കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ലോക്ഡൗൺ കാലത്താണല്ലോ നമ്മളിപ്പോൾ. സാമൂഹിക അകലം പാലിക്കുകയും കെെകൾ സാനിറ്റൈസർ ഉപയോ​ഗിച്ച് കഴുകുക എന്നതാണ് പ്രധാനം. ചൈനയിൽ 80% മരണങ്ങളും 60 വയസിന് കൂടുതലുള്ളവരിലാണ് സംഭവിച്ചിരിക്കുന്നതെന്നും കൊവിഡിനെ പ്രതിരോധിക്കാൻ നമ്മൾ തന്നെ പ്രതിരോധശേഷി കൂട്ടുകയാണ് വേണ്ടതെന്നും ടെക്സസ് യൂണിവേഴ്സിറ്റി സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്ററിലെ കാർഡിയോളജിസ്റ്റ് എംഡി രോഹൻ ഖേര പറയുന്നു. ഏതു രോഗത്തെയും മറികടക്കാനുള്ള പ്രാഥമിക മാർഗം ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുക എന്നതാണ്. ഈ ലോക് ഡൗൺ കാലത്ത് പ്രതിരോധശേഷി കൂട്ടാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം...

1.ശുചിത്വം പാലിക്കുക...

രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്നാണ് ശുചിത്വം പാലിക്കുക എന്നത്. മായോ ക്ലിനിക്കിന്‍റെ അഭിപ്രായപ്രകാരം “രോഗം വരാതിരിക്കാനും അത്‌ പകരാതിരിക്കാനും ഉള്ള ഏറ്റവും നല്ല വഴികളിൽ ഒന്നാണ്‌” കൈ കഴുകുന്നത്‌. എന്നാൽ, ജലദോഷമോ പനിയോ എളുപ്പത്തിൽ പിടിക്കാൻ അഴുക്കുപുരണ്ട കൈകൾകൊണ്ട് മൂക്കോ കണ്ണോ തിരുമ്മിയാൽ മതിയാകും. കെെ ഇടയ്ക്കിടയ്ക്ക് കഴുകുന്നതാണ് അഴുക്ക് നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. മാത്രമല്ല ന്യുമോണിയ, വയറിളക്കം പോലെയുള്ള ഗുരുതരമായ രോഗങ്ങൾ തടയാനും ശുചിത്വം പാലിക്കുന്നത്‌ സഹായിക്കും. 

2.മാനസിക ഉന്മേഷം നിലനിർത്തുക...

നിങ്ങളുടെ മനസ്സ് എപ്പോഴും ഉന്മേഷത്തോടെ കാത്ത് സൂക്ഷിക്കാനാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. അതിനായി പുസ്‌തകങ്ങൾ വായിക്കുക, പാട്ട് കേൾക്കുക എന്നിവ ചെയ്യുന്നത് നിങ്ങളെ കൂടുതൽ പോസിറ്റീവാക്കും.

3. 30 മിനിറ്റ് പ്രകൃതിയോടൊപ്പം ചെലവിടാം...

ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റെങ്കിലും പ്രകൃതിയോടൊപ്പം ചെലവഴിക്കുക. അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, ആഴ്ചയിൽ 2 മണിക്കൂറെങ്കിലും പ്രകൃതിയോടൊപ്പം ചെലവഴിക്കുന്ന ആളുകൾ ശാരീരികമായും മാനസികമായും ആരോഗ്യവാന്മാരാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. 

4.വ്യായാമം ശീലമാക്കുക...

രാവിലെ എണീറ്റാൽ ആദ്യം ചെയ്യേണ്ടത് വ്യായാമം തന്നെയാണ്. ദിവസവും 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. മാനസിക പിരിമുറുക്കത്തിൽ നിന്ന് രക്ഷപ്പെടാനും ഹൃദയസംബന്ധമായ അസുഖങ്ങൾ വരാതിരിക്കാനും ദിവസവും വ്യായാമം ചെയ്യുന്നത് നല്ലതാണ്. യോ​ഗ, എയറോബിക്സ്, നടത്തം ഇങ്ങനെ ഏത് വ്യായാമം വേണമെങ്കിലും ചെയ്യാവുന്നതാണ്. 

5.ധാരാളം വെള്ളം കുടിക്കാം...

ദിവസവും രാവിലെ ഒന്നോ രണ്ടോ ​ഗ്ലാസ് ചൂടുവെള്ളം കുടിച്ച് ആ ദിവസം തുടങ്ങുക. അത് കൂടുതൽ എനർജറ്റിക്കാവാൻ സഹായിക്കും. ഇത് ശരീരത്തിലുള്ള മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിന്റെ രാസ -ജൈവ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. കരളിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. ശരീരത്തിലെ അസിഡിറ്റിയും ഉഷ്ണവും കുറയ്ക്കുന്നു.

6.പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കൂ...

ദിവസവും ആരോഗ്യപ്രദമായ പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാനും ശാരീരികോന്മേഷത്തിനും സഹായിക്കുന്നു. നാരുകളും വെെറ്റമിൻ ബിയും ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ ശരീരത്തിന് കൂടുതൽ ഉന്മേഷം നൽകും. ബീൻസ്, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ് പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തയോട്ടം വർധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.