സെക്സിൽ താൽപര്യം കുറയുന്നതായി ചിലർ പറയാറുണ്ട്. ലൈംഗികജീവിതത്തിലെ തകരാറുകള്‍ പലപ്പോഴും ദാമ്പത്യബന്ധത്തെ തന്നെ തകര്‍ത്തു കളയും. കിടപ്പറയിൽ ഇണയെ തൃപ്തിപ്പെടുത്താനാകാതെ വിഷമിക്കുന്നവര്‍ ധാരാളമാണെന്നാണ് ഇന്ന് ചില പഠനങ്ങള്‍ പറയുന്നത്. 

ലൈംഗികതളർച്ചയുള്ള 40 ശതമാനം പേരുടെയും വില്ലൻ വിഷാദമാണെന്നാണ് 'ദ ഹെല്‍ത്ത് സൈറ്റ് ഡോട്ട് കോം'-ലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. സെക്സിനോട് താൽപര്യം കുറയുന്നതിന്റെ പ്രധാനപ്പെട്ട ചില കാരണങ്ങൾ എന്തൊക്കെയാണെന്ന് അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്നു. 

ഒന്ന്...

 അമിത സ്‌ട്രെസ് നിങ്ങളുടെ സെക്സ് ലൈഫിനെയും ബാധിക്കും. സ്‌ട്രെസ് ഹോര്‍മോണ്‍ ശരീരത്തില്‍ വര്‍ധിച്ചാല്‍ അത് മൊത്തത്തിലുള്ള ജീവിതത്തെ പ്രതികൂലമായി ബാധിക്കും. കോർട്ടിസോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കാന്‍ സ്‌ട്രെസ് കാരണമാകും. ഇത് ലൈംഗികജീവിതത്തെ തകിടം മറിക്കും.

രണ്ട്...

ഉറക്കക്കുറവ് സെക്സിനോടുള്ള താൽപര്യം കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കഠിനമായ സ്ലീപ് അപ്നിയ ബാധിച്ച പുരുഷന്മാരിൽ മൂന്നിലൊന്ന് പേർക്കും ടെസ്റ്റോസ്റ്റിറോൺ അളവ് കുറഞ്ഞതായി ജേണൽ ഓഫ് ക്ലിനിക്കൽ സ്ലീപ് മെഡിസിൻ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

മൂന്ന്...

 വിഷാദരോഗം ലൈംഗികജീവിതത്തെ ബാധിക്കാറുണ്ട്. വിഷാദരോഗത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റ് മരുന്നുകളും ലൈംഗികജീവിതത്തെ മെല്ലെയാക്കും.

നാല്...

തൈറോയ്ഡ് ലെവലിലെ വ്യത്യാസങ്ങള്‍ സെക്സിനെ ബാധിക്കാം. ഹൈപ്പോതൈറോയ്ഡിസം ലൈംഗിക ഹോര്‍മോണ്‍ ഉൽപാദനത്തെ തടയും. അമിതവണ്ണവും വ്യായാമക്കുറവും സെക്സിന്റെ രസം കെടുത്തും. ഇത് ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നിവയുടെ അളവില്‍ വ്യത്യാസം വരുത്തും.

അഞ്ച്...‌

ഫാസ്റ്റ് ഫുഡ് സ്ഥിരമായി കഴിക്കുന്നത് ലൈംഗികജീവിതത്തെ തകര്‍ക്കും. ഫ്രൈ ചെയ്ത ആഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ്‌ എന്നിവ പരമാവധി കുറയ്ക്കുക.

ആറ്...

പലതരത്തിലെ രോഗങ്ങള്‍, അവയ്ക്കുള്ള മരുന്നുകള്‍ എന്നിവ ചിലപ്പോള്‍ ലൈംഗികജീവിതത്തില്‍ വിരക്തി കൊണ്ടുവരാം. ചില മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം ചിലപ്പോള്‍ സെക്സില്‍ മടുപ്പ് ഉണ്ടാക്കും.