രാത്രിയിൽ വലിച്ചുവാരി ഭക്ഷണം കഴിക്കുന്ന ശീലം ചിലർക്കുണ്ട്. ഇത് ഒട്ടും നല്ലതല്ലെന്ന് ഓർക്കുക. അമിതമായി ഭക്ഷണം കഴിക്കുന്നത് പലതരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കാം. രാത്രിയിൽ എപ്പോഴും കിടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. രാത്രിഭക്ഷണം എങ്ങനെ വേണമെന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്നും നോക്കാം...

ഒന്ന്..

രാത്രിയിൽ ചോറിന് പകരം ചപ്പാത്തിയോ ദോശയോ കഴിക്കാം. പക്ഷേ അളവു കൂടാതെ ശ്രദ്ധിക്കണമെന്നു മാത്രം. രാത്രി സാലഡ് കഴിക്കുന്നവരും കുറവല്ല. അങ്ങനെയുള്ളവർ സാലഡിൽ തക്കാളി ചേര്‍ക്കാതെ ശ്രദ്ധിക്കണം. ആസിഡിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങൾ രാത്രി ഒഴിവാക്കുന്നതാണ് നന്ന്. ഓറഞ്ച്, മുന്തിരി പോലുള്ള ആസിഡ് പഴങ്ങളും രാത്രി ഒഴിവാക്കാം.

രണ്ട്...

പാൽ ഉൽപന്നങ്ങൾ, മയോണൈസ് എന്നിവയും രാത്രി ഒഴിവാക്കുന്നതാണ് നല്ലത്. മുട്ട നന്നായി പതപ്പിച്ച്, എണ്ണ ഒഴിച്ചാണ് മയോണൈസ് ഉണ്ടാക്കുന്നത്. കൊഴുപ്പ് കൂടിയ വിഭവമായതിനാൽ ഇത് രാത്രിയിൽ കഴിക്കുന്നത് കാലറി കൂടാൻ കാരണമാകും. 

മൂന്ന്...

കപ്പ, ഉരുളക്കിഴങ്ങ് പോലുള്ള കിഴങ്ങുവർഗങ്ങളും രാത്രിയിൽ വേണ്ട. ഇവ ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. ഉറക്കത്തെ തടസ്സപ്പെടുത്തുന്ന അമിതമധുരമുള്ള പായസം, കൊഴുപ്പിന്റെ അളവു കൂട്ടുന്ന എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, മൈദ കൊണ്ടുള്ള ബ്രഡ് എന്നിവയും രാത്രി ഒഴിവാക്കുക. 

നാല്...

ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണമാണ്. 

അഞ്ച്...

മിഠായികളും രാത്രി ഒഴിവാക്കേണ്ട ഭക്ഷണമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തും. ഉറക്കത്തിന് പ്രശ്‌നമുണ്ടാക്കുമെന്ന് മാത്രമല്ല, ശരീരഭാരം കൂടുകയും ചെയ്യും. 

രാത്രിയിൽ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങൾ...