡേറ്റിലൂടെ പരിചയപ്പെട്ട്, ഹ്രസ്വകാലത്തെ പ്രണയബന്ധത്തിലും, അതിനേക്കാൾ ഹ്രസ്വമായ ഒരു ദാമ്പത്യത്തിലുമായി തനിക്ക് ഒരായുഷ്കാലത്തെ സ്നേഹം തന്നെ ടാഷിന്റെ ഓർമയ്ക്കായി ഒരു 'ടീനേജ് കാൻസർ ട്രസ്റ്റ്' സ്ഥാപിച്ച് പാവപ്പെട്ട കാൻസർ രോഗികളെ പരിചരിക്കാൻ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ് സൈമൺ ഇപ്പോൾ.