ദില്ലി: രാജ്യത്ത് കൊവിഡ് പരിശോധന വർദ്ധിപ്പിച്ചതിനാൽ പോസിറ്റീവ് രോ​ഗികളുടെ നിരക്ക് വളരെ കുറഞ്ഞതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ. പരിശോധന വർദ്ധിപ്പിക്കുന്നതിന് അനുസരിച്ച് കൊവിഡ് പോസിറ്റീവ് കേസുകൾ കുറഞ്ഞു വരുന്നതായി കാണുന്നു.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 60975 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 848 പേർ മരിച്ചു. 66550 കൊവിഡ് രോ​ഗികൾ ​രോ​ഗമുക്തരായി. പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.  സജീവമായ  കൊവിഡ് രോ​ഗികളിൽ മൂന്ന് ശതമാനം മാത്രമാണ് ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ചികിത്സിക്കുന്നത്. അതുപോലെ തന്നെ സജീവമായ കൊവിഡ് രോ​ഗികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരുന്നതായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

7,04,348 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. രാജ്യത്ത് ദിനംപ്രതി സജീവമായ കേസുകളുടെ എണ്ണം കുറയുന്നുണ്ട്. പതിനഞ്ച് ശതമാനം ആളുകൾ മാത്രമാണ് ഹോസ്പിറ്റലുകളിൽ എത്തുന്നത്. കൊവിഡ് 19 മൂലം മരിച്ചവരിൽ 69 ശതമാനം പുരുഷൻമാരും 31 ശതമാനം സ്ത്രീകളും മരിച്ചു. 58390 പേരാണ് രാജ്യത്താകെ കൊവിഡ് ബാധിച്ച് മരിച്ചതെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി.