ബെർലിൻ : പരമാവധി പേരെ ടെസ്റ്റ് ചെയ്യുക. കൊവിഡ് 19 സ്ഥിരീകരിച്ചവരെ ഉടനടി ഐസൊലേറ്റ് ചെയ്യുക. അവർ ബന്ധപ്പെട്ടിട്ടുള്ള സകലരെയും കണ്ടെത്തി അവരെ വീണ്ടും ടെസ്റ്റ് ചെയ്യുക. അങ്ങനെ അസുഖം ബന്ധിച്ചവരെ അങ്ങോട്ട് ചെന്ന് കണ്ടെത്തുന്ന ശൈലിയാണ് ജർമനി കൊവിഡ് 19 വിരുദ്ധ പോരാട്ടത്തിൽ സ്വീകരിച്ചത്. അതിനുള്ള ഫലം അവർക്ക് കിട്ടുകയും ചെയ്തു. 

ജർമനി ഇതുവരെ സ്ഥിരീകരിച്ചത് 1100 കൊവിഡ് 19 കേസുകളാണ്. എന്നാൽ മറ്റുള്ള രാജ്യങ്ങളിൽ നിന്ന് ജർമനിയെ വേറിട്ട് നിർത്തുന്നത് അവിടത്തെ മരണനിരക്കാണ്. ആകെ രണ്ടു പേരാണ് ജർമനിയിൽ ഇതുവരെ കൊവിഡ് 19 ബാധിച്ചു മരിച്ചത്. ഹെയിൻസ്ബർഗിൽ ഒരു 78 വയസ്സുകാരനും, എസ്സെനിൽ നിന്നുള്ള ഒരു 89 വയസ്സുകാരനുമാണ് ഇന്നുവരെ ആകെ മരിച്ചിട്ടുള്ളത്. മറ്റുള്ളവരെ ഒക്കെയും ജർമ്മനി വിജയകരമായി പരിചരിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ, ഇത്രയും തന്നെ ആളുകൾക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിട്ടില്ല പല അയൽരാജ്യങ്ങളിലെയും മരണനിരക്ക് ജർമനിയുടേതിനേക്കാൾ എത്രയോ ഇരട്ടിയാണ്. 

ഉദാഹരണത്തിന്, ഫ്രാൻസിൽ ഏകദേശം 1200 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അവരിൽ 19 പേരും മരണപ്പെട്ടുകഴിഞ്ഞു. 1204 പേർക്ക്  കൊവിഡ് 19 ബാധിച്ച സ്പെയിനിലാട്ടെ മരണം 28 കഴിഞ്ഞു. 9172 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഇറ്റലിയിൽ മരണം 463 കവിഞ്ഞു. അപ്പോൾ ഉയരുന്ന ചോദ്യമിതാണ്. അയാൾ രാജ്യങ്ങളിൽ നിന്ന് ജർമനിയെ വ്യത്യസ്തമാക്കുന്നത് എന്താണ്? വൈറസ് ബാധയേറ്റ നിരവധി പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കാൻ കഴിഞ്ഞതും, അവർ മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരും മുമ്പ്, പല കേസുകളിലും ബാഹ്യമായ അസുഖലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും മുമ്പുതന്നെ  കൊവിഡ് 19 ബാധ സ്ഥിരീകരിച്ച് ഐസൊലേഷനിലേക്ക് മാറ്റാൻ കഴിഞ്ഞതുമാണ് ജർമനിയുടെ വിജയത്തിന് പിന്നിലെ പ്രധാനകാരണം. അത് അധികാരികൾക്ക് നോവൽ കൊറോണ വൈറസിനെ അധികം പേരിലേക്ക് വ്യാപിക്കാതെ തടഞ്ഞു നിർത്താൻ സാധിച്ചു. കാറുകളിൽ സഞ്ചരിക്കുന്നവർക്ക് ഉപയോഗിക്കാൻ പാകത്തിന് 'ഡ്രൈവ് ത്രൂ' തുപ്പൽ ശേഖരണ കേന്ദ്രങ്ങൾ വരെ ജർമനി  കൊവിഡ് 19 പരിശോധനാർത്ഥം ഒരുക്കിയിരുന്നു. 

ഭൂരിപക്ഷം ലബോറട്ടറികളും സർക്കാർ നിയന്ത്രണത്തിലുള്ള മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി പരിശോധനാ സംവിധാനങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു രാജ്യമാണ് ജർമനി. അവിടെ പക്ഷേ, ഈ സ്ഥാപനങ്ങൾക്ക് പരിശോധന നടത്താനുള്ള അനുമതിയും, ബില്ലിങ്ങിനുള്ള അനുമതിയും സമയസമയത്ത് നൽകി. അങ്ങനെ പരിശോധനകൾ സമയനുസൃതമായി വളരെ ഫലപ്രദമായി നടന്നു. അവ വളരെ തുടക്കത്തിൽ തന്നെ രോഗികളെ ഐസൊലേറ്റ് ചെയ്യാൻ സഹായിച്ചു.  കൊവിഡ് 19 പടരുന്നത് തടയാനും. വ്യക്തമായ ലക്ഷണങ്ങളിലേക്ക് എത്തുന്ന അവസ്ഥയ്ക്കൊക്കെ മുമ്പുതന്നെ കൃത്യമായി വൈറസിനെ ടെസ്റ്റുകളിലൂടെ തിരിച്ചറിയാൻ സാധിച്ചത് ഈ മേഖലയിൽ ജർമനി കൈവരിച്ച വളർച്ച ഒന്നുകൊണ്ടു മാത്രമാണ്.  

ഇപ്പോൾ ഉള്ള ടെസ്റ്റിംഗ് സംവിധാനങ്ങൾക്ക് പുറമേ ജർമൻ സർക്കാർ പൊതുസ്ഥലങ്ങളിൽ താത്കാലികമായ പുതിയ  കൊവിഡ് 19 പരിശോധനാകേന്ദ്രങ്ങൾ വേറെയും തുടങ്ങിയിട്ടുണ്ട്. ക്വാറന്റയിൻ നടപടികളിലും ജർമനി ഏറെ മുന്നിലാണ്. അവിടത്തെ സ്‌കൂളുകൾ എല്ലാം തന്നെ അടച്ചു കഴിഞ്ഞു. സ്റ്റേഡിയങ്ങളിൽ സോക്കർ മത്സരങ്ങൾ നടത്തുന്നത് കാണികളെ പ്രവേശിപ്പിക്കാതെയാണ്. പാർലമെന്റിൽ പോലും സന്ദർശകർക്ക് വിലക്കുണ്ട്. ഗവേഷകർ മരുന്ന് കണ്ടെത്തും വരെ ജീവിച്ചിരിക്കാൻ വേണ്ട സമയം കണ്ടെത്താൻ രാജ്യത്തെ ജനങ്ങൾ ഒന്നിക്കണം എന്നാണ് ചാൻസലർ പറഞ്ഞത്.