ഏറ്റവും പുതിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌  ട്രംപിനെയും ഉത്തരകൊറിയൻ സ്വേച്ഛാധിപതി കിം ജോംഗ് ഉന്നിന്റെയും ഒക്കെ തലയുടെ ആകൃതിയിൽ വരെ MDMA നിർമ്മിക്കപ്പെടുന്നുണ്ട്

'എക്സ്റ്റസി', 'മോളി', 'ഫേസ്‌ബുക്ക്', 'സ്പ്രൈറ്റ്' - ഇങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന 3,4-മെഥിലിൻ ഡയോക്സി മെത്താംഫിറ്റമിൻ (MDMA) മുംബൈയിലെയും ഗോവയിലെയും ബെംഗളുരുവിലെയും 'റേവ്' സൈക്കഡലിക് പാർട്ടി സർക്യൂട്ടുകളിലെ നിത്യസാന്നിധ്യമായ ഒരു നിരോധിത മയക്കുമരുന്നാണ്. ഡൊമസ്റ്റിക് ബ്ലാക്ക് മാർക്കറ്റിൽ എക്സ്റ്റസി ഗുളികയൊന്നിന് 1500 -നും 2500 -നും ഇടയിലും MDMA ഗ്രാമൊന്നിന് 6000 -നു പുറത്തും വിലയുള്ള ഈ ലഹരിമരുന്ന് ഇന്ത്യയിൽ ഏറ്റവുമധികം കള്ളക്കടത്ത് നടക്കുന്ന, ഏറ്റവും അധികം പേർ ഉപയോഗിക്കുന്ന, രാജ്യത്തെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഏറ്റവും അധികമായി പിടികൂടുന്ന ഒരു മയക്കുമരുന്നാണ്. ഏറ്റവും പുതിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെയും ഉത്തരകൊറിയൻ സ്വേച്ഛാധിപതി കിം ജോംഗ് ഉന്നിന്റെയും ഒക്കെ തലയുടെ ആകൃതിയിൽ വരെ നീലയും ഓറഞ്ചും നിറത്തിൽ നിർമ്മിച്ചെടുക്കുന്ന ഈ മയക്കുമരുന്ന് ഗുളികയുടെ ഉപഭോഗത്തിനടിമപ്പെട്ട് തകർന്നടിഞ്ഞ ജീവിതങ്ങൾക്ക് കയ്യും കണക്കുമില്ല. 

എന്നാൽ ഈ നിരോധിത രാസവസ്തുവിന് പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഗവേഷണ പശ്ചാത്തലം കൂടിയുണ്ട്. MDMA എന്ന മരുന്ന്,1912 -ൽ സിന്തസൈസ ചെയ്തെടുക്കുന്നതും, 1913 -ൽ പേറ്റന്റ് ചെയ്യുന്നതും ഒക്കെ ജർമൻ കമ്പനിയായ മെർക്ക് ആണ്. അത് അന്ന് പേറ്റന്റ് ചെയ്തത് ഒരു ഡയറ്റ് പിൽ എന്ന നിലയ്ക്കാണ്. അവർ അത് പിന്നീട് കാര്യമായി പ്രയോജനപ്പെടുത്തിയിട്ടില്ല എന്നതാണ് സത്യം. അതിനു ശേഷം അമ്പതുകളിൽ അത് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസികളും രഹസ്യപ്പോലീസും ഒക്കെ സത്യം പറയിക്കാൻ വേണ്ടിയുള്ള നാർക്കോ അനാലിസിസിന്റെ ഭാഗമായി ഉപയോഗിച്ചു എന്നൊരു ആക്ഷേപമുണ്ടായിരുന്നു എങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇല്ല. 

ആധുനിക കാലത്തെ MDMA ഗവേഷണങ്ങൾക്ക് പിന്നിലുള്ള മസ്തിഷ്‌കം, അലക്‌സാണ്ടർ ഷുൽഗിൻ എന്ന അമേരിക്കൻ കെമിസ്റ്റ് ആണ്. അദ്ദേഹമാണ് 1970 -കളിൽ, സൈക്കോ ഫാർമസ്യൂട്ടിക്കൽ ആവശ്യങ്ങൾക്കായി MDMA വീണ്ടും അമേരിക്കൻ ആരോഗ്യരംഗത്തേക്ക് കൊണ്ടുവരുന്നത്. ഹാർവാർഡ്, ബെർക്ക്ലി എന്നിവിടങ്ങളിൽ ഓർഗാനിക് കെമിസ്ട്രി പഠനം നടത്തി പോസ്റ്റ് ഡോക്ടറൽ ബിരുദം നേടിയശേഷമാണ് ഷുൽഗിൻ ഡോ കെമിക്കൽസ് എന്ന അമേരിക്കൻ കമ്പനിയിൽ സീനിയർ റിസർച്ച് കെമിസ്റ്റ് ആയി ചേരുന്നത്. ഡോ കെമിക്കൽസിൽ പ്രവർത്തിക്കുന്ന കാലത്ത് ഷുൽഗിൻ നടത്തിയ രാസപരീക്ഷണങ്ങളിലാണ് ഒരു തെറാപ്യൂട്ടിക് ഡ്രഗ് എന്ന നിലക്ക് അദ്ദേഹം MDMA ലബോറട്ടറിയിൽ നിര്മിച്ചെടുക്കകനുള്ള മാർഗങ്ങൾ കണ്ടെത്തുന്നത്. എന്നാൽ, ആ ദിശയിലുള്ള, ഏറെക്കുറെ നിയമവിരുദ്ധം എന്നുതന്നെ പറയാവുന്ന പരീക്ഷണങ്ങൾ ഷുൽഗിൻ നടത്തുന്നത് ഡോ കെമിക്കൽസിൽ നിന്ന് രാജിവെച്ച് സ്വന്തം വീട്ടിലെ ലബോറട്ടറിയിൽ പരീക്ഷണങ്ങളിൽ ഏർപ്പെട്ട പിൽക്കാലത്താണ്. 

ഈ മരുന്ന് ഒരു ലഹരിവസ്തു എന്ന നിലയിൽ ന്യൂയോർക്കിലെ നൈറ്റ് ക്ലബ്ബ്കളിൽ വൻതോതിൽ വില്പനയ്ക്ക് എത്തുന്നത് എൺപതുകളുടെ അവസാനത്തോടെയാണ്. പൗഡർ രൂപത്തിൽ മോളി എന്ന പേരിലും, ടാബ്‌ലെറ്റ് പരുവത്തിൽ MDMA എന്ന പേരിലും അത് അക്കാലത്ത് ന്യൂയോർക്കിലെ നൈറ്റ് ക്ലബ്ബ്കളിൽ സുലഭമായി കിട്ടാൻ തുടങ്ങി. ഈ ലഹരിമരുന്ന് തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇന്ത്യയിലും എത്തിത്തുടങ്ങി. 

ഇടയ്ക്കിടെ NCB യുടെ പിടിയിൽ ഇതിന്റെ കടത്തുകാർ പെടുന്നുണ്ട് എങ്കിലും ഈ മേഖലയിലെ കച്ചവടത്തിലുള്ള ലാഭം, അതിലേക്ക് പിന്നെയും പിന്നെയും കള്ളക്കടത്തുകാർ ആകർഷിക്കുന്നു.ഇന്ന് കേരളത്തിലെയും ബെംഗളുരുവിലെയും നൈറ്റ് പാർട്ടികളിൽ ഈ മരുന്ന് സുലഭമായി വിതരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇടയ്ക്കിടെ കള്ളക്കടത്തുകാർ പിടിക്കപ്പെടുന്നുണ്ട് എങ്കിലും, ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഈ മയക്കുമരുന്നിന്റെ വില്പന കൊഴുക്കുന്നുണ്ട്. 


2018 ഫെബ്രുവരിയിൽ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വെച്ച് എക്സൈസ് ഡിപ്പാർട്ടുമെന്റും ആന്റി നർക്കോട്ടിക്സ് സെല്ലും ചേർന്ന് പിടികൂടിയത് അഞ്ചു കിലോ MDMA ആയിരുന്നു. അന്നത്തെ മാർക്കറ്റു വില വെച്ച് മുപ്പതു കോടിയോളം വിലവരുന്ന മരുന്നാണ് അന്ന് പിടികൂടിയത്. അന്ന് ഫൈസൽ, അബ്ദുൽ സലാദ് എന്നിവരെ കസ്റ്റഡിയിൽ എടുത്ത ശേഷം എക്സൈസ് കമ്മീഷണർ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞത് ഇത് എൻസിബിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിൽ ഒന്നാണ് എന്നായിരുന്നു. 

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന്, കശ്മീർ വഴി ഡൽഹിയിലെത്തിച്ച ശേഷം അവിടെ നിന്ന് ട്രെയിൻ വഴി പാലക്കാട് കൊണ്ടുവന്നാണ് ഈ മയക്കുമരുന്ന് നെടുമ്പാശേരിയിലേക്ക് സഞ്ചരിച്ചെത്തിയത് എന്ന് അന്ന് ഋഷിരാജ് സിംഗ് പറഞ്ഞിരുന്നു. ട്രോളി ബാഗുകളിലെ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു അന്ന് ഈ മരുന്നുകൾ ഉണ്ടായിരുന്നത്. അന്നത്തെ ചോദ്യം ചെയ്യലിൽ വെളിപ്പെട്ട മറ്റൊരു കാര്യം, ഈ കള്ളക്കടത്തിന്റെ ബുദ്ധികേന്ദ്രം കുവൈറ്റിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഒരു കൊച്ചി സ്വദേശി ആണ് എന്നായിരുന്നു. ഈ കള്ളക്കടത്തിൽ പങ്കെടുത്തിരുന്ന മിക്കവാറും പേർക്കും എന്താണ് കടത്തുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ഉണ്ടായിരുന്നില്ല അന്ന്. അത്രക്ക് പ്രൊഫഷണൽ ആയ ഡീലിങ് ആണ് ഇത് ആസൂത്രണം ചെയ്തവർ നടത്തിയിരുന്നത്. 

