Asianet News MalayalamAsianet News Malayalam

ഈ മൂന്ന് വിഭാഗക്കാര്‍ കാപ്പി കഴിക്കരുത്; ആരൊക്കെയാണെന്ന് അറിയാം...

പരിമിതമായ അളവില്‍- അതും പാലും പഞ്ചസാരയുമൊന്നും ചേര്‍ക്കാതെയാണ് കഴിക്കുന്നതെങ്കില്‍ സത്യത്തില്‍ കാപ്പിക്ക് പല ആരോഗ്യഗുണങ്ങളുമുണ്ട്. എന്നാല്‍ ചിലര്‍ കാപ്പി പൂര്‍ണമായി ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്

these three types of people should avoid coffee says nutritionists
Author
First Published Nov 12, 2023, 2:49 PM IST

രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു കപ്പ് ചൂട് കാപ്പിയിലേക്കോ ചായയിലേക്കോ കണ്ണ് തുറക്കുന്നവരാണ് മിക്കവരുമെന്ന് പറയാം. അത്രമാത്രം കാപ്പിയോടും ചായയോടും പ്രിയമുള്ളവരാണ് നമ്മുടെ നാട്ടിലുള്ള ഏറെ പേരും. എന്നാല്‍ രാവിലെ ഉറക്കമുണര്‍ന്നയുടൻ തന്നെ പല്ല് പോലും തേക്കാതെ കാപ്പിയോ ചായയോ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധരെല്ലാം തന്നെ ചൂണ്ടിക്കാട്ടാറ്. 

രാവിലെ ആദ്യം വെറുംവയറ്റില്‍ വലിയൊരു ഗ്ലാസ് വെള്ളം (ഫ്രിഡ്ജില്‍ വച്ചതോ അമിതമായി ചൂടുള്ളതോ പാടില്ല) കുടിക്കുകയാണ് വേണ്ടത്. ഇതിന് ശേഷം ആരോഗ്യകരമായ എന്തെങ്കിലും ലഘുഭക്ഷണമോ സ്നാക്സോ കഴിച്ച് വീണ്ടും ഒന്നുകൂടി കാത്തിരുന്ന ശേഷം മാത്രം കാപ്പിയോ ചായയോ കുടിക്കുന്നതാണ് എപ്പോഴും നല്ലത്. 

പക്ഷേ മിക്കവരും ഈ ഉപദേശമൊന്നും ചെവിക്കൊള്ളാറില്ലെന്നതാണ് സത്യം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കാപ്പിയും ചായയും അധികപേര്‍ക്കും നിര്‍ബന്ധമാണ്. ഇതിന് പുറമെ ദിവസത്തില്‍ പലപ്പോഴായി വിരസത മാറ്റാനും, ജോലിയില്‍ ശ്രദ്ധ വീണ്ടെടുക്കാനും, സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കാനും എല്ലാമായി പല കപ്പ് കാപ്പിയും ചായയും. ഈ ശീലവും തീര്‍ച്ചയായും മോശം തന്നെയാണ്.

പരിമിതമായ അളവില്‍- അതും പാലും പഞ്ചസാരയുമൊന്നും ചേര്‍ക്കാതെയാണ് കഴിക്കുന്നതെങ്കില്‍ സത്യത്തില്‍ കാപ്പിക്ക് പല ആരോഗ്യഗുണങ്ങളുമുണ്ട്. എന്നാല്‍ ചിലര്‍ കാപ്പി പൂര്‍ണമായി ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. പ്രധാനമായും മൂന്ന് വിഭാഗക്കാരോടാണ് ഇവര്‍ കാപ്പി ഒഴിവാക്കാൻ പറയുന്നത്. 

ഒന്ന് - ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍. കാപ്പി ഓരോ വ്യക്തിയും അവരുടെ പ്രത്യേകതകള്‍ക്ക് അനുസരിച്ച് വ്യത്യസ്തമായാണ് ദഹിപ്പിച്ചെടുക്കുന്നത്. എന്നാല്‍ പൊതുവെ ദഹനപ്രശ്നങ്ങളുള്ളവര്‍ക്ക് കാപ്പി കഴിച്ചാല്‍ അത് അടുത്ത ഒമ്പത് മണിക്കൂര്‍ നേരത്തേക്ക് വരെ പ്രശ്നമാകാമത്രേ. അസിഡിറ്റി, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ പോലെ പല പ്രയാസങ്ങളുമുണ്ടാകാം. അതുപോലെ ഇത്തരക്കാരില്‍ ഉറക്കമില്ലായ്മയും ഇതുണ്ടാക്കാമത്രേ. 

രണ്ട്- ആംഗ്സൈറ്റി- അഥവാ ഉത്കണ്ഠയുള്ളവരും പാനിക് അറ്റാക്ക് പോലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കാറുള്ളവരും കാപ്പി ഒഴിവാക്കുന്നതാണത്രേ ഉചിതം. കാരണം അവരുടെ പ്രശ്നങ്ങള്‍ ഇരട്ടിക്കുന്നതിലേക്ക് കാപ്പി നയിക്കാം. 

മൂന്ന്- ഗര്‍ഭിണികള്‍ അല്ലെങ്കില്‍ മുലയൂട്ടുന്ന സ്ത്രീകള്‍ എന്നിവരാണ് കാപ്പി ഒഴിവാക്കേണ്ടത്. അവരില്‍ പലവിധ പ്രയാസങ്ങള്‍ക്കും കാപ്പി കാരണമാകുമെന്നതിനാലാണിത്.

എന്തായാലും ദിവസത്തില്‍ രണ്ട് കപ്പിലധികം കാപ്പി വേണ്ടെന്ന് തന്നെയാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. പാല്‍, ക്രീം, പഞ്ചസാര എന്നിവയുടെ അമിതോപയോഗവും കാപ്പിയില്‍ നല്ലതല്ല. അതുപോലെ ഭക്ഷണത്തിന് തൊട്ടുമുമ്പോ ശേഷമോ കാപ്പി കഴിക്കുന്നതൊഴിവാക്കി അല്‍പം ബ്രേക്ക് നല്‍കുന്നതും ഉചിതമാണ്. വര്‍ക്കൗട്ടിന്‍റെ കാര്യത്തിലും ഇങ്ങനെ തന്നെ. വര്‍ക്കൗട്ടിന് ഒരു മണിക്കൂര്‍ മുമ്പെല്ലാം കാപ്പി കഴിക്കുന്നതാണ് ഉചിതം. ശേഷമായാലും അങ്ങനെ തന്നെ.

Also Read:- തുടര്‍ച്ചയായ ചുമയും നെഞ്ചുവേദനയുമുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios