Asianet News Malayalam

കൊവിഡ് വ്യാപകമാകുമ്പോള്‍ വൃക്ക രോഗികള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

സാരമായ വൃക്കരോഗമുള്ളവരാണ് ഇക്കാര്യത്തില്‍ സൂക്ഷ്മമായ ശ്രദ്ധ പുലര്‍ത്തേണ്ടത്. ഇതില്‍ ഒരു വിഭാഗം മരുന്ന് കഴിച്ച് വീട്ടില്‍ തന്നെ തുടരുന്നവരായിരിക്കും. മറ്റൊരു വിഭാഗമാണെങ്കില്‍ ഡയാലിസിസ് ചെയ്യുന്നവരുമായിരിക്കും. ഇതില്‍ രോഗസാധ്യത കൂടുതലുള്ളത് തീര്‍ച്ചയായും ഡയാലിസിസ് രോഗികളില്‍ തന്നെയാണ്

things to care for kidney patients amid covid 19 spreading
Author
Trivandrum, First Published Apr 29, 2021, 8:26 PM IST
  • Facebook
  • Twitter
  • Whatsapp

കൊവിഡ് 19 രണ്ടാം തരംഗത്തില്‍ പതിന്മടങ്ങ് ശക്തിയിലാണ് വൈറസ് വ്യാപനം നടക്കുന്നത്. അതിനാല്‍ തന്നെ അനിയന്ത്രിതമാം വിധത്തിലാണ് രോഗികളുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചുവരുന്നത്. നേരത്തേ തന്നെ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഉള്ളവരാണെങ്കില്‍ അവര്‍ക്ക് രോഗം പകര്‍ന്നുകിട്ടാനും അത് തീവ്രമാകാനുമെല്ലാമുള്ള സാധ്യതകളേറെയാണെന്ന് നമുക്കറിയാം. 

ഇക്കൂട്ടത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ട വിഭാഗമാണ് വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവര്‍. കാരണം വൃക്കരോഗമുള്ളവരില്‍ രോഗ പ്രതിരോധവ്യവസ്ഥയുടെ പ്രവര്‍ത്തനം താരതമ്യേന കുറഞ്ഞിരിക്കും. അതിനാല്‍ തന്നെ അവര്‍ക്ക് എളുപ്പത്തില്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. 

സാരമായ വൃക്കരോഗമുള്ളവരാണ് ഇക്കാര്യത്തില്‍ സൂക്ഷ്മമായ ശ്രദ്ധ പുലര്‍ത്തേണ്ടത്. ഇതില്‍ ഒരു വിഭാഗം മരുന്ന് കഴിച്ച് വീട്ടില്‍ തന്നെ തുടരുന്നവരായിരിക്കും. മറ്റൊരു വിഭാഗമാണെങ്കില്‍ ഡയാലിസിസ് ചെയ്യുന്നവരുമായിരിക്കും. ഇതില്‍ രോഗസാധ്യത കൂടുതലുള്ളത് തീര്‍ച്ചയായും ഡയാലിസിസ് രോഗികളില്‍ തന്നെയാണ്. കാരണം അവര്‍ക്ക് വീട്ടില്‍ മാത്രമായി തുടരാനുള്ള സാഹചര്യമില്ലല്ലോ. 

എന്തായാലും വൃക്കരോഗമുള്ളവര്‍ എന്തെല്ലാം കാര്യങ്ങളാണ് പൊതുവില്‍ ശ്രദ്ധിക്കേണ്ടത് എന്ന് ഒന്ന് അറിഞ്ഞുവയ്ക്കാം. 

ഒന്ന്...

ആദ്യമായി വൃക്കരോഗത്തിന് മരുന്ന് കഴിച്ച് വീട്ടില്‍ തന്നെ തുടരുന്നവരുടെ കാര്യം പറയാം. സാമൂഹികാകലം പാലിക്കുക എന്നതിനാണ് ഇവര്‍ പ്രഥമപ്രാധാന്യം കൊടുക്കേണ്ടത്. 

 

 

ഇത് കൃത്യമായി പിന്തുടര്‍ന്നാല്‍ വലിയൊരു പരിധി വരെ രോഗഭീഷണിയില്‍ നിന്ന് മുക്തി നേടാം. കഴിയുന്നതും വീടിന്റെ ചുറ്റുപാട് വിട്ട് പുറത്തേക്ക് പോകാതിരിക്കണം. സാധനങ്ങള്‍ വാങ്ങിക്കാനോ, മറ്റ് കാര്യങ്ങള്‍ക്കോ മറ്റാരെയെങ്കിലും ആശ്രയിക്കുന്നതാണ് ഉത്തമം. 