കഞ്ചാവടക്കമുള്ള മറ്റു നിരോധിത ലഹരിവസ്തുക്കളെക്കാൾ വില താരതമ്യേന കൂടുതലാണ് എങ്കിലും, MDMA അടക്കമുള്ള സിന്തറ്റിക് ഡ്രഗുകൾ ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം കേരളത്തിൽ കൂടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തരം കേസുകള്‍ കൂടിയിട്ടുണ്ടെന്ന് എക്സൈസ് വകുപ്പ് തന്നെ സമ്മതിക്കുന്നുണ്ട്. പതിനായിരങ്ങള്‍ ചെലവിട്ട് ബെംഗളൂരുവിൽ നിന്നുമാണ് ഇത് എത്തിക്കുന്നതെന്ന് ഇത്തരം ലഹരിക്ക് അടിമയായ ഒരു യുവാവും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത്തരം ലഹരികള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയെന്ന് കണ്ടെത്തിയതോടെ എക്സൈസ് വകുപ്പ് സ്കൂളുകളിലും ക്യാപസുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം പരിശോധകളൊക്കെ മറികടക്കാൻ ഒറ്റപ്പെട്ട ഇടങ്ങള്‍ ഒഴിവാക്കി തിരക്കുള്ള റോഡുകൾ പോലും MDMA യുടെ വിൽപനക്കാർ ആശ്രയിച്ചുതുടങ്ങി.

എക്സ്റ്റസി അഥവാ MDMA എന്ന ഈ ലഹരിമരുന്ന് നമ്മുടെ തലച്ചോറിലെ സെറോടോണിന്റെ പ്രവർത്തനത്തെ ബാധിക്കും എന്നതുകൊണ്ട് വളരെ അപകടകാരിയായ ഒന്നാണ്. നമ്മുടെ വികാരങ്ങളെ, മൂഡ് സ്വിങ്ങുകളെ, പ്രതികരണങ്ങളെ, ദേഷ്യത്തെ, ഉറക്കത്തെ, വിശപ്പിനെ ഒക്കെ നിയന്ത്രിക്കുന്ന ഒന്നാണ് ഈ സെറോടോണിൻ എന്നത്. സ്ഥിരമായി MDMA ഉപയോഗിക്കുന്നവരിൽ സ്മൃതിനാശത്തിനും സാധ്യത കൂടുതലാണ്. ആശയക്കുഴപ്പം, വിഷാദം, ഉറക്കക്കുറവ്, മരുന്ന് കിട്ടിയില്ലെങ്കിൽ വല്ലാത്ത അസ്വസ്ഥത, കടുത്ത ഉത്കണ്ഠ എന്നിവ ഈ മയക്കുമരുന്നിന്റെ കടുത്ത പാർശ്വഫലങ്ങളാണ്. അതിനും പുറമെ ഹൃദയമിടിപ്പ് വർധന, ഹൃദ്രോഗം, മസിൽ ടെൻഷൻ, പല്ലിറുമ്മൽ, ഓക്കാനം, കാഴ്ച മങ്ങൽ, അകാരണമായ കുളിര്, വിയർപ്പ് എന്നീ ലക്ഷണങ്ങൾ ഉപയോഗത്തിനിടെ ഈ മയക്കുമരുന്നിന് അടിമകളാകുന്നവരിൽ കാണാറുണ്ട്.

പല മയക്കുമരുന്ന് റാക്കറ്റുകൾക്കും ശക്തമായ രാഷ്ട്രീയ ബന്ധങ്ങളും ഉണ്ടാകാറുണ്ട് എന്നതിനാൽ തന്നെ മയക്കുമരുന്ന് കടത്തുന്നവർ പിടിയിലായാലും ഒരിക്കലും അന്വേഷണങ്ങൾ അതിന്റെ ബുദ്ധികേന്ദ്രങ്ങളിലേക്ക് എത്താറില്ല. അതുകൊണ്ടുതന്നെ ഈ മയക്കുമരുന്ന് കള്ളക്കടത്ത്-വില്പന നെറ്റ്‌വർക്കിന്റെ അടിവേരറുക്കാൻ ഇന്നും നമ്മുടെ പോലീസിനോ എൻസിബിക്കോ സാധിക്കുന്നില്ല. നമ്മുടെ നാട്ടിലെ യുവജനങ്ങളുടെ ശരീരത്തെയും മനസ്സുകളെയും അടിമകളാക്കി മെല്ലെ മെല്ലെ ദ്രവിപ്പിച്ചുകൊണ്ട് ഇന്നും ഇത്തരം മരുന്നുകൾ സമൂഹത്തിൽ തുടരുക തന്നെ ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.