പുറത്തുപോകുന്ന വീട്ടിലുള്ള മറ്റംഗങ്ങളുമായി പോലും സാമൂഹികാകലം പാലിക്കാന്‍ കരുതുക. ഇടയ്ക്ക് കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകി വൃത്തിയാക്കുക. നന്നായി വെള്ളം കുടിക്കുക. ആരോഗ്യകരമായ ഡയറ്റ് പിന്തുടരുക. ആരോഗ്യവസ്ഥകളെ ചൊല്ലി എന്തെങ്കിലും സംശയമോ ആശങ്കയോ തോന്നിയാല്‍ ഓണ്‍ലൈനായി ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യാന്‍ ശ്രമിക്കുക. 

രണ്ട്...

ഇനി വൃക്കരോഗത്തെ തുടര്‍ന്ന് ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പറയുന്നത്. പുറത്തേക്ക് പോകുമ്പോള്‍ നിര്‍ബന്ധമായും രണ്ട് ലെയറുകളുള്ള മാസ്‌ക് തന്നെ ധരിക്കുക. കയ്യുറ ധരിക്കുന്നതും വളരെ നല്ലതാണ്. മാസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുക. ഇപ്പോള്‍ കൊവിഡ് രോഗമുള്ളവരുടെ പരിശോധനാഫലം നെഗറ്റീവ് ആയി വരുന്ന പ്രശ്‌നവും ഉള്ളതിനാല്‍ ആര്‍ടിപിസിആര്‍ പരിശോധനാഫലത്തെ പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്ത് ആരോഗ്യകാര്യങ്ങളില്‍ അശ്രദ്ധ പുലര്‍ത്താതിരിക്കുക. 

സാമൂഹികാകലം പാലിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുകയേ അരുത്. പുറത്തുപോയി വരുന്നത് വരെ വളരെ ജാഗ്രതയോടെ മാത്രം ഓരോ നിമിഷവും തുടരുക. ഭയത്തെക്കാളധികം കരുതലാണ് സ്വയമെടുക്കേണ്ടത്. അതിന് വേണ്ടി മാനസികമായി തയ്യാറെടുക്കുക. നന്നായി വെള്ളം കുടിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ഡോക്ടര്‍ നിര്‍ദേശിച്ച മറ്റ് മരുന്നുകള്‍ കഴിക്കുക. കഴിയുന്നതും വീട്ടിനകത്തും ഐസൊലേഷനിലെ പോലെ തന്നെ തുടരുക.

മൂന്ന്...

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവരും ഈ ഘട്ടത്തില്‍ നല്ലതോതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ശസ്ത്രക്രിയയ്ക്ക് ശേഷം ഈ രോഗികള്‍ക്ക് നല്‍കിവരുന്ന ചില മരുന്നുകള്‍ രോഗ പ്രതിരോധവ്യവസ്ഥയുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കും. 

 

 

അതിനാല്‍ തന്നെ രോഗം പെട്ടെന്ന് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ നിര്‍ബന്ധമായും കഴിക്കേണ്ടതുണ്ട്. അത് മുടക്കിക്കൊണ്ട് കൊവിഡിനെ പ്രതിരോധിക്കാമെന്ന് കരുതരുത്. അത് നിലനിര്‍ത്തിക്കൊണ്ട് തന്നെ സാമൂഹികാകലം പാലിച്ചും, കഴിയുന്നതും ഒറ്റയ്ക്ക് ഒരു മുറിയില്‍ തുടര്‍ന്നുമെല്ലാം ഈ ആപത്ഘട്ടത്തെ അതിജീവിക്കാന്‍ ശ്രദ്ധിക്കുക. 

Also Read:- കൊവിഡ് 19; ജനിതകമാറ്റം വന്ന വൈറസുകളാണെങ്കില്‍ ലക്ഷണങ്ങളും മാറാം...

നാല്...

വൃക്കരോഗമുള്ളവര്‍ക്ക് അടക്കം പല രോഗമുള്ളവര്‍ക്കും വാക്‌സിനെടുക്കാമോ എന്ന സംശയം പലരും ഉന്നയിച്ചുകാണുന്നുണ്ട്. തീര്‍ച്ചയായും ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം കൂടി തേടിയ ശേഷം ഈ വിഭാഗത്തില്‍ പെടുന്നവര്‍ വാക്‌സിനെടുക്കേണ്ടതാണ്. വാക്‌സിന്‍ നല്‍കുന്ന ഉറപ്പ് ഇന്ന് മറ്റൊന്നിനും നല്‍കാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ വാക്‌സിനേഷന്‍ എല്ലാവരും ഉറപ്പാക്കുക. ആത്മവിശ്വാസത്തോടെ കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെ.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios